Sunday, August 12, 2012

ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് ഞാനെങ്ങനെ ചായപ്പെന്‍സില്‍ നല്‍കും?

ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് ഞാനെങ്ങനെ ചായപ്പെന്‍സില്‍ നല്‍കും?
(ഇസ്രായേല്‍ ജയിലില്‍ നിന്നൊരു കത്ത്)

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിച്ച സിന്‍തി മക്കിനി ഇപ്പോള്‍ ഇസ്രായേല്‍ ജയിലിലാണ്. ഗാസയിലേക്ക് സഹായ വസ്തുക്കള്‍ എത്തിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ജയിലറക്കുള്ളില്‍നിന്ന് സിന്‍തി എഴുതിയ കത്തിന്റെ സംഗ്രഹം

ഞാന്‍ സിന്‍തി മക്കിനി. റാംലെയിലെ ഇസ്രായേലി ജയിലിലെ 88794 നമ്പര്‍ തടവുകാരി. ഫലസ്തീനികള്‍ക്ക് സഹായവുമായി എത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരിലൊരാളാണ് ഞാന്‍. മരുന്നും കെട്ടിടനിര്‍മാണ സാമഗ്രികളും മുതല്‍ കുട്ടികള്‍ക്കുള്ള ക്രയോണ്‍ പെന്‍സില്‍ വരെ (എന്റെ കൈയില്‍ ഒരു സ്യൂട്ട്കേസ് നിറയെ ക്രയോണുകളുണ്ട്) ഉണ്ടായിരുന്നു ഞങ്ങളുടെ ബോട്ടില്‍. ഗാസയിലേക്ക് സഞ്ചരിക്കവേ ഇസ്രായേലി സൈനികര്‍ ബോട്ടിനുനേരെ നിറയൊഴിച്ചു. പിന്തിരിയാതായപ്പോള്‍ ഞങ്ങളെ തടവുകാരാക്കി. ഗാസയിലെ മനുഷ്യര്‍ക്ക് സഹായമെത്തിക്കാന്‍ ശ്രമിച്ചതിന് ഇവര്‍ ഞങ്ങളോട് ചെയ്യുന്നത് എന്തെന്ന് ലോകത്തോട് പറയാന്‍ മാത്രമാണ് ഈ എഴുത്ത്.

2008 ഡിസംബറില്‍ ഇസ്രായേല്‍ നടത്തിയ സൈനിക നടപടിക്കിടെയാണ് ഞാനാദ്യം ഗാസയില്‍ കടക്കാന്‍ ശ്രമിച്ചത്. മൂന്ന് ടണ്‍ മരുന്നുകളുമായായിരുന്നു ഞാനുള്‍പ്പെട്ട ബഹുരാഷ്ട്ര പ്രതിനിധിസംഘം എത്തിയത്. എന്നാല്‍, അവര്‍ ഞങ്ങളെ ആക്രമിച്ചു.
അന്ന്, സാധാരണ ജനങ്ങള്‍ക്ക് മേല്‍ അമേരിക്ക നല്‍കിയ എഫ് 16 വിമാനങ്ങള്‍ ഉപയോഗിച്ച് മരണം വര്‍ഷിക്കുകയായിരുന്നു ഇസ്രായേല്‍. പൂര്‍ണാര്‍ഥത്തില്‍ ഒരു വംശഹത്യ. മാരകമായ വൈറ്റ് ഫോസ്ഫറസ്, ഡിപ്ലീറ്റഡ് യുറേനിയം, റോബോട്ട് സാങ്കേതികവിദ്യ, ക്ലസ്റ്റര്‍ ബോംബുകള്‍^എല്ലാം അമേരിക്ക നല്‍കിയിരുന്നു. അന്ന് രോഗികള്‍ തങ്ങളെ തേടിയെത്തിയത് അതുവരെ കാണാത്തതരം പരിക്കുകളുമായായിരുന്നെന്ന് നോര്‍വീജിയന്‍, ജോര്‍ദാനിയന്‍ ഡോക്ടര്‍മാര്‍ പിന്നീടെന്നോട് പറഞ്ഞു.
അല്‍ജസീറയും ഇറാന്റെ പ്രസ് ടി.വിയും മാത്രമാണ് ആ അരുംകൊല ലോകത്തെ കാണിച്ചത്. ലബനാനിലിരുന്നാണ് ഞാനാ കാഴ്ചകള്‍ കണ്ടത്. ഗാസയില്‍ കടക്കാനുള്ള എന്റെ ആദ്യശ്രമത്തിനിടെ. ഇസ്രായേല്‍ സേന, രാജ്യാന്തര ജലാതിര്‍ത്തിയിലായിരുന്ന ഞങ്ങളുടെ ബോട്ടിനെ ആക്രമിച്ചതിനെ തുടര്‍ന്നാണ് ഞാന്‍ ലബനാനിലെത്തിയത്. നിങ്ങളോട് സംസാരിക്കാന്‍ ഞാനിപ്പോള്‍ ശേഷിച്ചത് അദ്ഭുതംകൊണ്ട് മാത്രമാണ്.

