Sunday, May 24, 2009

വെടിയൊച്ചയേക്കാള്‍ മുഴക്കമുള്ള മൌനം

സി. ദാവൂദ്

അടുത്ത ഒന്നു രണ്ടു ദിവസങ്ങളായി ഇന്റര്‍നെറ്റില്‍ യൂട്യൂബ് വഴി വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ ചിത്രമുണ്ട്; ബീമാപള്ളി പ്രദേശത്തെ കടപ്പുറത്ത് കൂടി ഒരു ഡസനിലേറെ പേരുള്ള പോലിസുകാരുടെ സംഘം ഒരു ചെറുപ്പക്കാരന്റെ (മൃത?)ശരീരം, ചത്ത പശുവിനെ കുഴിയിലേക്കെന്നവണ്ണം, നിസ്സങ്കോചം മണലിലൂടെ വലിച്ചുകൊണ്ടു പോകുന്നതാണ് ചിത്രം.



ആഫ്രിക്കയിലും മറ്റും നടക്കുന്ന ആഭ്യന്തര കലാപങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൃദയം തുളക്കുന്ന അത്തരം ദൃശ്യങ്ങള്‍ സാധാരണ കാണാറുള്ളത്. ഗാസയിലെ പട്ടാളക്കാര്‍ തിരുവനന്തപുരത്തുമെത്തിയോ എന്ന് ഒരുപക്ഷേ, ശങ്കിച്ചുപോകാവുന്ന രംഗം. പരസ്പരമുള്ള സംസാരങ്ങള്‍ ഒട്ടുമേ വ്യക്തമല്ലാത്തവിധം കാക്കകളുടെ കൂട്ടക്കരച്ചിലാണ് പശ്ചാത്തലത്തില്‍. ഇങ്ങനെയൊരു ചെയ്തി കാക്കകള്‍ക്ക് പോലും സഹിക്കാന്‍ പറ്റാത്തതുപോലെ. അവ ബഹളംവെച്ച് കൂട്ടത്തോടെ പിന്നാലെ കൂടുന്നു. ആദിമനുഷ്യന്‍ ആദാമിന്റെ മകന്‍ ഹാബീല്‍ കൊല ചെയ്യപ്പെട്ടപ്പോഴും ഒരു കാക്ക തന്നെയായിരുന്നു സാക്ഷി.

ഇത് വല്ലാത്തൊരു അന്തംകെട്ട അദ്ഭുതം തന്നെ. ഒരു ലാത്തിച്ചാര്‍ജ് പോലും വലിയ രാഷ്ട്രീയ, മാധ്യമ കോളിളക്കം സൃഷ്ടിക്കുന്ന ഈ കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പോലിസ് വെടിവെപ്പ് മൌനത്തിന്റെ കാതടപ്പിക്കുന്ന ശബ്ദത്താല്‍ ആര്‍ക്കും കേള്‍ക്കാന്‍ കഴിയാതെ പോവുന്നു. ഒന്നോര്‍ത്തു നോക്കൂ: ഒരു ആദിവാസി യുവാവ് കൊല്ലപ്പെട്ട മുത്തങ്ങ വെടിവെപ്പ് കേരളത്തില്‍ സൃഷ്ടിച്ച തിരമാലകള്‍, മന്ത്രിയെ റോഡില്‍ തടയാന്‍ വന്ന കൂത്തുപറമ്പിലെ ചെറുപ്പക്കാര്‍ക്കു നേരെ നടന്ന വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഉണ്ടായ അക്രമപരമ്പരകള്‍; മാധ്യമ വാര്‍ത്താ/വിശകലനങ്ങളുടെ പ്രളയപ്പാച്ചില്‍; എന്തിന്, അരനൂറ്റാണ്ട് മുമ്പ് ഇതേ തിരുവനന്തപുരത്തെ മറ്റൊരു കടപ്പുറത്ത് ഫ്ലോറി എന്ന യുവതി ഇ.എം.എസിന്റെ പോലിസിനാല്‍ വെടിയേറ്റ് മരിച്ചത് ഇന്നും കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു സവിശേഷ അധ്യായമായി നിലനില്‍ക്കുന്നത്; അതേ കേരളത്തില്‍ തന്നെയാണ് തലസ്ഥാനനഗരിയില്‍ രായ്ക്കു രാമാനം ആറ് മനുഷ്യജീവനുകള്‍ ഭരണകൂട ഏജന്‍സിയുടെ കൈയാല്‍ നിന്നനില്‍പില്‍ പൊലിഞ്ഞു തീരുന്നത്. ഒരു ഇല പോലും അനങ്ങിയില്ല; ഒരു തിസീസും പുതുതായി ജനിച്ചില്ല; ഒരു ടോക് ഷോയും ടി.വി സ്റ്റുഡിയോകളില്‍ സെറ്റ് ചെയ്യപ്പെട്ടില്ല. തലസ്ഥാനനഗരിയില്‍ ബുദ്ധിജീവികള്‍ക്ക് പഞ്ഞമില്ല. മാധ്യമകുബേരന്മാരുടെ വിഹാര ഭൂമിയാണവിടെ. ചാനല്‍ കുമാരീ കുമാരന്മാരെക്കൊണ്ട് വഴി നടക്കാന്‍ പറ്റാത്ത നഗരം. സ്നേഹം എന്നൊക്കെപ്പറഞ്ഞ് ആളെ കോഴിയാക്കുന്ന സിനിമാക്കാര്‍, കലാകാരന്മാര്‍, എഴുത്തുകാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, പാട്ടുകാര്‍, സകലകലാവല്ലഭന്മാര്‍ എല്ലാം വന്നടിഞ്ഞുകിടക്കുന്ന മഹാനഗരം. നഗരമധ്യത്തില്‍ നിന്ന് അരമണിക്കൂര്‍ പോലും വേണ്ട ബീമാപള്ളിയില്‍ ഒന്നു പോയി വരാന്‍. മാറാട്ടും പാനൂരും പാട്ടുത്സവങ്ങളും സാംസ്കാരിക ജുഗല്‍ബന്ദികളും സംഘടിപ്പിച്ച വീരശിരോമണികള്‍ പക്ഷേ, ബീമാ പള്ളിയോ; അതങ്ങ് ചൊവ്വാ ഗ്രഹത്തിലല്ല്യോ എന്ന മട്ടിലാണ്. ലെസ്ബിയന്‍, ഗേ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിവരെ പ്രബന്ധങ്ങളും പ്രക്ഷോഭങ്ങളുമായി രംഗത്തുവരാറുള്ള മനുഷ്യാവകാശക്കാരും ആക്ടിവിസ്റ്റുകളും ബീമാപള്ളിയെക്കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞില്ല.

എന്തുകൊണ്ടാണ് കേരളീയരായ ആറ് മനുഷ്യര്‍ വെടിയേറ്റ് മരിച്ചു വീണിട്ടും, അതിന്റെ എത്രയോ ഇരട്ടി പേര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ പറ്റാത്തവിധം ജീവച്ഛവങ്ങളായിട്ടും അത് ഒരു വിഷയമേ ആവാതെ പോവുന്നത്? കാരണം വ്യക്തം; അവര്‍ കേരളീയരാണെന്നത് നാലാമതോ അഞ്ചാമതോ ആയി വരുന്ന കാര്യം മാത്രമാണ്. അവര്‍ കടപ്പുറത്തുകാരാണ്, പരമദരിദ്രരാണ്, ഒരു സംഘടനയുമായും ബന്ധമില്ലാത്തവരാണ്. അവരുടെ ജീവന്‍ പരിഗണിക്കപ്പെടേണ്ട ഒന്നാണെന്ന് കേരളത്തിന്റെ പൊതുബോധം മനസ്സിലാക്കുന്നില്ല. ഭരണകൂടത്തിന്റെ തോക്കിന് എളുപ്പത്തില്‍ എത്തിപ്പിടിക്കാന്‍ പറ്റുന്ന ലക്ഷ്യങ്ങളാണവര്‍. അവര്‍ ഇത്രയും കാലം ജീവിച്ചതു തന്നെ ഞങ്ങളുടെയൊക്കെ ഔദാര്യത്തില്‍ എന്നായിരിക്കും രാഷ്ട്രീയ, മാധ്യമ, സാംസ്കാരിക രംഗത്തുള്ള കുബേരന്മാര്‍ വിചാരിച്ചു കൊണ്ടിരിക്കുന്നത്.

ബീമാപള്ളിയില്‍ എന്താണ് നടന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ചില മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതു പോലെ വന്‍ തീവ്രവാദ ഗൂഢാലോചന തകര്‍ക്കുന്നതിന്റെ ഭാഗമായാണ് അവിടെ വെടിവെപ്പ് നടന്നതെങ്കില്‍ അതും ജനങ്ങള്‍ അറിയട്ടെ (ലോഞ്ചര്‍ ബോംബുകള്‍ വരെ അക്രമികളുടെ കൈവശം ഉണ്ടായിരുന്നുവെന്നാണ് ഒരു കോട്ടയം പത്രം എഴുതിക്കളഞ്ഞത്. എങ്കില്‍ അതിന്റെ അവശിഷ്ടമെങ്കിലും കണ്ടുപിടിച്ച് ഉറവിടം കണ്ടെത്തേണ്ട ഉത്തരവാദിത്തം പോലിസിനുണ്ട്) ഉസാമ ബിന്‍ ലാദനും 'അല്‍കൊയ്ത'യും അവിടെ അതീവ രഹസ്യമായി ഓപറേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതും ജനങ്ങളറിയണമല്ലോ. നമ്മുടെ തലസ്ഥാന നഗരിയില്‍ വരെ കയറിക്കളിക്കാന്‍ 'അല്‍കൊയ്ത'ക്ക് കഴിഞ്ഞെങ്കില്‍ പിന്നെയെന്തിനാണ് ആഭ്യന്തര മന്ത്രിയെന്ന് പറഞ്ഞ് ഒന്ന് അവിടെ രാപ്പാര്‍ക്കുന്നു?

മാധ്യമശിരോമണികള്‍ ഇപ്പോള്‍ പുതിയൊരു തിസീസുമായി രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിലെ മാധ്യമങ്ങള്‍ ഒരു തരം സ്വയം പ്രഖ്യാപിതസംയമനം പാലിക്കുകയായിരുന്നുവത്രേ. ഇതു നല്ല ചേല്. അഞ്ചാറെണ്ണത്തിനെ വെടിവെച്ച് വീഴ്ത്തുക; അവരുടെ ജഡം ചത്ത അറവുമാടുകളെ കൊണ്ടുപോകുന്നതുപോലെ വലിച്ചു കൊണ്ടുപോവുക, വെടിയേറ്റു വീണവരെ രക്ഷിക്കാന്‍ വന്നവരെപ്പോലും വെടിവെച്ച് വീഴ്ത്തുക-എന്നിട്ട് അതിനെക്കുറിച്ച് കമ മിണ്ടാതിരിക്കുക; അതിനെ ആത്മസംയമനം എന്നൊരു തിസീസ് കൊണ്ട് സൈദ്ധാന്തികവത്കരിക്കുക. ബീമാപള്ളിക്കാര്‍ ഇവരില്‍ പലരെയും പോലെ ബുദ്ധിജീവികളല്ലെങ്കിലും സാമാന്യ ബുദ്ധിയുള്ളവരാണ്. ഇവര്‍ പറയുന്നതെന്താണെന്ന് അവര്‍ക്ക് ശരിക്കും മനസ്സിലാകുന്നുണ്ട്. സത്യമായും തങ്ങളെ മനുഷ്യഗണത്തില്‍ ഉള്‍പ്പെടുത്താന്‍ വൈമനസ്യമുള്ള ഒരു വര്‍ഗത്തിന്റെ കൈയിലാണ് നമ്മുടെ സാംസ്കാരിക, മാധ്യമ, രാഷ്ട്രീയനേതൃത്വം എന്ന വേദനിപ്പിക്കുന്ന സത്യം ഇത്രയും തെളിമയില്‍ വെളിച്ചത്തുവന്ന അനുഭവം ഇതിനു മുമ്പുണ്ടായിട്ടില്ല. അതിനാല്‍ ബീമാപള്ളി സംഭവം വലിയൊരു സൂചകമാണ്. അതിലെ ഉള്ളറിവുകള്‍ അതിന്റെ ഇരകളായ സമൂഹം മനസ്സില്‍ സൂക്ഷിക്കുക തന്നെ ചെയ്യും.

ബീമാപള്ളി സംഭവത്തിന്റെ പേരില്‍ നാട്ടില്‍ മുഴുവന്‍ വിദ്വേഷം സൃഷ്ടിക്കണമെന്നല്ല പറയുന്നത്. കൂത്തുപറമ്പ് രക്തസാക്ഷികളെ വെച്ച് സി.പി.എമ്മും ഫ്ലോറിയെ വെച്ച് കോണ്‍ഗ്രസുകാരും കേരളമാകെ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ ആവര്‍ത്തിക്കണമെന്നുമല്ല. അങ്ങനെയുണ്ടാവാതിരിക്കാന്‍ ഏറ്റവും ശ്രമിച്ചത് മുസ്ലിം സംഘടനാനേതൃത്വം തന്നെയാണ്. വെടിയേറ്റ് മരിച്ചവരുടെ വീടുകളും പരിക്കേറ്റവര്‍ കിടക്കുന്ന ആശുപത്രിയും സന്ദര്‍ശിച്ച ശേഷം അവര്‍ പോയത് ലത്തീന്‍ കത്തോലിക്കരുടെ അരമനയിലേക്കാണ്. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്നമല്ല ഇതെന്നും അങ്ങനെയാവരുതെന്നും ശക്തമായ നിലപാടെടുത്തവരാണവര്‍. പക്ഷേ, ആത്മസംയമനത്തിന്റെ വീമ്പുവിളമ്പുന്ന മാധ്യമ വീരസ്വാമിമാര്‍ അതുപോലും വാര്‍ത്തയാക്കിയില്ല.

