സി. ദാവൂദ്
അടുത്ത ഒന്നു രണ്ടു ദിവസങ്ങളായി ഇന്റര്‍നെറ്റില്‍ യൂട്യൂബ് വഴി വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ ചിത്രമുണ്ട്; ബീമാപള്ളി പ്രദേശത്തെ കടപ്പുറത്ത് കൂടി ഒരു ഡസനിലേറെ പേരുള്ള പോലിസുകാരുടെ സംഘം ഒരു ചെറുപ്പക്കാരന്റെ (മൃത?)ശരീരം, ചത്ത പശുവിനെ കുഴിയിലേക്കെന്നവണ്ണം, നിസ്സങ്കോചം മണലിലൂടെ വലിച്ചുകൊണ്ടു പോകുന്നതാണ് ചിത്രം.
ആഫ്രിക്കയിലും മറ്റും നടക്കുന്ന ആഭ്യന്തര കലാപങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൃദയം തുളക്കുന്ന അത്തരം ദൃശ്യങ്ങള്‍ സാധാരണ കാണാറുള്ളത്. ഗാസയിലെ പട്ടാളക്കാര്‍ തിരുവനന്തപുരത്തുമെത്തിയോ എന്ന് ഒരുപക്ഷേ, ശങ്കിച്ചുപോകാവുന്ന രംഗം. പരസ്പരമുള്ള സംസാരങ്ങള്‍ ഒട്ടുമേ വ്യക്തമല്ലാത്തവിധം കാക്കകളുടെ കൂട്ടക്കരച്ചിലാണ് പശ്ചാത്തലത്തില്‍. ഇങ്ങനെയൊരു ചെയ്തി കാക്കകള്‍ക്ക് പോലും സഹിക്കാന്‍ പറ്റാത്തതുപോലെ. അവ ബഹളംവെച്ച് കൂട്ടത്തോടെ പിന്നാലെ കൂടുന്നു. ആദിമനുഷ്യന്‍ ആദാമിന്റെ മകന്‍ ഹാബീല്‍ കൊല ചെയ്യപ്പെട്ടപ്പോഴും ഒരു കാക്ക തന്നെയായിരുന്നു സാക്ഷി.
ഇത് വല്ലാത്തൊരു അന്തംകെട്ട അദ്ഭുതം തന്നെ. ഒരു ലാത്തിച്ചാര്‍ജ് പോലും വലിയ രാഷ്ട്രീയ, മാധ്യമ കോളിളക്കം സൃഷ്ടിക്കുന്ന ഈ കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പോലിസ് വെടിവെപ്പ് മൌനത്തിന്റെ കാതടപ്പിക്കുന്ന ശബ്ദത്താല്‍ ആര്‍ക്കും കേള്‍ക്കാന്‍ കഴിയാതെ പോവുന്നു. ഒന്നോര്‍ത്തു നോക്കൂ: ഒരു ആദിവാസി യുവാവ് കൊല്ലപ്പെട്ട മുത്തങ്ങ വെടിവെപ്പ് കേരളത്തില്‍ സൃഷ്ടിച്ച തിരമാലകള്‍, മന്ത്രിയെ റോഡില്‍ തടയാന്‍ വന്ന കൂത്തുപറമ്പിലെ ചെറുപ്പക്കാര്‍ക്കു നേരെ നടന്ന വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഉണ്ടായ അക്രമപരമ്പരകള്‍; മാധ്യമ വാര്‍ത്താ/വിശകലനങ്ങളുടെ പ്രളയപ്പാച്ചില്‍; എന്തിന്, അരനൂറ്റാണ്ട് മുമ്പ് ഇതേ തിരുവനന്തപുരത്തെ മറ്റൊരു കടപ്പുറത്ത് ഫ്ലോറി എന്ന യുവതി ഇ.എം.എസിന്റെ പോലിസിനാല്‍ വെടിയേറ്റ് മരിച്ചത് ഇന്നും കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു സവിശേഷ അധ്യായമായി നിലനില്‍ക്കുന്നത്; അതേ കേരളത്തില്‍ തന്നെയാണ് തലസ്ഥാനനഗരിയില്‍ രായ്ക്കു രാമാനം ആറ് മനുഷ്യജീവനുകള്‍ ഭരണകൂട ഏജന്‍സിയുടെ കൈയാല്‍ നിന്നനില്‍പില്‍ പൊലിഞ്ഞു തീരുന്നത്. ഒരു ഇല പോലും അനങ്ങിയില്ല; ഒരു തിസീസും പുതുതായി ജനിച്ചില്ല; ഒരു ടോക് ഷോയും ടി.വി സ്റ്റുഡിയോകളില്‍ സെറ്റ് ചെയ്യപ്പെട്ടില്ല. തലസ്ഥാനനഗരിയില്‍ ബുദ്ധിജീവികള്‍ക്ക് പഞ്ഞമില്ല. മാധ്യമകുബേരന്മാരുടെ വിഹാര ഭൂമിയാണവിടെ. ചാനല്‍ കുമാരീ കുമാരന്മാരെക്കൊണ്ട് വഴി നടക്കാന്‍ പറ്റാത്ത നഗരം. സ്നേഹം എന്നൊക്കെപ്പറഞ്ഞ് ആളെ കോഴിയാക്കുന്ന സിനിമാക്കാര്‍, കലാകാരന്മാര്‍, എഴുത്തുകാര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, പാട്ടുകാര്‍, സകലകലാവല്ലഭന്മാര്‍ എല്ലാം വന്നടിഞ്ഞുകിടക്കുന്ന മഹാനഗരം. നഗരമധ്യത്തില്‍ നിന്ന് അരമണിക്കൂര്‍ പോലും വേണ്ട ബീമാപള്ളിയില്‍ ഒന്നു പോയി വരാന്‍. മാറാട്ടും പാനൂരും പാട്ടുത്സവങ്ങളും സാംസ്കാരിക ജുഗല്‍ബന്ദികളും സംഘടിപ്പിച്ച വീരശിരോമണികള്‍ പക്ഷേ, ബീമാ പള്ളിയോ; അതങ്ങ് ചൊവ്വാ ഗ്രഹത്തിലല്ല്യോ എന്ന മട്ടിലാണ്. ലെസ്ബിയന്‍, ഗേ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിവരെ പ്രബന്ധങ്ങളും പ്രക്ഷോഭങ്ങളുമായി രംഗത്തുവരാറുള്ള മനുഷ്യാവകാശക്കാരും ആക്ടിവിസ്റ്റുകളും ബീമാപള്ളിയെക്കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞില്ല.