ക്രിമിനല്‍കുറ്റം ചെയ്തെന്ന് കുമ്പസാരം നടത്താനാണ് ഇസ്രായേല്‍ അധികൃതര്‍ ഇപ്പോള്‍ ഞങ്ങളോട് ആവശ്യപ്പെടുന്നത്. ഈ തടവറയില്‍നിന്ന് ഞാനെങ്ങനെയാണ് ഫലസ്തീന്‍ കുഞ്ഞുങ്ങള്‍ക്ക് ക്രയോണ്‍സ് നല്‍കേണ്ടത്?

മനുഷ്യാവകാശങ്ങളില്‍ അഗാധമായി വിശ്വസിക്കുന്നവര്‍ക്ക് നേരെ പോലും ഈ നരാധമത്വം തുടരുന്ന സയണിസം എല്ലാ നീതിബോധത്തെയും തൃണവല്‍ഗണിക്കുകയാണ്. ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് ക്രയോണ്‍ ലഭിക്കുന്നത് സുരക്ഷാകാരണങ്ങളാല്‍ ഭയക്കുന്ന ഇസ്രായേല്‍ ഒരു തോറ്റ രാജ്യമെന്ന് തന്നെ പറയേണ്ടിവരും.

തോക്കിന്‍കുഴലിലാണ് അവര്‍ ഞങ്ങളെ ഇവിടെ എത്തിച്ചത്. ഞങ്ങളുടെ താല്‍പര്യപ്രകാരമല്ല അത്. സ്ഫോടനത്തില്‍ തകര്‍ന്ന ഗാസയിലെ വീടുകള്‍ പുനര്‍നിര്‍മിക്കണമെന്ന്, ഗാസയുടെ മുറിവുകള്‍ ഉണങ്ങണമെന്ന്, ഗാസയിലെ കുഞ്ഞുങ്ങള്‍ ചിത്രം വരക്കണമെന്ന് സ്വപ്നം കണ്ടു എന്ന ഒറ്റ തെറ്റിനാണ് എന്നെ തടവിലിട്ടത്.

എന്നെപ്പോലെ, ഗര്‍ഭിണിയായ എന്റെ സഹതടവുകാരിയെപ്പോലെ, ഈ തടവറയില്‍ കിടക്കുന്ന മറ്റു തടവുകാര്‍ക്കും ഇത്തരം സ്വപ്നങ്ങളുണ്ട്. എത്യോപ്യയില്‍നിന്നുള്ള കറുത്തുമെലിഞ്ഞ യുവതികളാണ് തടവറയിലേറെയും. അമേരിക്കയുടെ സാമ്രാജ്യമോഹമാണ്, ഒരിക്കല്‍ അഭിമാനപൂര്‍വം തലയുയര്‍ത്തിയ എത്യോപ്യക്കാരെ പീഡനമുറികളിലേക്കെത്തിച്ചത്. സ്വന്തം നാട്ടില്‍ അമേരിക്ക സൃഷ്ടിക്കുന്ന അടിമത്തം ഭയന്ന് വിശുദ്ധ നാടെന്ന സ്വപ്നത്തിലേക്ക് വന്നവരാണവര്‍. സ്വപ്നം കണ്ടെന്നത് മാത്രമാണ് അവര്‍ ചെയ്ത തെറ്റ്. സുഡാനും ഈജിപ്തും കടന്ന് അവര്‍ ഇവിടെയെത്തിയത് സ്വപ്നങ്ങള്‍ക്കൊപ്പമാണ്. യു.എന്‍ അഭയാര്‍ഥി കമീഷന്‍ നല്‍കിയ പോലിസ് സംരക്ഷണത്തിനുള്ള സര്‍ട്ടിഫിക്കറ്റുകളുമായി എത്തിയവരാണ് അവര്‍. ദുരന്ത അഭയാര്‍ഥികള്‍. ഇസ്രായേല്‍ അവരോട് പറയുന്നു, ഇവിടെ യു.എന്‍ ഇല്ലെന്ന്!

സ്വന്തം കുടുംബത്തിന്റെ നിറഞ്ഞ പ്രതീക്ഷയാണ് ഭാഗ്യം തേടിയെത്തിയ ഈ സുന്ദരികളായ എത്യോപ്യന്‍ തടവുകാര്‍. ലോകത്തിലെ ജൂത, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് അഭയസ്ഥാനമേകുന്നുവെന്ന ഇസ്രായേലി പ്രചാരണം വിശ്വസിച്ചാണ് അവരെത്തിയത്. എന്നാല്‍, ഇസ്രായേല്‍ ലോകത്തെ വഞ്ചിച്ചു. ഈ യുവതികളുടെ കുടുംബത്തോട് നുണ പറഞ്ഞു. ഈ യുവതികളോട് നുണപറഞ്ഞു.