വമ്പിച്ച പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന ഇത്രയും ഭീകരമായ ഒരു സംഭവം അതും അതിവൈകാരികര്‍ ധാരാളം വസിക്കുന്ന ഒരു കടലോര കോളനിയില്‍ നടന്നിട്ടും മുസ്ലിം സമുദായ നേതൃത്വവും സംഘടനകളും കാണിച്ച അത്യന്തം അവസരോചിതമായ ഇടപെടലുകളെ പേരിനെങ്കിലും ഒന്നു പ്രശംസിക്കാന്‍ ആത്മസംയമന വീരന്മാരും ബുദ്ധിജീവി ഗോസായിമാരും രാഷ്ട്രീയ, ഭരണ നേതൃത്വവും ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ എന്നത് ഒരു കനലായി തന്നെ നിലനില്‍ക്കും. നമ്മുടെ പൊതുസമൂഹത്തിന്റെയും അതിന്റെ സാംസ്കാരിക, മാധ്യമ, രാഷ്ട്രീയ നേതൃത്വത്തിന്റെയും യഥാര്‍ഥ മുഖമെന്തെന്ന് നമുക്ക് പച്ചക്ക് തിരിച്ചറിയാന്‍, ആ തിരിച്ചറിവുകള്‍ കെടാതെ കാത്തുപോരാന്‍ ബീമാപള്ളി സംഭവം ശരിക്കും ഉപകരിച്ചു എന്നുറപ്പിക്കാം.

ബീമാപ്പള്ളിവെടിവെപ്പ് ചട്ടലംഘനം

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍


ആറുപേരുടെ മരണത്തിനിടയാക്കിയ ബീമാപള്ളി ചെറിയതുറ വെടിവെപ്പും അതിനിടയായ സാഹചര്യങ്ങളും സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയുടെ സേവനം തന്നെ ലഭ്യമാക്കണം. ഇതുസംബന്ധിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സംസ്ഥാനസര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ജഡ്ജിയുടെ സേവനം ലഭിക്കും.

മനുഷ്യാവകാശം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ ഇത് ലംഘിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാന്‍ പാടില്ല. കേരളത്തിന് അപമാനകരമാണിത്. എത്ര വലിയ അനിഷ്ട സംഭവങ്ങളുണ്ടായാലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ പോലിസ് ആക്ഷന്‍ അനുവദിക്കപ്പെടാന്‍ പാടില്ല.

ചെറിയതുറയില്‍ മജിസ്ട്രേറ്റിന്റെ അനുമതിയോ സാന്നിധ്യമോ ഇല്ലാതെ പോലിസ് വെടിവെപ്പ് നടത്തിയത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്. ഞാന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. രണ്ട് ആര്‍.എസ്.പി പ്രവര്‍ത്തകരെ പോലിസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് പോലിസിന് ഒരുകാലത്തും വെടിവെക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് ചില ഔദ്യോഗികപരിപാടികളില്‍ പങ്കെടുക്കുന്നതിനിടെ ഞാന്‍ ഇറക്കിയ ഉത്തരവിന് ഇവിടെ പ്രസക്തിയുണ്ട്. തൊഴിലാളി സംഘടനകളുടെ മാര്‍ച്ചുമായി ബന്ധപ്പെട്ടായിരുന്നു അന്ന് വെടിവെപ്പുണ്ടായത്. നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ വെടിവെപ്പ് വേണ്ടിവന്നാല്‍ അരക്ക് താഴെ മാത്രമേ വെടിവെക്കാവൂവെന്നും ഉത്തരവിറക്കിയിരുന്നു. നിര്‍ഭാഗ്യകരമെന്നുപറയട്ടെ,

ചെറിയതുറയില്‍ മരിച്ചവരില്‍ പലരുടെയും കഴുത്തിന് വരെ വെടിയേറ്റിട്ടുള്ളതായാണ് പ്രാഥമിക അന്വേഷണത്തില്‍ അറിയാനായത്. ഇത്തരം സംഭവങ്ങള്‍ പോലിസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയായി മാത്രമേ കാണാനാവൂ. വെടിവെക്കുന്നത് സംബന്ധിച്ച് അന്ന് താനിറക്കിയ ഉത്തരവ് ഇനിയെങ്കിലും പ്രാബല്യത്തില്‍ വരുത്തണം. പോലിസിന്റെ വെടിയേറ്റ് ഒരാളും മരിക്കാന്‍ പാടില്ല. മനുഷ്യാവകാശം സംരക്ഷിക്കേണ്ടവരാണ് പോലിസുകാര്‍. അവര്‍ മനുഷ്യാവകാശങ്ങളെ ലംഘിക്കരുത്.

ചെറിയതുറ സംഭവം അതിദാരുണമായിപ്പോയി. ഇതേക്കുറിച്ച് വ്യക്തവും വിശദവുമായ അന്വേഷണം വേണം. ജുഡീഷ്യല്‍ അന്വേഷണം തന്നെയാണ് അനിവാര്യമായത്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് നല്ലതാണ്. ധനസഹായം ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും മരിച്ചവരുടെ കുടുംബത്തിന് എത്രയും വേഗം നല്‍കണം. ഒപ്പം ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം. പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ള മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം. തീരുമാനം വൈകരുത്.

Friday, May 15, 2009

മനുഷ്യാവകാശത്തെ ചവിട്ടിമെതിച്ച രണ്ടു വര്‍ഷം

കെ.എം. റോയ്

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ജനഹിതം അറിയുന്നതിന് തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനമായ പൌരാവകാശങ്ങള്‍ നഗ്നമായി പിച്ചിച്ചീന്തുന്ന പ്രഹസനങ്ങള്‍ മറുഭാഗത്ത് നടക്കുന്നത് ജനങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ല. ഭരണകര്‍ത്താക്കളുടെ അനുമതിയോടെ നിയമപാലകര്‍ നടത്തിക്കൊണ്ടിരിക്കുന്ന പൌരാവകാശ ധ്വംസനങ്ങള്‍ അനുദിനമെന്നോണം വര്‍ധിക്കുകയാണെന്നു തോന്നുന്നു.

ക്രൂരമായ ഈ പൌരാവകാശധ്വംസനത്തിന്റെ കാണപ്പെട്ട രൂപമായി ഡോ. ബിനായക്സെന്‍ സമൂഹത്തിന്റെ മുന്നില്‍ ഉയര്‍ന്നുനില്‍ക്കുകയാണ്. ഛത്തീസ്ഗഢ്സംസ്ഥാനത്തെ റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഡോ. സെന്‍ കിടക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് (മെയ് 14) രണ്ടുവര്‍ഷം തികയുകയാണ്. ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ മോചനത്തിനായി ഇന്ത്യയോട് അഭ്യര്‍ഥിച്ചുകഴിഞ്ഞു. പൌരാവകാശങ്ങള്‍ക്കുവേണ്ടി പുരപ്പുറത്തുകയറിനിന്ന് സദാ പ്രസംഗിക്കുന്ന ഭാരതീയ ജനതാപാര്‍ട്ടി നേതാവ് ലാല്‍കൃഷ്ണ അദ്വാനിയുടെ പാര്‍ട്ടിയാണ് ഛത്തീസ്ഗഢ് ഭരിക്കുന്നത്. ഡോ. സെന്നിന്റെ കാര്യത്തില്‍ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി പോലും അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്നാണ് ഇപ്പോഴത്തെ കടുത്ത വിമര്‍ശം.

ഛത്തീസ്ഗഢിലെ ആദിവാസികള്‍ക്കിടയിലും ഖനിത്തൊഴിലാളികള്‍ക്കിടയിലും സാമൂഹികപ്രതിബദ്ധതയോടെ നഗ്നപാദനായി നടന്ന് സേവനമനുഷ്ഠിച്ച ഡോ. സെന്നിനെ മാവോയിസ്റ്റ് ചിന്താഗതിക്കാരനാണെന്ന് ആരോപിച്ചുകൊണ്ടാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചിരിക്കുന്നത്. മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (പി.യു.സി. എല്‍) ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് ഡോ. സെന്‍.

ഛത്തീസ്ഗഢിലെ ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നക്സലൈറ്റുകള്‍ എന്നറിയപ്പെടുന്ന മാവോയിസ്റ്റുകളുമായി ബന്ധപ്പെടുന്നു എന്ന കുറ്റമാരോപിച്ചാണ് ഡോ. സെന്നിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനരീതികളോട് തനിക്ക് ഒരു യോജിപ്പുമില്ലെന്ന് തുറന്നുപറഞ്ഞ ഡോ. സെന്‍ അവര്‍ക്കെതിരെ പലതവണ പരസ്യമായി പ്രസംഗിക്കുകയുണ്ടായിട്ടുണ്ട്. മാവോയിസ്റ്റ് നേതാവായ നാരായണ സന്യാല്‍ രോഗബാധിതനായ അവസരത്തില്‍ ജയിലില്‍ ചെന്ന് ചികില്‍സിച്ചത് ഡോ. സെന്നാണ് എന്നതിന്റെ പേരിലാണ് മാവോയിസ്റ്റ് ബന്ധം ഡോ. സെന്നിന്റെ പേരില്‍ ആരോപിക്കപ്പെട്ടത്. ഒരാളെ കല്‍ത്തുറുങ്കിലടക്കാന്‍ ഭരണകൂടത്തിനും നിയമപാലകര്‍ക്കും എന്തെന്തു കള്ളക്കഥകളാണ് മെനഞ്ഞെടുക്കാന്‍ കഴിയാത്തത്?

അതിന്റെ പിന്നിലുള്ള യഥാര്‍ഥ കാരണം അതൊന്നുമായിരുന്നില്ല. ഭൂപ്രഭുക്കളുടെയും ഭരണാധികാരികളുടെയും അതിനഗ്നമായ ചൂഷണത്തില്‍നിന്ന് മോചനം നേടാനാണ് ഛത്തീസ്ഗഢിലെ ഒരുവിഭാഗം ആദിവാസികള്‍ ചില തീവ്രവാദി നേതാക്കളുടെ കീഴില്‍ ആയുധം കൈയിലെടുത്ത് പൊരുതുന്നവരായി മാറിയത്. അവര്‍ ചില പ്രത്യേകമേഖലകളില്‍ ഇന്ന് ശക്തമാണ്. ഈ പൊതുതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അലങ്കോലപ്പെടുത്തുന്ന ചില ആക്രമണങ്ങളും ഈയിടെ ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ നടത്തി. ഈ മാവോയിസ്റ്റുകളെ നേരിടുന്നതിന് ജനകീയ സേനയെന്ന നിലയില്‍ 'സല്‍വാ ജുദും' എന്നൊരു അര്‍ധസൈനിക സംഘത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കി. നക്സല്‍ നായാട്ട് എന്ന പേരില്‍ ഈ സംഘം നിരപരാധികളെപ്പോലും മര്‍ദിച്ചൊതുക്കുകയാണ്.

നക്സലൈറ്റുകള്‍ എന്നു മുദ്രകുത്തി സന്തോഷ്പൂരില്‍ 12 നിരപരാധികളെ സല്‍വാ ജുദും വെടിവെച്ചുകൊന്ന് കുഴിച്ചുമൂടിയതു സംബന്ധിച്ചും നക്സല്‍വേട്ട എന്ന പേരില്‍ പോലിസ് നടത്തിയ കസ്റ്റഡി കൊലപാതകങ്ങളും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും സംബന്ധിച്ചും ഞെട്ടിക്കുന്ന വിവരങ്ങള്‍ അന്വേഷണറിപ്പോര്‍ട്ടുകളിലൂടെ ഡോ. സെന്‍ പുറത്തുകൊണ്ടുവന്നതാണ് ഭരണാധികാരികളുടെ കണ്ണില്‍ അദ്ദേഹം ചെയ്ത ഏറ്റവും വലിയ കുറ്റങ്ങള്‍.

ഏതാണ്ട് കാല്‍നൂറ്റാണ്ടുകാലം മധ്യപ്രദേശിലെ പിന്നാക്കമേഖലകളില്‍ ത്യാഗപൂര്‍ണജീവിതം നയിച്ച ഡോ. സെന്‍ ആതുരശുശ്രൂഷാരംഗത്തും അതിപ്രഗല്ഭനാണ്. അദ്ദേഹത്തെ സഹായിക്കാന്‍ ഭാര്യ ഡോക്ടര്‍ എലിനയുമുണ്ടായിരുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍കോളജില്‍ സ്വര്‍ണമെഡലോടെ ബിരുദമെടുത്ത സെന്‍ സാമ്പത്തികലാഭം കണക്കാക്കാതെ വൈദ്യസേവനം സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്ക് നല്‍കാനായി ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയുടെ സെന്റര്‍ ഫോര്‍ സോഷ്യല്‍ മെഡിസിന്‍ വിഭാഗം മേധാവി സ്ഥാനം രാജിവെച്ചാണ് ഛത്തീഡ്ഗഢിലെ സാധുക്കള്‍ക്കിടയിലേക്ക് ഇറങ്ങിയത്. ആ പ്രവര്‍ത്തനത്തിന് അഞ്ചുവര്‍ഷം മുമ്പ് വെല്ലൂര്‍ മെഡിക്കല്‍കോളജ് അദ്ദേഹത്തെ പോള്‍ ഹാരിസണ്‍ മെഡല്‍ നല്‍കി ആദരിക്കുകയുണ്ടായി.

അതിനെല്ലാം പുറമെയാണ് ലോകത്തിലെ 140 രാജ്യങ്ങളിലുള്ള പൊതുജനാരോഗ്യസംഘടനകള്‍ ചേര്‍ന്ന് രൂപവത്കരിച്ച വാഷിംഗ്ടണ്‍ ആസ്ഥാനമായ ഗ്ലോബല്‍ മെഡിക്കല്‍ കൌണ്‍സില്‍ കഴിഞ്ഞവര്‍ഷം വൈദ്യസേവനത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനുമുള്ള അത്യുന്നത പുരസ്കാരമായ ജോനാഥന്‍ മന്‍ അവാര്‍ഡിന് സെന്നിനെ തെരഞ്ഞെടുത്തത്. ആ അവാര്‍ഡ് വാഷിംഗ്ടണില്‍ ചെന്ന് സ്വീകരിക്കുന്നതിന് ഡോ. സെന്നിന് അനുമതി നല്‍കണമെന്ന് ഛത്തീസ്ഗഢ്സര്‍ക്കാറിനോടും കേന്ദ്രഗവണ്‍മെന്റിനോടും വൈദ്യശാസ്ത്രത്തിനും മറ്റു ശാസ്ത്രവിഷയങ്ങള്‍ക്കും നോബല്‍സമ്മാനം നേടിയ കെന്നത്ത് ആരോ, റോബര്‍ട്ട് കേള്‍, പോള്‍ ഗ്രീന്‍ഗാര്‍ഡ്, എറിക് കാന്‍ഡര്‍ എന്നീ 21 പ്രഗല്ഭ വ്യക്തികള്‍ നടത്തിയ സംയുക്ത അഭ്യര്‍ഥനപോലും നിരാകരിക്കപ്പെട്ടു.

ഗുരുതരമായ ഹൃദ്രോഗബാധയെ നേരിടുന്ന ഡോ. സെന്നിനെ ചികില്‍സക്കായി വെല്ലൂര്‍ ആശുപത്രിയിലയക്കണമെന്ന് ഇന്ത്യയിലെ പ്രഗല്ഭ പത്രാധിപരും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കുല്‍ദീപ് നയാര്‍ ഈയിടെ ഛത്തീഡ്ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗിനോട് പരസ്യമായി അഭ്യര്‍ഥിച്ചിട്ട് സിംഗ് അതിന് മറുപടിപോലും നല്‍കുകയുണ്ടായില്ലെന്നാണ് നയാര്‍ ഒരു ലേഖനത്തില്‍ തുറന്നെഴുതിയത്. ഡോ. സെന്നിന്റെ അന്യായതടങ്കലിനെതിരെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍പോലും പ്രതിഷേധമുയര്‍ന്നതും ഇന്ത്യക്ക് അപമാനമുണ്ടാക്കിയ സംഭവമാണ്. ഡോ. സെന്‍ കുറ്റവാളിയാണെങ്കില്‍ അത് തെളിയിച്ച് അദ്ദേഹത്തെ ശിക്ഷിക്കട്ടെ. അല്ലാതെ അനന്തമായി ജയിലിടച്ച് അദ്ദേഹത്തെ കൊല്ലാതെ കൊല്ലുന്നതും ജനാധിപത്യവ്യവസ്ഥിതിക്കും അപമാനകരമാണ്.

ഇന്ത്യയില്‍ നക്സലൈറ്റ് പ്രവര്‍ത്തനം വളരുകയാണെന്നും രാജ്യത്തിനുതന്നെ അത് കടുത്ത വെല്ലുവിളിയാണെന്നും മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രസ്താവിച്ചത് അടുത്തിടെയാണ്. നക്സലൈറ്റ് പ്രവര്‍ത്തനത്തെ സായുധശക്തികൊണ്ട് അടിച്ചമര്‍ത്താനാവില്ലെന്നും അതിന്റെ അടിവേരായ സാമൂഹിക ചൂഷണവും അഴിമതിയും തുടച്ചുമാറ്റാനുള്ള ആത്മാര്‍ഥമായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും പ്രതിരോധമന്ത്രി എ.കെ. ആന്റണിയും തുറന്നുപറയുകയുണ്ടായി.

ഛത്തീസ്ഗഢ് ധാതുനിക്ഷേപങ്ങളാലും വനവിഭവങ്ങളാലും സമ്പന്നമാണ്. അതുകൊണ്ട് അത് ചൂഷണം ചെയ്യാനുള്ള നിക്ഷിപ്തതാല്‍പര്യക്കാരുടെ പരിപാടികള്‍ക്ക് നിയമപാലകരും ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുകയും ആദിവാസിവര്‍ഗത്തെ നിരന്തരം പീഡനത്തിന് വിധേയരാക്കുകയും ചെയ്യുന്നുവെന്നത് നഗ്നയാഥാര്‍ഥ്യമാണ്. ആ ചൂഷിതരും പീഡിതരുമായ സാധാരണ ജനങ്ങളുടെ രക്ഷക്കെത്താന്‍ മാവോയിസ്റ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതുകൊണ്ടാണ് അവിടെ ആ പ്രസ്ഥാനം അനുദിനം വളരുന്നത്. വനഭൂമിയിലെ കുറെയെങ്കിലും അവകാശം ഉറപ്പിക്കാന്‍ ആദിവാസികളെ സഹായിച്ച മാവോയിസ്റ്റുകള്‍ ഭീമന്‍ ജന്മികള്‍ കൈയടക്കിവെച്ച ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ഭൂമിയാണ് പിടിച്ചെടുത്ത് ഭൂരഹിതര്‍ക്കിടയില്‍ വിതരണം ചെയ്തത്. നിയമവും ഭരണവും പരാജയപ്പെട്ടതുകൊണ്ടാണ് നിരാലംബരായ ജനങ്ങള്‍ക്ക് അക്രമത്തിന്റെ പാതയിലേക്ക് നീങ്ങേണ്ടിവന്നതും. ആന്ധ്രയിലും ഒറീസയിലും മധ്യപ്രദേശിലും ബീഹാറിലും നക്സലൈറ്റ് പ്രസ്ഥാനം വളരുന്നതിന്റെ മൂലകാരണം ഇതാണ്.

ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ ഇത്തരം വിധ്വംസകപ്രവര്‍ത്തനങ്ങളോട് യോജിക്കാന്‍ മഹാഭൂരിപക്ഷം പേര്‍ക്കും കഴിയില്ല. ജനാധിപത്യ മാര്‍ഗങ്ങളിലൂടെ ഇതിന് പരിഹാരം കാണാനാണ് തീര്‍ച്ചയായും ശ്രമിക്കേണ്ടത്. പക്ഷേ, നിയമപാലകരും ഉദ്യോഗസ്ഥരും ഭരണാധികാരികളില്‍ ഒരു വിഭാഗവും ചൂഷണത്തിനും നിസ്സഹായരെ അടിച്ചമര്‍ത്തുന്നതിനും കൂട്ടുനില്‍ക്കുമ്പോള്‍ മനഃസാക്ഷിയുള്ളവര്‍ക്ക് മൌനസാക്ഷികളായി നില്‍ക്കാന്‍ കഴിയില്ല. കൊടിയ മര്‍ദനത്തിനും ചൂഷണത്തിനുമെതിരെ വിരലുയര്‍ത്തിയെന്നതാണ് ഡോ. ബിനായക് സെന്നിനെ കള്ളക്കേസുകള്‍ കെട്ടിച്ചമച്ച് ജയിലിലടക്കാന്‍ കാരണം. നിയമപാലകരുടെ ഗൂഢാലോചനയും കുതന്ത്രങ്ങളും മനസ്സിലാക്കാന്‍ നീതിന്യായപീഠത്തിനും കഴിയാതെ വന്നാല്‍ ജനാധിപത്യത്തിന്റെ ഭാവി എന്തായിരിക്കും?

Thursday, April 30, 2009

ഹിന്ദുക്കള്‍ എന്തിന് ബി.ജെ.പിക്ക് വോട്ട് ചെയ്യണം ?

എല്‍.കെ. അദ്വാനിക്ക് ആര്‍.ബി. ശ്രീകുമാര്‍ (ഐ.പി.എസ് ) എഴുതുന്ന തുറന്ന കത്ത്

ബഹുമാന്യ അദ്വാനി,

ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോക്സഭാ മണ്ഡലത്തിലെ ഒരു വോട്ടറാണു ഈ കത്തെഴുതുന്നത്. ജന്‍മം കൊണ്ട് ഹിന്ദുവായ ഞാന്‍ എന്നാലാവുന്ന എളിയ രീതികളില്‍ സനാതന ധര്‍മത്തിന്റെ ചിട്ടവട്ടങ്ങള്‍ ജീവിതത്തില്‍ പാലിക്കുന്നയാളുമാണ്.
ബ്രഹ്മസൂത്രം, ഉപനിഷത്തുകള്‍, ഭഗവത്ഗീത എന്നീ പ്രസ്ഥാനത്രയങ്ങളിലാണ് ഹിന്ദുമതത്തിന്റെ അന്തസത്ത കുടികൊള്ളുന്നത്.
സസ്യ-മൃഗാദികളടക്കമുള്ള സകല ജീവജാലങ്ങളുടെയും മോക്ഷ മാര്‍ഗങ്ങളെ അംഗീകരിക്കുകയും ദൈവികതയിലേക്കുള്ള പാതകളെ ആദരിക്കുകയും ചെയ്യുന്നതാണ് ഹിന്ദുമതത്തിന്റെ ഏറ്റവും ശ്രദ്ധേയവും ഉന്നതവുമായ സവിശേഷത. ഇതര വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരെ ഭല്‍സിക്കുവാനോ അവിശ്വാസികളോട് മോശമായി പെരുമാറാനോ പോലും ഹിന്ദു വിശ്വാസം അനുവദിക്കുന്നില്ല. ഇതിനെതിരില്‍ ഏതെങ്കിലും വ്യക്തിയോ സംഘമോ സംഘടനയോ പ്രവര്‍ത്തിക്കുന്നത് സനാതന ധര്‍മം പിന്‍പറ്റുന്ന ഹിന്ദുവിനെ സംബന്ധിച്ചെടുത്തോളം അപലപനീയരും അസ്വീകാര്യവുമാണ്. ഈ മാനദണ്ഡം വെച്ച് നോക്കുമ്പോള്‍ വിശ്വാസ സംഹിതകള്‍ പാലിക്കുന്ന ഹിന്ദുക്കളുടെ വോട്ടുകള്‍ക്ക് തികച്ചും അയോഗ്യരാണ് സംഘപരിവാര സംഘടനകളുടെ പിന്തുണയുള്ള ബി.ജെ.പി
ഹിന്ദുമത ചരിത്രത്തില്‍ ഈശ്വര നിന്ദാപരവും ഹീനവുമായ രണ്ടേ രണ്ടു കുറ്റകൃത്യങ്ങളേ സംഭവിച്ചിട്ടുള്ളൂ- ആത്മാഭിമാനമുള്ള ഏതൊരു ഹിന്ദുവും അപമാനഭാരത്താല്‍ തലകുനിച്ചുപോയ രണ്ട് ദുരന്തങ്ങള്‍.
1992 ഡിസംബറില്‍ അയോധ്യയിലെ ബാബറി മസ്ജിദ് എന്ന ആരാധനാലയം തച്ചുതകര്‍ത്തതാണ് അതില്‍ ആദ്യത്തേത്. രണ്ടായിരത്തിലേറെ നിരപരാധികളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഗുജറാത്തിലെ ന്യൂനപക്ഷ വിരുദ്ധ വംശഹത്യയാണ് രണ്ടാമത്തെ നാണക്കേട്. ഈ രണ്ട് പൈശാചിക കുറ്റകൃത്യങ്ങളും നടത്തിയത് ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയോട് കൂറുപുലര്‍ത്തുന്ന അക്രമിക്കൂട്ടങ്ങളാണ്.
ആരാധനാ രീതികളെപ്പറ്റി ഭഗവത്ഗീത വിശദീകരിക്കുന്നുണ്ട്
അധ്യായം നാലിലെ 11ാം ശ്ലോകത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ അരുളുന്നു:
ആളുകള്‍ ഏതൊരു മാര്‍ഗത്തിലൂടെ എന്നെ ഭജിക്കുന്നുവോ അതേ മാര്‍ഗത്തില്‍ തന്നെ അവരെ ഞാന്‍ അനുഗ്രഹിക്കുന്നു.മനുഷ്യരെല്ലാം എന്റെ മാര്‍ഗത്തെ തന്നെയാണ് അനുവര്‍ത്തിക്കുന്നത്.
അധ്യായം ആറിലെ 30ാം ശ്ലോകം നോക്കൂ:
എന്നെ സകലയിടത്തും കാണുന്നവനും എന്നില്‍ സകലതും കാണുന്നവനും ആരോ അവന്‍ എന്നെ അറിയാതിരിക്കില്ല, അവനെ ഞാനും അറിയാതിരിക്കില്ല
ഏഴാം അധ്യായത്തിലെ 21ാം ശ്ലോകം കൂടി വായിക്കുക:
ഏതൊരു ഭക്തന്‍ വിശ്വാസപൂര്‍വം ഏതു രൂപേണയെങ്കിലും പൂജിക്കുവാന്‍ ആഗ്രഹിക്കുന്നുവോ അവരുടെ വിശ്വാസം ഞാന്‍ ദൃഡമാക്കി നല്‍കുന്നു