ആറുമാസമായി ഇവിടെ കിടക്കുന്ന എന്റെ സഹതടവുകാരി ഇന്നലെ വിങ്ങിക്കരയുന്നത് കണ്ടു. അമേരിക്കക്കാരി എന്ന നിലയില്‍ അവര്‍ക്കൊപ്പം കരഞ്ഞാല്‍ മാത്രം മതിയാവില്ല എനിക്ക്. അമേരിക്കന്‍ നയങ്ങളാണ് അവരെ ഇങ്ങനെയാക്കിയത്. ആ നയങ്ങള്‍ കുറേക്കൂടി മാനുഷികമാക്കുകയാണ് വേണ്ടത്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ അമേരിക്കയിലെ വന്‍കിടക്കാര്‍ക്ക് 12.8 ലക്ഷം കോടി കൊടുത്ത പ്രസിഡന്റ് ഒബാമയുടെ 'അതെ, നമുക്ക് കഴിയും' എന്ന മുദ്രാവാക്യവും ഇസ്രായേല്‍ നടത്തുന്നത് പോലൊരു പ്രചാരണം മാത്രമാണ്. എല്ലാവരെയുമത് വഞ്ചിക്കുന്നു. പ്രത്യേകിച്ചും ഈ യുവതികളെ. തങ്ങള്‍ ഇരകളാക്കിയ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഈ പാവങ്ങള്‍ക്ക് വേണ്ടി ഇനിയെങ്കിലും അമേരിക്കയും യൂറോപ്പും ചിന്തിക്കണം.

ഡോ. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ ബര്‍മിംഗ്ഹാം ജയിലില്‍നിന്നെഴുതിയ കത്ത് എത്രയോ തവണ ഞാന്‍ വായിച്ചിട്ടുണ്ട്. അത്തരമൊന്ന് എനിക്കെഴുതേണ്ടിവരുമെന്നത് പക്ഷേ, എന്റെ വന്യഭാവനയില്‍പോലുമുണ്ടായിട്ടില്ല.

ഞാനില്ലാതെ എന്റെ മകന്‍ അവന്റെ നിയമപഠനം തുടങ്ങിയിരിക്കണം. ഞാന്‍ ജയിലിലാണ്. മറ്റ് കുഞ്ഞുങ്ങള്‍ക്ക് നല്ലത് വരുത്താന്‍ ശ്രമിച്ചതിന്. പ്രിയപ്പെട്ട മകനേ, എന്നോട് ക്ഷമിക്കൂ.

സത്യത്തില്‍, എന്തുകൊണ്ട് മനുഷ്യര്‍ സ്വപ്നം കാണണമെന്ന് പഠിപ്പിക്കുന്ന കടും യാഥാര്‍ഥ്യങ്ങളാണ് ഞാനിപ്പോള്‍ അനുഭവിക്കുന്നത്. പക്ഷേ, ഞാന്‍ ഭാഗ്യവതിയാണ്. എനിക്കിവിടം വിടാനാവും. എന്നാല്‍, സ്വപ്നങ്ങള്‍ മരിക്കുന്ന നാടായല്ലേ ഇസ്രായേല്‍ മാറിയത്? ഫലസ്തീന്‍കാരോട് ചോദിച്ചുനോക്കൂ. ഇവിടെയുള്ള കറുത്തവരോട്. ഏഷ്യക്കാരോട്. എന്റെ സെല്ലിലെ സ്ത്രീകളോട്. സ്വയം ചോദിച്ചുനോക്കൂ, എന്ത് ചെയ്യാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന്?

നമുക്ക് ഒന്നിച്ച് ലോകത്തെ മാറ്റാം. മനുഷ്യനെന്ന നിലയില്‍ അനിവാര്യമായ അന്തസ്സിനായി വീണ്ടും ആവശ്യപ്പെടാം. 'വിശുദ്ധ നാടി'ന്റെ രക്ഷകരെന്ന ഇസ്രായേലി പ്രചാരണത്തില്‍ വിശ്വസിച്ച ഒറ്റ തെറ്റിനാല്‍ ഒരുതെറ്റും ചെയ്യാതെ നരകിക്കുന്ന ഈ സ്ത്രീകള്‍ക്ക് സുരക്ഷിതവാസം ഐക്യരാഷ്ട്രസഭ ഉറപ്പാക്കണം.

പ്രിയ പ്രസിഡന്റ് ഒബാമ, ദയവ് ചെയ്ത് ഗാസയിലൊന്ന് പോവുക. പ്രത്യേക പ്രതിനിധി ജോര്‍ജ് മിചലിനെ അവിടെ അയക്കുക. ഫലസ്തീന്‍ ജനതയുടെ താല്‍പര്യപ്രകാരം ഹമാസിനെ ഭരിക്കാന്‍ ഇനിയെങ്കിലും അനുവദിക്കുക.
(മൊഴിമാറ്റം: കെ.പി. റഷീദ് )

കത്തിന്റെ പൂര്‍ണരൂപം വായിക്കാനും ഓഡിയോ കേള്‍ക്കാനും

http://freegaza.org/it/home/56-news/984-a-message-from-cynthia-from-a-cell-block-in-israel

No comments:

Post a Comment