16-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട അയോധ്യയിലെ മസ്ജിദ് തെമ്മാടിക്കൂട്ടം ഇടിച്ചു നിരത്തിയത് ഭഗവാന്‍ കൃഷ്ണന്റെ ഇത്തരം സദുപദേശങ്ങള്‍ക്കും ഹിന്ദു പാരമ്പര്യങ്ങങ്ങള്‍ക്കും കടകവിരുദ്ധമായാണ്. പണിത 1529 മുതല്‍ തകര്‍ക്കപ്പെട്ട 1992 വരെ തങ്ങളുടെ വിരലുകള്‍ കൊണ്ടുപോലും മസ്ജിദിന് പോറലേല്‍പ്പിക്കാഞ്ഞ, ധന്യമായ ജീവിതം നയിച്ച് ഇതിലേ കടന്നുപോയ ഗോസ്വാമി തുളസീദാസ് മുതല്‍ മഹാത്മാ ഗാന്ധി വരെയുള്ള മഹത്തുക്കളായ ഹിന്ദുക്കളുടെ ജീവിതാദര്‍ശങ്ങള്‍ക്ക് വിരുദ്ധമായിരുന്നു മസ്ജിദിന്റെ ധ്വംസനം.
മഹത്വമേറിയ സ്വന്തം ജീവിതം കൊണ്ട് സനാതന ധര്‍മത്തിന് തിളക്കം പകര്‍ന്ന മഹാത്മാ ഗാന്ധിയെപ്പോലുള്ള മാതൃകാപുരുഷന്‍മാരുള്ളപ്പോള്‍ പള്ളി തകര്‍ത്ത അതിക്രമകാരികളെയും അവരുടെ നേതാക്കളെയും ഏതര്‍ഥത്തിലാണ് ഹിന്ദുമതത്തിന്റെ ചുണക്കുട്ടികളായി നമുക്ക് കാണാനാവുക?. ജയ് ശിവശങ്കര്‍ എന്നായിരുന്നു പള്ളി പൊളിയന്‍മാരുടെ മുദ്രാവാക്യം. സകലരെയും ശാന്തി കൊണ്ടനുഗ്രഹിച്ച ശിവ ഭഗവാനെ അവഹേളിക്കുന്നതിന് തുല്യമായിരുന്നു അത്.
അദ്വാനി ജി, ബാബറി മസ്ജിദ് തകര്‍ത്തതിന് നിങ്ങള്‍ക്ക് എന്തെങ്കിലും പ്രാമാണിക ന്യായങ്ങള്‍ നിരത്താനുണ്ടോ ആവോ? ഉവ്വെങ്കില്‍ ദയവായി എല്ലാ ഹിന്ദുക്കളെയും അറിയിക്കുക. അപ്രകാരം ചെയ്താല്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യുന്നതില്‍ അവര്‍ക്ക് സങ്കോചം ഉണ്ടാവില്ലായിരുന്നു. അഥവാ, ബാബറി പള്ളി തകര്‍ത്തത് അഹിന്ദു പ്രവര്‍ത്തിയാണ് എന്ന് ബി.ജെ.പി കരുതുന്നുവെങ്കില്‍ ധര്‍മശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ ക്രിമിനലുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ആരാധനാലയം തകര്‍ത്ത ക്ഷേത്രധ്വംസകര്‍ക്കെതിരെ സംഘടനാപരമായോ നിയമപരമായോ എന്തേ ഇതു വരെ നടപടിയെടുത്തില്ലാ ? അത്തരമൊരു നീക്കം ഇല്ലാത്തടുത്തോളം കാലം ഹിന്ദു പ്രമാണങ്ങളെയും വിശ്വാസങ്ങളെയും പിന്‍പറ്റുന്ന പാര്‍ട്ടിയാണ് ബി.ജെ.പി എന്ന് വിശ്വസിക്കാന്‍ ഹിന്ദുവോട്ടര്‍മാര്‍ക്ക് പ്രയാസമുണ്ട്.
അതേ പോലെത്തന്നെ ഗുജറാത്തില്‍ രണ്ടായിരത്തിലേറെ നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ന്യൂനപക്ഷ വിരുദ്ധ കലാപത്തിന്റെ കാര്യം. രാജ്യത്തെ ഒരു വിഭാഗം പ്രജകളെ കൊണ്ട് രാജ്യത്തെ മറ്റൊരു വിഭാഗം പ്രജകളെ കൊന്നൊടുക്കുന്ന ഏര്‍പ്പാട് ചരിത്ര കാലത്തെയോ ചരിത്രാതീത കാലത്തെയോ ഹിന്ദുരാജാക്കന്‍മാരുടെ ഭരണകാലങ്ങളില്‍ ഉണ്ടായിട്ടില്ല. കുടില ഹൃദയരായ നഹുഷനോ, താരകാസുരനോ, രാവണനോ, കംസനോ, ദുര്യോദനനോ പോലും ചെയ്തിട്ടില്ല ഇത്തരമൊരു ക്രൂരത. പ്രജകള്‍ക്കിടയില്‍ സമാധാനവും സൌഹാര്‍ദവും പരത്തുന്നയാളാണ് രാജാവ് എന്നാണ് ബ്രഹ്മാണ്ഡ പുരാണം പറയുന്നത്. അതി ദാരുണമായ ഗോധ്രാ തീവെപ്പ് നടന്ന 2002 ഫെബ്രുവരിയില്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്കിടയില്‍ അധോലോക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെങ്കില്‍ അവരെ അമര്‍ച്ച ചെയ്യാന്‍ എന്തേ പോലീസിനെ നിയോഗിച്ചില്ല?.
2002 ലെ വംശഹത്യയെ ബി.ജെ.പി തള്ളിപ്പറയുന്നുവെങ്കില്‍ ഈ നീച കര്‍മങ്ങള്‍ ചെയ്ത അതിക്രമകാരികള്‍ക്കും അതിന്റെ ആസൂത്രകര്‍ക്കുമെതിരെ സംഘടനാപരമായും നീതി ന്യായ വ്യവസ്ഥ പ്രകാരവും നടപടിയെടുക്കാത്തതെന്താണ്? അതിനു പകരം കലാപ കേസ് പ്രതികളാരെങ്കിലും ജാമ്യത്തിലിറങ്ങിയാല്‍ വീരസേനാനികളെന്ന മട്ടിലെ സ്വീകരണങ്ങള്‍ സംഘടിപ്പിക്കലല്ലേ നിങ്ങളുടെ രീതി. നീതി ന്യായ വ്യവസ്ഥയെ തുടര്‍ച്ചയായി തകിടംമറിച്ചതാണല്ലോ ഗുജറാത്ത് സര്‍ക്കാര്‍ അധികാരികളെ നവയുഗ നീറോമാര്‍ എന്ന് വിളിക്കാന്‍ പരമോന്നത നീതി പീഠത്തെ പ്രേരിപ്പിച്ചത്.
നിരാലംബ ജനസമൂഹങ്ങള്‍ക്കെതിരെ തുടരുന്ന അതിക്രമങ്ങളെ ശരിവെക്കുന്ന ശ്ലോകങ്ങളോ സൂക്തങ്ങളോ ഉണ്ടെങ്കില്‍ ആ വിവരം ഗാന്ധി നഗറിലെ വോട്ടര്‍മാരെയും ദയവായി ബോധ്യപ്പെടുത്തുക.
കമണ്ഡക നീതി സാരം എന്ന അതി പ്രശസ്തമായ ഹിന്ദു രാഷ്ട്രമീമാംസാ ഗ്രന്ഥത്തിന്റെ അഞ്ചാം അധ്യായം ഭരണാധികാരികളുടെയും അവരുടെ ഇഷ്ടക്കാരുടെയും സ്വാര്‍ഥതയില്‍ നിന്ന് ജനതയെ സംരക്ഷിക്കണമെന്ന് പ്രത്യേകം ഉണര്‍ത്തുന്നുണ്ട്. ഇത്തരം ദ്രോഹങ്ങളില്‍ നിന്ന് പ്രജകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണാധിപന്റെ ചുമതലയാണ്. സൃഷ്ടികളെല്ലാം സൃഷ്ടാവിന്റെ മൂര്‍ത്തീഭാവങ്ങളാണ് എന്ന് മനസാ വാചാ കര്‍മണാ ബോധ്യപ്പെട്ട് ഭരണം നടത്തുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നാണ് മഹാഭാരതത്തിലെ ശാന്തിപര്‍വത്തില്‍ പറയുന്നത്. ആയതുകൊണ്ടാണ് ധര്‍മന്യായങ്ങളില്‍ വിശ്വസിക്കുന്ന ഹിന്ദുക്കള്‍ നിങ്ങളോട് ചോദിക്കുന്നത്^ 2002ല്‍ ഗുജറാത്തിലെ തെരുവുകളില്‍ വേട്ടയാടപ്പെട്ട ന്യൂനപക്ഷ ജനതയെന്താ ഹീന ജന്‍മങ്ങളായിരുന്നോ?
എന്റെ മേല്‍ചൊന്ന സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കണമെന്നഭ്യര്‍ഥിക്കുന്നു.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ താങ്കള്‍ക്കുള്ള
അനുഭവ പാരമ്പര്യങ്ങളോടുള്ള സകല ബഹുമാനവും സഹിതം
ആര്‍.ബി. ശ്രീകുമാര്‍

Thursday, April 23, 2009

പത്രക്കാരന്‍ എന്ന നിലയില്‍ ചത്തീസ്ഗഡിലെ ജീവിതം


ശുഭ്രാംങ്ശു ചൌധരി

മാവോയിസ്റ്റുകളും ഭരണകൂടവും തമ്മില്‍ ചോരയില്‍ മുങ്ങിയ പോര് നടക്കുന്ന ബിജാപൂര്‍ ജില്ലയിലെ ബൈറാംഗഡില്‍ ഒരു സല്‍വാ ജുഡൂം റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു ഞാന്‍. സല്‍വാ ജുഡൂമെന്നാല്‍ സര്‍ക്കാര്‍ ഭാഷ്യത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ ഉയരുന്ന ജനകീയ പ്രതികരണമാണ്. എന്നാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത് സര്‍ക്കാര്‍ പടച്ചുവിട്ട ക്രൂരസായുധ സംഘമെന്നാണ്. വാഹനങ്ങളൊന്നും പോകാത്ത കൊടുംകാടുകളിലെ ചെറുഗോത്രവഴികളിലൂടെയായിരുന്നു റാലിയുടെ റൂട്ട്. എന്റെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ സല്‍വാ ജുഡൂം നേതാവ് മഹേന്ദ്ര കര്‍മ ഇടപെട്ട് ഒരു മോട്ടോര്‍ സൈക്കിള്‍ ഏര്‍പ്പാടാക്കിത്തന്നു. ഗോത്രവര്‍ഗങ്ങള്‍ വസിക്കുന്നിടങ്ങളിലൂടെ റാലിക്ക് വഴികാട്ടിയായി ബൈക്ക് നീങ്ങി. ബൈക്ക് ഓടിച്ചയാള്‍ അവിടുത്തെ ഒരു പ്രാദേശിക പത്രപ്രവര്‍ത്തകനാണെന്ന് സംസാരത്തില്‍ നിന്നറിഞ്ഞു.ചത്തീസ്ഗഡിലെ പത്രപ്രവര്‍ത്തനത്തെപ്പറ്റി ഒട്ടേറെ അറിവു പകര്‍ന്നു ആ യാത്ര.ചത്തീസ്ഗഡിലെ ഒരു പ്രമുഖ പ്രാദേശിക പത്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നയാളായിരുന്നു കക്ഷി.

നിങ്ങള്‍ക്ക് എന്ത് ശമ്പളമുണ്ട് എന്ന ചോദ്യത്തിന് ശമ്പളമില്ലെന്നായിരുന്നു മറുപടി. "പിന്നെ എങ്ങിനെ ജീവിക്കുമിഷ്ടാ?" വാര്‍ത്തകള്‍ എഴുതാതെ എന്നായിരുന്നു ഉത്തരം. എനിക്ക് കാര്യം മനസിലായില്ലെന്ന് കണ്ട് അദ്ദേഹം സംഗതി വിശദീകരിച്ചു തന്നു. "റിപ്പോര്‍ട്ട് എഴുതാതിരിക്കല്‍ ആണ് ഞങ്ങളുടെ പത്രപ്രവര്‍ത്തനം. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതിന് രൂപാ അയ്യായിരമാണ് മാസമെനിക്ക് കിട്ടുന്നത്!. പത്രക്കാരല്ലേ, തട്ടിപ്പുകാരാര്, അഴിമതി നടക്കുന്നതെവിടെ, നടത്തുന്നതാര് എല്ലാം നമ്മള്‍ക്കറിയാം. പക്ഷെ, എഴുതില്ല. ആ എഴുതാതിരിപ്പിനാണ് ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നത്. ജില്ലാ ആസ്ഥാനത്ത് കുറെ പേര്‍ക്ക് അവരുടെ പത്രങ്ങളില്‍ നിന്ന് നിസാര ശമ്പളം ലഭിക്കുന്നുണ്ട്. പക്ഷെ വാര്‍ത്തകള്‍ മുക്കുന്ന വകയില്‍ അതിന്റെ എത്രയോ ഇരട്ടിയാണ് അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം. നല്ല പൈസയുണ്ടാക്കാന്‍ വകയുള്ള പണിയാണ് പത്രപ്രവര്‍ത്തനം. സല്‍വാ ജുഡൂമിന്റെ നല്ല കാര്യങ്ങള്‍ അറിയുന്നതു പോലെ അതിന്റെ മോശം വശങ്ങളും നന്നായറിയാം ഞങ്ങള്‍ക്ക്. പക്ഷെ 'ചില പ്രത്യേക കാരണങ്ങളാല്‍' മോശം വശങ്ങളെപ്പറ്റി ഞങ്ങളെഴുതാറില്ല".^ ചത്തീസ്ഗഡിലെ പ്രതിപക്ഷ നേതാവുകൂടിയായ സല്‍വാജുഡൂം തലവന്‍ മഹേന്ദ്ര കര്‍മയെ നോക്കി അയാള്‍ പറഞ്ഞു.

സല്‍വാജുഡൂമിന്റെ കൊടുമകളെക്കുറിച്ച് ദേശീയ പത്രങ്ങള്‍ ഒരുപാടേറെ എഴുതുമ്പോഴും ചത്തീസ്ഗഡിലെ പത്രങ്ങളുടെ ഭാഷയില്‍ സല്‍വാ ജുഡൂം എന്നാല്‍ ജനങ്ങളുടെ ശാന്തി സേനയാണ്!.

റാലിക്ക് ശേഷം ധ്രുലി ഗ്രാമത്തിലേക്കായിരുന്നു യാത്ര. അവിടെ വമ്പന്‍ ഫാക്ടറി തുടങ്ങാന്‍ പദ്ധതിയുള്ള എസ്സാര്‍ കമ്പനിയും ഗ്രാമീണരും തമ്മിലെ ചര്‍ച്ചകളെക്കുറിച്ചറിയാനായിരുന്നു എന്റെ പോക്ക്. അവിടെ വെച്ച് ഒരു സംഘം ഗ്രാമീണരെത്തി തറപ്പിച്ച് പറഞ്ഞു. നിങ്ങള്‍ എസ്സാര്‍ കമ്പനിക്ക് വേണ്ടി ദല്ലാള്‍ പണി ചെയ്യാന്‍ വന്നയാളാണ്. കാമറ കണ്ട് ലേശമൊന്ന് ശങ്കിച്ച ശേഷം അവര്‍ തുടര്‍ന്നു. "എല്ലാ പത്രക്കാരും വ്യവസായികളുടെ കൂട്ടിക്കൊടുപ്പുകാരാണ്. സര്‍ക്കാറിനോട് പോയി പറഞ്ഞേക്ക് ജീവനെടുത്തശേഷമേ ഞങ്ങളെ കുടിയിറക്കാനാവൂ എന്ന് നിങ്ങളോട് സംസാരിക്കാന്‍ താല്‍പര്യമില്ല, വേഗം സ്ഥലം കാലിയാക്കുക".
പത്രക്കാരെ ജനങ്ങള്‍ വെറുക്കുന്നതിന്റെ വ്യാപ്തിയറിഞ്ഞ് സ്തംഭിച്ചു പോയി ഞാന്‍. ദണ്ഡേവാഡയിലെത്തി ഇക്കാര്യങ്ങള്‍ പങ്കുവെച്ചപ്പോള്‍ മൌനം ഭൂഷണമാക്കിയ പത്രവിദ്വാന്‍മാര്‍ക്ക് എസ്സാര്‍ നല്‍കുന്ന സംഖ്യകളെയും സൌകര്യങ്ങളെയും കുറിച്ച് വിശദമായി പറഞ്ഞു തന്നു ചിലര്‍.

കുടിയൊഴിപ്പിക്കല്‍ അനുവദിക്കിലെന്ന് അര്‍ഥശങ്കയില്ലാതെ പറഞ്ഞ ധ്രുളിയിലെ ജനങ്ങളുടെ നിലപാടറിഞ്ഞ് ദല്‍ഹിയിലേക്ക് മടങ്ങിയ ഞാന്‍ ഒരു പത്രവാര്‍ത്ത കണ്ട് നടുങ്ങിപ്പോയി. ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് സര്‍വീസ് വഴി വന്ന വാര്‍ത്ത പ്രകാരം ധ്രുളിയിലെ ജനങ്ങള്‍ എസ്സാര്‍ കമ്പനിക്ക് ഭൂമി വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നു. പുനരധിവാസ പാക്കേജില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്നും ഭൂമി വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് ജനങ്ങള്‍ സര്‍ക്കാറിനു കത്തെഴുതിയതായും ലേഖകന്‍ തുടരുന്നു. ടൈംസ് ഒഫ് ഇന്ത്യ, ഹിന്ദു, ബിസിനസ് ലൈന്‍, എക്കണോമിക് ടൈംസ് തുടങ്ങിയ മുന്‍നിരപത്രങ്ങളിലെല്ലാം വമ്പന്‍ പ്രാധാന്യത്തോടെ ഈ വാര്‍ത്ത അടിച്ചു വരികയും ച്െയതു. ഭൂമി വിട്ടുകൊടുക്കാമെന്നറിയിച്ചവരുടെ എണ്ണം പോലും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇത്രയേറെ പത്രങ്ങളില്‍ പ്രാധാന്യപൂര്‍വം വന്ന സ്ഥിതിക്ക് വാര്‍ത്ത ശരിയാവാനേ തരമുള്ളൂ. എന്നിരുന്നാലും റിപ്പോര്‍ട്ടില്‍ പേരെടുത്തു പറഞ്ഞിരുന്ന ഉദ്യോഗസ്ഥയെ വിളിച്ച് വിവരങ്ങളാരായാതിരിക്കാനായില്ല. റിപ്പോര്‍ട്ടിനെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ ശരിക്കും ഞെട്ടിപ്പോയി. എന്ത് കത്ത് ? ഏത് വാര്‍ത്തയെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നത് എന്നായിരുന്നു അവരുടെ മറുചോദ്യം. ആരും ഭൂമി വിട്ടൊഴിയാന്‍ തയ്യാറായിട്ടില്ല. അങ്ങിനെ ഒരു കത്ത് തനിക്ക് ലഭിച്ചിട്ടുമില്ല എന്നവര്‍ വിശദീകരിച്ചു. ഭൂമി ഏറ്റെടുക്കലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥപോലുമറിയാതെയാണ് അതു സംബന്ധിച്ച വാര്‍ത്തകള്‍ വന്നതെന്ന് വ്യക്തമായി. അവരുടെ അഭ്യര്‍ഥന പ്രകാരം വാര്‍ത്തകളുടെ കോപ്പി ഞാന്‍ ഫാക്സ് ചെയ്തു കൊടുത്തു. ജനങ്ങളുടെ സമ്മതപത്രം കിട്ടിയെന്ന എസ്സാര്‍ കമ്പനി മേധാവിയുടെ ഉദ്ധരണികളടങ്ങിയ വാര്‍ത്തയെക്കുറിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയപ്പോള്‍ റിപ്പോര്‍ട്ടര്‍ക്ക് വരുത്തിയ പിഴവാണതെന്നാണ് കമ്പനി നല്‍കിയ വിശദീകരണം. അതിനു പിന്നാലെ ആ ഉദ്യോഗസ്ഥയെ ദണ്ഡേവാഡയിലേക്ക് സ്ഥലം മാറ്റി. തെറ്റു വരുത്തിയ റിപ്പോര്‍ട്ടറെക്കുറിച്ചോ തെറ്റടിച്ചു വന്ന പത്രങ്ങളെക്കുറിച്ചോ പിന്നീട് ഒരാളും വേവലാതിപ്പെട്ടില്ല.
റായ്പൂരില്‍ നിന്നു വരുന്ന വാര്‍ത്തകളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഈ സംഭവം എന്നെ പ്രേരിപ്പിച്ചു.

കൃഷിപ്പണി നിര്‍ത്തിവെക്കണമെന്ന തിട്ടൂരം ലംഘിച്ചതിന് മൂന്ന് കര്‍ഷകരെ നക്സലൈറ്റുകള്‍ കൊന്നൊടുക്കി എന്നായിരുന്നു ഒരു പ്രഭാതത്തില്‍ ഇന്ത്യന്‍ എക്സ്പ്രസിന്റെ മുന്‍പേജ് വാര്‍ത്ത. ഇത്തരമൊരു കൃഷിനിരോധത്തെക്കുറിച്ച് ഞാന്‍ കേട്ടിരുന്നേയില്ല. കര്‍ഷകരെ കൊന്നത് നക്സലുകള്‍ തന്നെയെങ്കിലും വാര്‍ത്തയില്‍ പറയും പ്രകാരം കൊലക്ക് കൃഷിയുമായി യാതൊരു ബന്ധവുമില്ലെന്ന് ചില ഫോണ്‍വിളികളില്‍ നിന്ന് വ്യക്തമായി. കാര്‍ഷിക വേലകളെല്ലാം ഗംഭീരമായി നടക്കുന്നുണ്ട് ചിന്റാഗുഫാ എന്ന ആ ഗ്രാമത്തില്‍.
പോലീസിന്റെ ആളുകളാണെന്നാരോപിച്ചാണ് നക്സലുകള്‍ കര്‍ഷകരെ കൊന്നതെന്നാണ് ഇവിടുത്തെ മുന്‍ഗ്രാമത്തലവന്‍ എന്നോട് പറഞ്ഞത്. ഒരു വാര്‍ത്തയുടെ നിജസ്ഥിതിയറിയാന്‍ ദല്‍ഹിയില്‍ നിന്ന് ഞാന്‍ വിളിച്ചന്വേഷിച്ചെങ്കില്‍ റായ്പൂരിലെ പത്രക്കാര്‍ക്ക് എന്തേ ഇങ്ങിനെ ചെയ്തു കൂടാ? പിറ്റേന്നുണ്ട് ടൈംസ് ഒഫ് ഇന്ത്യയും ആവര്‍ത്തിച്ചു ഈ കൊലപാതക വാര്‍ത്ത. കാരണമായി പറയുന്നത് കൃഷി നിരോധം തന്നെ.

ഈ വാര്‍ത്ത പടച്ചുവിട്ട ഇന്റലിജന്‍സ് ഓഫീസറാരാണെന്ന് ചില പത്രസുഹൃത്തുക്കള്‍ എനിക്ക് പറഞ്ഞു തന്നു. സാറിന്റെ വിശ്വസ്തര്‍ക്ക് മാത്രമാണ് വാര്‍ത്ത കൈമാറിയതെത്രേ.

ഇതിനിടെ ചത്തീസ്ഗഡിലെ കര്‍ഷക ആത്മഹത്യയെക്കുറിച്ചെഴുതാന്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയിരുന്നു ഞാന്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ കണക്ക് പ്രകാരം ഓരോ വര്‍ഷവും രാജ്യത്ത് ഏറ്റവുമധികം കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമാണിത്. ആത്മഹത്യാ കണക്ക് ഭീതിദമാം വണ്ണം പെരുകിയിട്ടും സംസ്ഥാനം നിലവില്‍ വന്ന് എട്ടുവര്‍ഷം പിന്നിട്ടിട്ടും ഇന്നാട്ടിലെ ഒരു പത്രക്കാരന്‍ പോലും ഇതേക്കുറിച്ചെഴുതാന്‍ ഒരുമ്പെട്ടിരുന്നില്ല. ഇതേക്കുറിച്ച് എന്റെ കോളത്തില്‍ എഴുതി ഞാന്‍. ഏതാനും നാള്‍ക്കകം പത്രത്തിന്റെ ഒന്നാം പേജില്‍ വന്നു ഒരു വാര്‍ത്ത ^'എല്ലാവരും ഒരുഗ്രന്‍ തട്ടിപ്പ് ഇഷ്ടപ്പെടുന്നു;ചത്തീസ്ഗഡിലെ കര്‍ഷക ആത്മഹത്യ എന്ന അസത്യം' എന്ന തലക്കെട്ടില്‍.നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ കണക്കുകള്‍ പച്ചക്കള്ളമാണെന്നാരോപിച്ച് വന്ന ആ വാര്‍ത്തക്കെതിരെ ബ്യൂറോ പ്രതികരിച്ചതു പോലുമില്ല. എന്തായാലും പ്രാദേശിക പത്രത്തിലെ എന്റെ കോളം അവര്‍ നിര്‍ത്തിച്ചു. ഞാനെഴുതുന്നതെല്ലാം അസംബന്ധങ്ങളും വ്യാജവുമാണെന്നായിരുന്നു സ്ഥാപനം അതിനു കാരണമായി പറഞ്ഞത്.

പേരു വെളിപ്പെടുത്താനിഷ്ടമില്ലാത്ത ഒരു പത്രക്കാരന്‍ പറഞ്ഞു: കര്‍ഷക ആത്മഹത്യകളെപ്പറ്റി എഴുതണമെന്ന് ഞങ്ങള്‍ക്കുണ്ട്. നമ്മുടെ കണ്‍വെട്ടത്ത് നടക്കുന്ന കാര്യമാണല്ലോ അത്. പക്ഷെ എഴുതി വരുമ്പോള്‍ റിപ്പോര്‍ട്ട് സര്‍ക്കാറിനെതിരാവും. സര്‍ക്കാറിനെതിരായാല്‍ അവര്‍ നമ്മുടെ പത്രത്തിനെതിരാവും. പരസ്യം തരുന്നത് നിര്‍ത്തും. അതു കൊണ്ട് നമുക്ക് എഴുതാന്‍ കഴിയില്ല.

കമലേഷ് പൈങ്ക്രയുടെ കഥ


ചത്തീസ്ഗഡിലെ പത്രക്കാരുടെ അവസ്ഥ വിശദമാക്കാന്‍ ഏറ്റവും നല്ല ഉദാഹരണമാവും
കമലേഷ് പൈങ്ക്രയുടെ ജീവിതം. സല്‍വാ ജുഡൂമിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആദ്യമായി തുറന്നെഴുതിയ പത്രക്കാരനാണ് പൈങ്ക്ര. റിപ്പോര്‍ട്ട് വന്നതോടെ മാപ്പു പറയണമെന്നും തെറ്റായി എഴുതിപ്പോയതാണെന്ന് സമ്മതിക്കണമെന്നും നാട്ടിലെ എസ്.പി ആവശ്യമുന്നയിച്ചു. പറ്റില്ലെന്ന് പറഞ്ഞ പാവം പൈങ്ക്രയുടെ പണിപോയി. അദ്ദേഹത്തിന്റെ ചേട്ടനെ ജയിലിലടച്ചു. നക്സലുകള്‍ക്ക് അഭയം നല്‍കി എന്നാരോപിച്ചായിരുന്നു അത്. ധാന്യവില്‍പനക്കുള്ള ലൈസന്‍സ് അകാരണമായി റദ്ദാക്കുക കൂടി ചെയ്തതോടെ അദ്ദേഹത്തിന്റെ വരുമാന മാര്‍ഗങ്ങളെല്ലാം മുട്ടി. "ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍" ജീവന്‍ നഷ്ടപ്പെടാനിടയുണ്ടെന്ന് ഒരു പോലീസ് സുഹൃത്ത് മുന്നറിയിപ്പു നല്‍കിയതോടെ കുടുംബത്തെയും കൂട്ടി ബിജാപൂരില്‍ നിന്ന് ദണ്ഡേവാഡയിലേക്ക് നാടുവിടേണ്ടി വന്നു പൈങ്ക്രക്ക്. ഈ അതിക്രമങ്ങളെക്കുറിച്ചൊന്നും ഒരു പത്രവും എഴുതിയില്ല.

പൈങ്ക്രയെ ദണ്ഡേവാഡയിലെ ലേഖകനാക്കണമെന്ന് ചില പത്രാധിപ സുഹൃത്തുക്കളോട് അഭ്യര്‍ഥിച്ചപ്പോള്‍ അവര്‍ അതിനു തയ്യാറായി. എന്നാല്‍ നിയമന ഉത്തരവ് അതീവ രസകരമായിരുന്നു. ഉത്തരവിന്‍ പ്രകാരം പൈങ്ക്രയുടെ മാസ ശമ്പളം 3000 രൂപയാണ്. പക്ഷെ, ആ ശമ്പളം കയ്യില്‍ കിട്ടാന്‍ ഇരുപതിനായിരം രൂപക്കുള്ള പരസ്യം കൂടി പിടിക്കണമെന്ന് മാത്രം. പരസ്യം കുറയുന്നതനുസരിച്ച് ശമ്പളത്തിലും കുറവുവരുമെന്നര്‍ഥം.

എന്തായാലും ആ ജോലി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു അദ്ദേഹം "ഇരുപത്തയ്യായിരത്തില്‍ താഴെ ജനസംഖ്യയുള്ളിടത്തുനിന്ന് ഇരുപതിനായിരത്തിന്റെ പരസ്യം പിടിക്കണമെന്നാണ് അവര്‍ പറയുന്നത്. അത്ര രൂപയുടെ പരസ്യം ലഭിക്കണമെങ്കില്‍ ഞാന്‍ ആരെ സമീപിക്കേണ്ടി വരുമെന്ന് ഊഹിക്കാമല്ലോ, പിന്നെ എനിക്കെങ്ങിനെ സത്യസന്ധമായ പത്രപ്രവര്‍ത്തനം നടത്താനാവും"- പൈങ്ക്ര ചോദിക്കുന്നു.

കഴിഞ്ഞ മാസം പൈങ്ക്രയുടെ ബിജാപൂരിലെ വസതി സി.ആര്‍.പി.എഫ് ബുള്‍ഡോസറുകൊണ്ട് ഇടിച്ചു നിരത്തി. പട്ടാളക്കാര്‍ക്ക് വോളിബാള്‍ മൈതാനം പണിയാന്‍ വേണ്ടിയാണത് ചെയ്തത്. ഇതേക്കുറിച്ച് പത്രങ്ങളിലൊന്നും വന്നില്ല, പൈങ്ക്രയുടെ വീട്ടുകാരോടാരും പറഞ്ഞില്ല, നഷ്ടപരിഹാരമായി ചില്ലിക്കാശുപോലും കൊടുത്തതുമില്ല.

കുറച്ചു കാലം മുന്‍പ് റായ്പൂരിലെ എല്ലാ പത്ര ഓഫീസുകളിലേക്കും നക്സലുകള്‍ ഒരു ഓഡിയോ സി.ഡി അയച്ചു കൊടുത്തിരുന്നു.
ബിജാപൂരിലെ എസ്.പി (പൈങ്ക്രയെ ഭീഷണിപ്പെടുത്തി ഒതുക്കാന്‍ ശ്രമിച്ചയാള്‍ )യും കീഴുദ്യോഗസ്ഥനും തമ്മിലെ വാക്കിടോക്കി വഴി നടന്ന സംഭാഷണവുമുണ്ടായിരുന്നു ആ സിഡിയില്‍. സംഭാഷണത്തിനിടെ എസ്.പി: ആ പ്രദേശത്തൊരു കണ്ണുവേണം, ഏതെങ്കിലും പത്രക്കാരനെ കണ്ടാല്‍ അങ്ങ് കാച്ചിക്കളഞ്ഞേക്ക്.

സി.ഡിയിലെ റെക്കോര്‍ഡിംഗ് വ്യാജമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ സിഡിയില്‍ കേട്ട ശബ്ദം എസ്പിയുടെ തന്നെയെന്ന് പോലീസുദ്യോഗസ്ഥര്‍ രഹസ്യമായി സമ്മതിക്കുന്നു. നക്സലുകള്‍ ട്യൂണ്‍ ചെയ്ത് പിടിച്ചെടുത്തതായിരുന്നു ആ വാക്കിടോക്കി സംഭാഷണം. ഇതേക്കുറിച്ചും ഒരു പത്രത്തിലും വാര്‍ത്ത വന്നില്ല

ആ എസ്്പി അദ്ദേഹമിപ്പോള്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനെ സേവിക്കുന്നു!.


മൊഴിമാറ്റം: സവാദ് റഹ്മാന്‍

Monday, January 19, 2009

അന്ന് ഹിറ്റ്ലര്‍, ഇന്ന് ഇസ്രയേല്‍

നാസികളുടെ ക്രൂരതയ്ക്കിരയായവരുടെ പിന്‍മുറക്കാര്‍, തങ്ങളുടെ പിതാ­മഹന്‍മാരോട് നാസികള്‍ കാണിച്ച ക്രൂരത അതേരീതിയില്‍ ഇന്ന് പാലസ്തീന്‍കാരോട് ആവര്‍ത്തിക്കുകയാണ്.
ചിത്രങ്ങളിലൂടെ ഒരു താരതമ്യം























































































































Thursday, January 1, 2009

പാദസേവയുടെ മാധ്യമവര്‍ഷം

സവാദ്റഹ്മാന്‍

സ്തുതിപാടിയും ഏഷണികൂട്ടിയും യുദ്ധങ്ങള്‍ക്ക് പ്രേരിപ്പിച്ച് നാണം കെട്ട് ജീവിച്ച രാജകൊട്ടാരങ്ങളിലെ നിലയവിദ്വാന്‍മാരെ ഓര്‍മപ്പെടുത്തുന്ന വിടുവേലകളാണ് പോയവര്‍ഷത്തിന്റെ നാള്‍വഴിപുസ്തകത്തില്‍ ഇന്ത്യന്‍മാധ്യമങ്ങളുടെ സംഭാവന. ഒരേസമയം തമസ്കരണവും ഊതിപ്പെരുപ്പിക്കലും ഇവര്‍ പൊതുസ്വഭാവമാക്കി. അതിരുകടന്ന, ആത്മാര്‍ഥതയില്ലാത്ത ദേശീയതാബോധമായിരുന്നു അവരുടെ വ്യാപാരരഹസ്യം. കോര്‍പറേറ്റ് ^ഇന്റലിജന്‍സ് ഏജന്‍സികളിലെ നാരദന്‍മാരായിരുന്നു ടോപ്പ് റിപ്പോര്‍ട്ടര്‍മാരും സൂപ്പര്‍ എഡിറ്ററും.

രാജ്യതാല്‍പര്യങ്ങള്‍ പണയപ്പെടുത്തിയും അഴിമതിയുടെ ചളിക്കുണ്ടില്‍ മുങ്ങിയും മുഖംനഷ്ടപ്പെട്ട ഭരണകൂടത്തിന് മറപ്പുര പണിയാന്‍ നുണവാര്‍ത്തകളുടെ പെരുങ്കല്ലുകള്‍ ചുട്ടെടുക്കുന്നതിനിടെ വിലക്കയറ്റവും ഭക്ഷ്യക്ഷാമവും പട്ടിണിമരണങ്ങളും മുഖ്യവാര്‍ത്തയാക്കാന്‍ പ്രാദേശിക പത്രങ്ങള്‍ക്കുപോലും കൈവിറച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ദലിതുകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരായ ക്രൂരതകളും കണക്കറ്റ രീതിയില്‍ വര്‍ധിച്ചപ്പോഴും സൂപ്പര്‍ താരത്തിന്റെ കുടല്‍പുണ്ണും വിശ്വസുന്ദരികളുടെ ഉടലളവുമായിരുന്നു ഇക്കുറിയും ഒന്നാം പേജ് വാര്‍ത്തകള്‍.

ദക്ഷിണേഷ്യന്‍ മണ്ണില്‍ വിദ്വേഷത്തിന്റെ വിത്തെറിഞ്ഞ സാമ്രാജ്യത്വ വ്യാപനമോഹികളുടെ മകുടിയൂത്തിനൊത്ത് തലയാട്ടിക്കളിക്കാന്‍ മല്‍സരിച്ചു ഇവിടുത്തെ മാധ്യമക്കൂട്ടം. ഒപ്പം ഇന്ത്യന്‍ ഉപരിവര്‍ഗമനസ്സില്‍ ഊറി നിറഞ്ഞ വര്‍ഗീയ ചിന്തയുടെയും അസഹിഷ്ണുതയുടെയും കൊടുംവിഷം ചീറ്റിത്തെറിപ്പിച്ചു. അച്ചടി മാധ്യമരംഗത്ത് അല്‍പസ്വല്‍പം വിദേശനിക്ഷേപങ്ങളാവാം എന്ന നിയമം മഷിപുരണ്ടു വരുന്നതിനും മലയാളിയുടെ ആകാശക്കീറില്‍ പോലും മര്‍ഡോക്കിന്റെ നീരാളിക്കൈ വ്യാപിക്കുന്നതിനും മുമ്പുതന്നെ വൈദേശിക വിധേയത്വത്തിന്റെ ചൂരടിച്ചു തുടങ്ങിയിരുന്നു നമ്മുടെ ന്യൂസ് ഡെസ്കുകളില്‍.

ഭരണകൂട ബുള്ളറ്റിനുകളെന്ന് തോന്നിപ്പിക്കും വിധമായിരുന്നു വര്‍ഷാദ്യത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ പെയ്ത്ത്. ചുവപ്പന്‍ഭീകരര്‍ ഇന്ത്യയെ വിഴുങ്ങുന്നു എന്ന ഭീതി പരത്തലായിരുന്നു അക്കാലത്ത് ഇവരുടെ അസൈന്‍മെന്റ്. നക്സലിസം ഉന്‍മൂലനം ചെയ്യാന്‍ രാജ്യതലസ്ഥാനത്ത് വിളിച്ചു ചേര്‍ക്കപ്പെട്ട ഉന്നതതല യോഗങ്ങള്‍ ഇതിനു നാന്ദിയായി. ഛത്തീസ്ഗഢിലും ഒറീസയിലും ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും കേരളത്തില്‍ പോലും നക്സലൈറ്റ് കമ്യൂണിസ്റ്റുകള്‍ കലാപത്തിനൊരുങ്ങുന്നതായി ഇവര്‍ കോറസായി വിളിച്ചുകൂവി. വിപ്ലവവീര്യം ന്യൂട്രലൈസ് ചെയ്യപ്പെട്ട നാട്ടുനടപ്പ് കമ്യൂണിസ്റ്റ് സര്‍ക്കാറുകള്‍ ഉള്‍പ്പെടെയുള്ള നാടുവാഴികളുടെ പ്രേരണയും പിന്തുണയും കൂമ്പാരമായപ്പോള്‍ മാധ്യമങ്ങളുടെ നക്സല്‍വേട്ട ഗംഭീരമായി. മാവോ സൂക്തങ്ങളുടെ ഉഗ്രതയോ കമ്യൂണിസ്റ്റ് രാഷ്ട്രമെന്ന സ്വപ്നമോ അല്ല, വികസന പ്രവര്‍ത്തനങ്ങളിലെ വികലതമൂലം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പടര്‍ന്നുപിടിച്ച പട്ടിണിയും അസംതൃപ്തിയുമാണ് നക്സലൈറ്റ് പ്രസ്ഥാനങ്ങളിലേക്ക് ആളെക്കൂട്ടുന്നതെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് മാത്രം ആരും കണ്ടില്ല. നക്സലൈറ്റ് മുദ്രകുത്തി ഗ്രാമീണ സ്ത്രീകളെ മുതല്‍ പൌരാവകാശ പത്രപ്രവര്‍ത്തകരെ വരെ കൈയാമംവെച്ച് തുറുങ്കിലടച്ചിട്ടും വമ്പന്‍കുത്തകകളുടെ പ്രത്യേക സാമ്പത്തികമേഖലകള്‍ക്ക് വേണ്ടി കുടിയിറക്കപ്പെടുന്ന ഗ്രാമീണ ഇന്ത്യയുടെ ചെറുത്തുനില്‍പിനെ ഇല്ലാതാക്കാനുള്ള ഭരണവര്‍ഗതന്ത്രമല്ലേ ഈ നക്സല്‍ ഭീതിയെന്ന് സന്ദേഹവുമുയര്‍ന്നില്ല. മറിച്ച് സലിംഗ്രൂപ്പും ടാറ്റയും വേദാന്തയും പോസ്കോയും ദുബൈ പോര്‍ട്ടും മറ്റും ചേര്‍ന്ന് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുന്നതിന്റെ കഥകളുമായി വികസനോന്‍മുഖ പത്രപ്രവര്‍ത്തനം പൊടിപാറി. നന്ദിഗ്രാമിലും ഛത്തീസ്ഗഢിലും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടന്ന കൊലപാതകങ്ങള്‍ ശുഭവാര്‍ത്തകളായി അച്ചുനിരന്നു. ജനങ്ങളെ ജനങ്ങളാല്‍ കൊല്ലിക്കുന്ന സല്‍വാ ജുദൂമിന്റെ ശില്‍പികള്‍ ജനനായകരും ശാന്തിദൂതരുമായി പുകള്‍പെറ്റു.

നോയിഡയില്‍ ആരുഷി തല്‍വാര്‍ എന്ന ബാലിക വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ അരുംകൊല ചെയ്യപ്പെട്ട സംഭവത്തെ മാധ്യമങ്ങള്‍^വിശിഷ്യാ ദൃശ്യമാധ്യമങ്ങള്‍^ അങ്ങേയറ്റം ഹീനമായ രീതിയിലാണ് സമീപിച്ചത്. പെണ്‍കുട്ടിയെ അവളുടെ പിതാവാണ് കൊന്നതെന്ന് എഡിറ്റ് റൂമിലെ ജഡ്ജിമാര്‍ വിധിയെഴുതി. പൊന്നുമകള്‍ കൊല്ലപ്പെട്ട നടുക്കത്തില്‍ സംസാരിക്കാന്‍ മടിച്ച അവളുടെ അമ്മ പലതും മറച്ചുവെക്കുന്നുവെന്ന് ചാനല്‍കേസരികള്‍ വിളിച്ചുകൂവി. തിടുക്കപ്പെട്ട് ആരുഷിയുടെ പിതാവ് ഡോ. തല്‍വാറിനെ അറസ്റ്റ് ചെയ്യാന്‍ ദല്‍ഹി പോലിസിനെ നിര്‍ബന്ധിച്ചത് മാധ്യമങ്ങളുടെ ഈ ഇടപെടലാണ്. ശാസ്ത്രീയ പരിശോധനകള്‍ക്കൊടുവില്‍ ഡോ.തല്‍വാര്‍ കുറ്റവിമുക്തനായപ്പോള്‍ ന്യൂസ്റൂം ന്യായാധിപരെയൊന്നും ആ വഴിക്ക് കണ്ടതുമില്ല.

ബ്ലോഗുകളും ന്യൂസ് ഗ്രൂപ്പുകളുമുള്‍പ്പെട്ട സമാന്തര മാധ്യമപ്രവര്‍ത്തനം ശക്തമായിരുന്നതുകൊണ്ട് മാത്രമാണ് കലാപമെരിഞ്ഞ ഒറീസയുടെ നെടുവീര്‍പ്പ് പുറംലോകം നേരാംവണ്ണമറിഞ്ഞത്. മലയാളത്തിലെ മുഖ്യപത്രങ്ങളെല്ലാം തലസ്ഥാനത്തെ പ്രമുഖ ലേഖകരെ ഒറീസയിലേക്കയച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയെങ്കില്‍ മാസമൊന്ന് പിന്നിട്ട് ശീമത്തമ്പുരാന്‍മാരുടെ ചീത്തകേട്ട ശേഷമാണ് ദേശീയപത്രങ്ങളില്‍ ഈ നരമേധം മുഖ്യവാര്‍ത്തയായത്. ഒരു മനുഷ്യായുസ്സിന്റെ ദുരിതങ്ങളൊക്കെയും ഒറ്റ രാപ്പകലില്‍ അനുഭവിക്കേണ്ടി വന്ന ഗുജറാത്ത് വംശഹത്യയുടെ ജീവിക്കുന്ന രക്തസാക്ഷി ബില്‍ക്കീസ് ബാനുവിന് അനുകൂല കോടതിവിധിക്ക് പിന്നാലെ നേരിടേണ്ടി വന്നത് മാധ്യമപ്രവര്‍ത്തകരുടെ ഇക്കിളിചോദ്യങ്ങളാണ്. ഒറീസയില്‍ വര്‍ഗീയവാദികള്‍ മാനഭംഗത്തിനിരയാക്കിയ കന്യാസ്ത്രീയെ മോശക്കാരിയായി ചിത്രീകരിച്ച് വാര്‍ത്തകളെഴുതാനും ചിലര്‍ പേനയെടുത്തു. ഖൈര്‍ലാഞ്ചിയില്‍ ദലിത് കുടുംബത്തെ അരുംകൊല ചെയ്ത മേല്‍ജാതിക്കാരെ വെറുതെവിട്ട കോടതി വിധിയെയും മാധ്യമങ്ങള്‍ കൈയടിച്ച് പാസാക്കി.

ഇന്ത്യ^അമേരിക്ക ആണവ കരാറിനെച്ചൊല്ലിയുള്ള ചര്‍ച്ചകളും വാഗ്വാദങ്ങളുമാണ് ഒരു പക്ഷേ, രാജ്യചരിത്രത്തെ പോയ വര്‍ഷം ഗതിമാറ്റി വിട്ടത്. കരാറിന്റെ മഹത്ത്വങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയും ടോം വടക്കനും മുതല്‍ കോണ്‍ഗ്രസ് ഓഫീസിലെ അരിവെപ്പുകാരന്‍ വരെയുള്ളവര്‍ ന്യൂസ് റൂമുകളിലിരുന്ന് ക്ലാസെടുത്തിട്ടും ശരാശരി ഇന്ത്യക്കാരന്റെ മനസ്സിലെ സംശയങ്ങള്‍ ഏറി വന്നു. സര്‍ക്കാര്‍ താല്‍പര്യം ദേശ സുരക്ഷയേക്കാളുപരി മറ്റുചില കാര്യങ്ങളിലാണെന്ന തോന്നല്‍ ജനങ്ങളിലെത്തിക്കാന്‍ പ്രാദേശിക പത്രങ്ങള്‍ക്കായി. യു.പി.എ സര്‍ക്കാറിന്റെ വിധി നിര്‍ണയിക്കാന്‍ കെല്‍പുണ്ടെന്ന് വിശ്വസിക്കപ്പെട്ട സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടായിരുന്നു അന്നാളുകളില്‍ മീഡിയ ഊതി വീര്‍പ്പിച്ച വര്‍ണബലൂണ്‍. കാരാട്ടിന്റെ നോക്കും വാക്കും വാര്‍ത്തയായി. ഭരണകൂടത്തിന്റെ ആട്ടിത്തെളിയെ ധിക്കരിച്ച് കണ്ണിലെ കറുത്ത പട്ടകള്‍ നീക്കി മാധ്യമക്കുതിരകള്‍ നേരിന്റെ വഴിയേ പായുമെന്ന് തോന്നിപ്പിച്ച കാലമായിരുന്നു അത്. ഒടുവില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ പവര്‍ബ്രോക്കര്‍മാരുടെ ഊക്കിലും നോട്ടുകെട്ടുകളുടെ വഴുവഴുപ്പിലും തട്ടിവീണുടഞ്ഞ രാജ്യതാല്‍പര്യങ്ങള്‍ക്കൊപ്പം ആ തോന്നലുകളും ഓര്‍മയായി.

വിലകൊടുത്തു വാങ്ങിയ വിശ്വാസത്തിന്റെ നൈതികതയെ ചോദ്യം ചെയ്യാന്‍ മാധ്യമലോകം വായ തുറന്നതിനു തൊട്ടുപിന്നാലെ ഐ.ടി തലസ്ഥാനമായ ബാംഗ്ലൂര്‍ മുതല്‍ രാജ്യ തലസ്ഥാനമായ ദല്‍ഹിയില്‍ വരെ സ്ഫോടന പരമ്പരകള്‍ അരങ്ങേറി. അതോടെ ദേശം-ദേശീയത-ദേശസുരക്ഷ എന്ന സമവാക്യത്തിലേക്ക് മാധ്യമങ്ങള്‍ ക്രിയ മാറ്റി. ദല്‍ഹിയിലെ, മുംബൈയിലെ,ഗുജറാത്തിലെ പോലിസിന്റെ നെറികേടുകള്‍ നിയമവാഴ്ചക്ക് എത്രയേറെ ഭീഷണിയുയര്‍ത്തുന്നതാണെന്ന് ഏറ്റവും നന്നായറിയുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. ജ്വല്ലറികളിലെ മോഷണകേസുകളില്‍ പോലും പോലിസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത മാധ്യമങ്ങള്‍ക്ക് ബോംബ്സ്ഫോടനങ്ങളിലും ഭീകരവേട്ടയിലും പരസ്പരബന്ധമില്ലാത്ത പോലിസ് നിലപാടുകളായിരുന്നു പരമസത്യം. ദല്‍ഹി, അഹ്മദാബാദ് സ്ഫോടനങ്ങളുടെ സൂത്രധാരന്‍മാരെ പടക്കുന്നതില്‍ പോലിസും പത്രങ്ങളും മല്‍സരിച്ചു. പൊട്ടിയത് ബോംബെങ്കില്‍ വെച്ചത് 'ജിഹാദികള്‍' തന്നെ എന്ന് ഏറ്റുവിളിച്ചു. മുസ്ലിംകള്‍ കൂട്ടമായി പാര്‍ക്കുന്ന ഗ്രാമങ്ങളെല്ലാം തീവ്രവാദത്തിന്റെ ഫാക്ടറികളായി ലോകര്‍ക്ക് മുന്നില്‍ പ്രചരിപ്പിക്കപ്പെട്ടു. ചരിത്രമുറങ്ങുന്ന അഅ്സംഗഢ് മുതല്‍ ആലുവ വരെ ഭീകരതയുടെ ഭൂപടത്തിലെ ലാന്‍ഡ്മാര്‍ക്കുകളായി. ഇന്ത്യ ബോംബില്‍ തലവെച്ചുറങ്ങുന്നു എന്ന് മുഖപ്രസംഗമെഴുതിയ പത്രങ്ങള്‍ കാണ്‍പൂരിലും കണ്ണൂരിലും നിര്‍മാണത്തിനിടെ ബോംബു പൊട്ടി സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മരിച്ച വാര്‍ത്ത സൌകര്യപൂര്‍വം നിര്‍വീര്യമാക്കി. മാലേഗാവിലെ അങ്ങാടിയില്‍ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏതെങ്കിലും അറബിപ്പേരുള്ള സംഘടനക്കുമേല്‍ വെച്ചുകെട്ടാന്‍ പോലിസ്^മാധ്യമ കൂട്ടുകെട്ട് ആഞ്ഞ് ശ്രമിക്കുന്നതിനിടെയാണ് ഹിന്ദുത്വ ഭീകരതയുടെ മുഖംമൂടി അഴിഞ്ഞുവീണത്. സ്വാതന്ത്യ്രത്തിന് മുമ്പും പിമ്പും നടന്ന വര്‍ഗീയ കലാപങ്ങള്‍, ഗാന്ധിവധം, ബാബരി മസ്ജിദ് ധ്വംസനം തുടങ്ങിയ ചോരമണം മാറാത്ത തെളിവുകള്‍ നിലനില്‍ക്കുമ്പോഴും ഹിന്ദുത്വഭീകരത എന്നൊരേര്‍പ്പാട് ഇന്നാട്ടിലില്ലെന്ന് നടിച്ച മാധ്യമങ്ങള്‍ ഒടുവിലിത് തുറന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിതരായി. ഭീകരത സംബന്ധിച്ച വാര്‍ത്തകള്‍ ചൂടോടെ വിളമ്പാന്‍ മല്‍സരിക്കുന്ന മുന്‍നിര മാധ്യമങ്ങള്‍ കാണാതിരുന്ന കാവിഭീകരതയെക്കുറിച്ച വിശേഷങ്ങള്‍ യഥാസമയം പുറത്തുവിട്ടത് മുംബൈയില്‍ നിന്നിറങ്ങുന്ന സമാന്തര പ്രസിദ്ധീകരണമായ 'കമ്യൂണലിസം കോംബാറ്റ്' ആയിരുന്നു. 'സഫ്രണ്‍ ടെറര്‍' എന്ന തലക്കെട്ടില്‍ നവയുഗ കാവി ഫാഷിസ്റ്റുകളുടെ പ്രവര്‍ത്തന രീതി വിശദീകരിച്ച് ഡോക്യുമെന്ററി അവതരിപ്പിച്ച സി.എന്‍.എന്‍ ^ഐ.ബി. എന്‍ ചാനലും വേറിട്ടു നടന്നു. ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലെ മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പുറത്തുവിട്ട അലോസരപ്പെടുത്തുന്ന അറിവുകള്‍ പ്രേക്ഷകരിലെത്തിക്കുന്നതില്‍ ഇംഗ്ലീഷ് വാര്‍ത്താചാനലുകള്‍ പിശുക്ക് കാണിച്ചില്ല. എന്നാല്‍, മുസ്ലിം ഭീകരതയെക്കുറിച്ചെഴുതിയ ഉലക്കവലിപ്പമുള്ള പേന മാലേഗാവിലെത്തിയപ്പോഴേക്കും മലയാളപത്രങ്ങളില്‍ നിന്നടക്കം കാണാതെ പോയി.

ബട്ല ഹൌസ് ഏറ്റുമുട്ടലോടെ പോലിസ്^മീഡിയ ബാന്ധവം വീണ്ടും മറനീക്കി. രാജ്യത്തെ നടുക്കിയ സ്ഫോടനങ്ങളുടെ സൂത്രധാരരെന്ന് സംശയിക്കുന്നവരെ പിടികൂടാനുള്ള അതിരഹസ്യ ഓപറേഷന്‍ നടക്കാന്‍ പോകുന്ന വിവരം ആദ്യമറിഞ്ഞത് സ്റ്റേഷനിലെ പറ്റുകാരായ പത്രക്കാരായിരുന്നു. ദുരൂഹമായ ഒരുപാട് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന മോഹന്‍ചന്ദ് ശര്‍മയും സംഭവത്തിനിടെ തോക്കിനിരയായതോടെ പട്ടാപ്പകല്‍ രണ്ട് ചെറുപ്പക്കാരെ വെടിവെച്ചുകൊന്ന നടപടി കീഴ്ക്കാംതൂക്ക് മറിച്ച് ഭീകരതക്കെതിരായ യുദ്ധമാക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് മടിയുണ്ടായില്ല. മരിച്ച വിദ്യാര്‍ഥികളിലൊരാള്‍ പഠിച്ചിരുന്ന ജാമിഅ മില്ലിയ്യ സര്‍വകലാശാലക്കെതിരെയും മാധ്യമങ്ങള്‍ ദേശദ്രോഹത്തിന്റെ കുറ്റംചാര്‍ത്തി. അതിവൈകാരിക റിപ്പോര്‍ട്ടിംഗും വിദ്വേഷ പ്രചാരണവും അതിരുകടന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് താക്കീതു നല്‍കാന്‍ ദല്‍ഹിയിലെ പത്രപ്രവര്‍ത്തക യൂനിയന്‍ നിര്‍ബന്ധിതരായി. അതിനിടെ ഏറ്റുമുട്ടലിന്റെ തുടര്‍ക്കഥകളുമായിറങ്ങിയ 'ഇന്ത്യാടുഡേ' വളര്‍ത്തു തത്തയെപ്പോലെ ഇന്റലിജന്‍സ് ഏജന്‍സി പാടിയ ഭീകരതയുടെ പടപ്പാട്ടുകള്‍ ഏറ്റുപാടി. എന്നാല്‍, പോലിസ് ഭാഷ്യത്തില്‍ സംശയമുന്നയിച്ച് വാര്‍ത്തയെഴുതിയ ആദ്യപത്രങ്ങളിലൊന്ന് 'ഇന്ത്യാ ടുഡേ' തറവാട്ടിലെ പുതുമുറക്കാരനായ 'മെയില്‍ ടുഡേ'യായിരുന്നു. 'മെയില്‍ ടുഡേ'യുടെ അസോസിയേറ്റ് എഡിറ്റര്‍ പദവിയിലുള്ള മലയാളിയായ രാജേഷ് രാമചന്ദ്രന്‍ ടി.വി ചര്‍ച്ചകളിലൂടെയും തന്റെ സംശയങ്ങള്‍ മറയേതുമില്ലാതെ തുറന്നുപറഞ്ഞു.

പാക് അധീനകശ്മീരിലേക്ക് കടക്കാന്‍ ശ്രമിക്കെ മലയാളിചെറുപ്പക്കാര്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചെന്ന പോലിസ് ഭാഷ്യം അതേപടി പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ ഈ സംഭവത്തെ ചൂഴ്ന്നുനില്‍ക്കുന്ന ദുരൂഹതയുടെ കുരുക്കഴിക്കാന്‍ ഇനിയും തയാറാവുന്നില.്ല നക്സല്‍ വര്‍ഗീസിനെ പിടികൂടി കണ്ണുകെട്ടി വെടിവെച്ചു കൊന്നശേഷം ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന് പാടി നടന്ന പോലിസ് ചരിത്രമുള്ള നാടാണിത്. എന്നിട്ടും സന്തോഷ് ട്രോഫി ഫുട്ബാളും നിയമസഭാതെരഞ്ഞെടുപ്പും റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രതിനിധികളെ കശ്മീരിലേക്കയച്ച പത്രങ്ങളൊന്നും കേരളത്തിന്റെ കെട്ടുറപ്പിനുതന്നെ ഭീഷണിയായേക്കാവുന്ന ഭീകരബന്ധത്തിന്റെ നേരറിയാന്‍ മെനക്കെടുന്നില്ലെന്നത് ആശങ്കയുളവാക്കുന്നു.

മുംബൈ നഗരത്തിലെ ഭീകരാക്രമണം രാജ്യവിരുദ്ധ ശക്തികള്‍ക്കെന്നപോലെ മാധ്യമങ്ങള്‍ക്കും ആഘോഷപ്പെരുന്നാളായിരുന്നു. സംഭവിച്ചത് ഇന്ത്യയുടെ 9/11 എന്ന് പറയുമ്പോള്‍ വാര്‍ത്താ അവതാരകരുടെ ചുണ്ടില്‍ ഒരു നിഗൂഢ ആനന്ദം ശ്രദ്ധിച്ചിരുന്നില്ലേ? താജിനുള്ളില്‍ കുടുങ്ങിപ്പോയ പാര്‍ലമെന്ററി സമിതിയംഗങ്ങളടക്കമുള്ള വി.ഐ.പികളുടെ ജീവനെക്കുറിച്ച് സങ്കടപ്പെട്ടവര്‍ക്ക് സ്വജീവന്‍ പണയപ്പെടുത്തി അതിഥികളെ രക്ഷിക്കാന്‍ ശ്രമിച്ച ഹോട്ടലിലെ പരിചാരകരുടെ ജീവനില്‍ ആശങ്കയുണ്ടായിരുന്നില്ല. യുദ്ധമാണ് മറുപടിയെന്ന് പൊതുജനങ്ങളെക്കൊണ്ട് പറയിക്കുന്നതിലും അവര്‍ വിജയം കണ്ടു.

ഭീകരാക്രമണം അരങ്ങേറിയ താജ് ഹോട്ടലിനകത്ത് പെട്ടുപോയ പെങ്ങളുടെ വിവരമറിയാന്‍ വന്ന് കണ്ണീരോടെ കാത്ത് നില്‍ക്കുന്ന ചെറുപ്പക്കാരനോട് (കുത്തിവെക്കാനെത്തിയ കുട്ടിയോട് നഴ്സമ്മ ചോദിക്കുന്ന ലാഘവത്തോടെ) 'ടെന്‍ഷനുണ്ടോ?' എന്ന് ചോദിക്കുന്ന ബര്‍ക്കാ ദത്തിന്റെ അമിതാവേശ പത്രപ്രവര്‍ത്തനം പലപ്പോഴും ഓക്കാനമുണ്ടാക്കി. എന്നാല്‍, ഭീകരാക്രമണത്തിനിടെ മരിച്ച മഹാരാഷ്ട്ര എ.ടി.എസ് തലവന്‍ ഹേമന്ത് കര്‍ക്കരെയുടെ ചിത കൊളുത്താന്‍ നില്‍ക്കുന്ന കൌമാരക്കാരനായ മകന്‍ ആകാശിനോട് എന്ത് തോന്നുന്നു എന്ന് ചോദിച്ച ടി.വി റിപ്പോര്‍ട്ടര്‍ പോഴത്തരത്തിലും മനഃസാക്ഷിയില്ലായ്മയിലും ബര്‍ക്കയെ കടത്തിവെട്ടി.

കെട്ടും മട്ടും കൂടുതല്‍ മിഴിവുറ്റതാക്കിയെങ്കിലും 'തെഹല്‍ക്ക'യുടെ പല്ലിന്‍ ശൌര്യം പണ്ടേ പോലെ ഫലിച്ചില്ല പോയയാണ്ടില്‍. എന്നാല്‍, വര്‍ഷങ്ങളായി ഇന്റലിജന്‍സ് ഏജന്‍സികളും മാധ്യമങ്ങളും ചേര്‍ന്ന് പറഞ്ഞ് പേടിപ്പിച്ചിരുന്ന സിമി എന്ന 'പ്രേതമുറി' ശൂന്യമാണെന്ന് തുറന്നു കാണിച്ച തെഹല്‍ക എഡിറ്റര്‍ അറ്റ് ലാര്‍ജ് അജിത് സാഹി സാഹസിക പത്രപ്രവര്‍ത്തനത്തില്‍ തിളങ്ങുന്ന താരമായി. 'അമര്‍ ആസാം' പത്രത്തിലെ ജഗജിത് സൈകിയ, 'ഇംഫാല്‍ ഫ്രീ പ്രസി'ലെ സബ് എഡിറ്റര്‍ ട്രെയിനി കൊന്‍സം റിഷികാന്ത, 'ഹെഡ്ലൈന്‍സ് ടുഡേ'യിലെ സൌമ്യ വിശ്വനാഥന്‍ എന്നിവരാണ് പോയ വര്‍ഷം ജോലിക്കിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍. അമര്‍നാഥ് പ്രക്ഷോഭകാലത്ത് ജനം സത്യമറിയുന്നതിനെ ഭരണകൂടം ശരിക്കും ഭയപ്പെട്ടു. കശ്മീര്‍ താഴ്വരയിലിറങ്ങുന്ന നാല്‍പതിലേറെ ഇംഗ്ലീഷ്, ഉര്‍ദു പത്രങ്ങളിലൊന്നുപോലും പത്തുദിവസത്തോളം ന്യൂസ് സ്റ്റാന്റുകളിലെത്തിയില്ല. റിപ്പോര്‍ട്ടിംഗിനിടെ പതിനഞ്ചിലേറെ പത്രപ്രവര്‍ത്തകര്‍ക്കാണ് കശ്മീരില്‍ മാത്രം ഗുരുതര പരിക്കേറ്റത്.

മാഫിയാ ബന്ധത്തിന് കുപ്രസിദ്ധനായ ഒ.പി. മാഥൂറിനെ അലഹബാദ് പോലിസ് കമീഷണറായി നിയമിക്കുന്നതിനെതിരെ പരമ്പര പ്രസിദ്ധീകരിച്ച 'ടൈംസ് ഓഫ് ഇന്ത്യ'യുടെ പ്രവര്‍ത്തകര്‍ കോടതി കയറേണ്ടി വന്നു. മറാത്താ ദേശീയ വാദത്തിനെതിരെ ഉജ്വല മുഖപ്രസംഗമെഴുതിയതിന് 'ലോക്സത്ത' എഡിറ്റര്‍ കുമാര്‍ കേല്‍ക്കറിന്റെ വീട് ആക്രമിക്കപ്പെട്ടു. ഇനിയുമേറെ നീളാത്തൊരു ചെറുപട്ടിക ഒഴിച്ചുനിര്‍ത്തിയാല്‍ മാധ്യമപ്രവര്‍ത്തകരല്ലാത്ത അരുന്ധതി റോയിയും സദാനന്ദ് മേനോനും പ്രൊഫ. മുകുള്‍ കേശവനും പേര് പറയാതെ നേര് പറഞ്ഞ അസംഖ്യം ബ്ലോഗര്‍മാരും നടത്തിയ മാധ്യമ ഇടപെടലുകളാണ് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഇരുട്ടില്‍ പ്രതിരോധത്തിന്റെ നക്ഷത്രത്തുട്ടുകളായി അവശേഷിക്കുന്നത്.

റിപ്പോര്‍ട്ടിംഗില്‍ സദാചാരമോ സാമാന്യമര്യാദകളോ പാലിക്കാത്ത ഇന്ത്യന്‍ പത്രലോകം അമേരിക്കന്‍ പ്രസിഡന്റിനു നേരെ ചെരിപ്പേറ് നടത്തിയ ഇറാഖി പത്രപ്രവര്‍ത്തകന്റെ അധികപ്രസംഗത്തെക്കുറിച്ച് അതിഗഹന ചര്‍ച്ചകള്‍ നടത്തി. അരാഷ്ട്രീയത പ്രചരിപ്പിച്ച് ജനമനസ്സുകളില്‍ യുദ്ധജ്വരം പടര്‍ത്തി അയല്‍വാസിയെ ശത്രുവായി കാണാന്‍ പ്രേരിപ്പിക്കുന്നതില്‍ ഉളുപ്പു തോന്നാത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ മുന്‍തളിറിന്റെ പ്രകടനം കടന്നകൈയായെന്ന് വിധിയെഴുതി. പത്രക്കാരന്‍ എന്ന മേല്‍വിലാസം അയാള്‍ ദുരുപയോഗം ചെയ്തതായും വാദങ്ങളുണ്ടായി. മദ്യശാലയില്‍ മുതല്‍ ബസ്സ്റ്റാന്റ് മൂത്രപ്പുരകളില്‍ വരെ പ്രസ് കാര്‍ഡ് കാണിച്ച് കാര്യം സാധിക്കുന്ന പത്രക്കാരാണിത് പറഞ്ഞതെന്നോര്‍ക്കണം. ബുഷിനോളം നീചരല്ലെങ്കിലും ചെരുപ്പിനടികൊള്ളാന്‍ യോഗ്യരായി ഒരുപാട് പേര്‍ നമുക്കിടയിലുമുണ്ടായിരുന്നു. രാജ്യത്തെ ജനങ്ങളെ ഭാഷയുടെ പേരില്‍ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ച ഛോട്ടാ താക്കറെ മുതല്‍ ചെങ്ങറയിലെയും മൂലമ്പള്ളിയിലെയും വിലാപത്തെ കലാപമായും കൊള്ളയടിയായും പരിഹസിച്ച കാലഹരണപ്പെട്ട പുണ്യാളന്‍ വരെ! പക്ഷേ, എന്തുചെയ്യാന്‍? ഈ നേരമൊക്കെയും അധികാരകേന്ദ്രങ്ങള്‍ക്ക് കീഴില്‍ അനുസരണയോടെയിരുന്ന് പാദസേവ നടത്തുന്ന തിരക്കിലായിരുന്നു ഇന്ത്യന്‍ മാധ്യമക്കൂട്ടം.