എന്തുകൊണ്ടാണ് കേരളീയരായ ആറ് മനുഷ്യര്‍ വെടിയേറ്റ് മരിച്ചു വീണിട്ടും, അതിന്റെ എത്രയോ ഇരട്ടി പേര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ പറ്റാത്തവിധം ജീവച്ഛവങ്ങളായിട്ടും അത് ഒരു വിഷയമേ ആവാതെ പോവുന്നത്? കാരണം വ്യക്തം; അവര്‍ കേരളീയരാണെന്നത് നാലാമതോ അഞ്ചാമതോ ആയി വരുന്ന കാര്യം മാത്രമാണ്. അവര്‍ കടപ്പുറത്തുകാരാണ്, പരമദരിദ്രരാണ്, ഒരു സംഘടനയുമായും ബന്ധമില്ലാത്തവരാണ്. അവരുടെ ജീവന്‍ പരിഗണിക്കപ്പെടേണ്ട ഒന്നാണെന്ന് കേരളത്തിന്റെ പൊതുബോധം മനസ്സിലാക്കുന്നില്ല. ഭരണകൂടത്തിന്റെ തോക്കിന് എളുപ്പത്തില്‍ എത്തിപ്പിടിക്കാന്‍ പറ്റുന്ന ലക്ഷ്യങ്ങളാണവര്‍. അവര്‍ ഇത്രയും കാലം ജീവിച്ചതു തന്നെ ഞങ്ങളുടെയൊക്കെ ഔദാര്യത്തില്‍ എന്നായിരിക്കും രാഷ്ട്രീയ, മാധ്യമ, സാംസ്കാരിക രംഗത്തുള്ള കുബേരന്മാര്‍ വിചാരിച്ചു കൊണ്ടിരിക്കുന്നത്.
ബീമാപള്ളിയില്‍ എന്താണ് നടന്നതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ചില മാധ്യമങ്ങള്‍ ഇപ്പോള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതു പോലെ വന്‍ തീവ്രവാദ ഗൂഢാലോചന തകര്‍ക്കുന്നതിന്റെ ഭാഗമായാണ് അവിടെ വെടിവെപ്പ് നടന്നതെങ്കില്‍ അതും ജനങ്ങള്‍ അറിയട്ടെ (ലോഞ്ചര്‍ ബോംബുകള്‍ വരെ അക്രമികളുടെ കൈവശം ഉണ്ടായിരുന്നുവെന്നാണ് ഒരു കോട്ടയം പത്രം എഴുതിക്കളഞ്ഞത്. എങ്കില്‍ അതിന്റെ അവശിഷ്ടമെങ്കിലും കണ്ടുപിടിച്ച് ഉറവിടം കണ്ടെത്തേണ്ട ഉത്തരവാദിത്തം പോലിസിനുണ്ട്) ഉസാമ ബിന്‍ ലാദനും 'അല്‍കൊയ്ത'യും അവിടെ അതീവ രഹസ്യമായി ഓപറേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതും ജനങ്ങളറിയണമല്ലോ. നമ്മുടെ തലസ്ഥാന നഗരിയില്‍ വരെ കയറിക്കളിക്കാന്‍ 'അല്‍കൊയ്ത'ക്ക് കഴിഞ്ഞെങ്കില്‍ പിന്നെയെന്തിനാണ് ആഭ്യന്തര മന്ത്രിയെന്ന് പറഞ്ഞ് ഒന്ന് അവിടെ രാപ്പാര്‍ക്കുന്നു?
മാധ്യമശിരോമണികള്‍ ഇപ്പോള്‍ പുതിയൊരു തിസീസുമായി രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിലെ മാധ്യമങ്ങള്‍ ഒരു തരം സ്വയം പ്രഖ്യാപിതസംയമനം പാലിക്കുകയായിരുന്നുവത്രേ. ഇതു നല്ല ചേല്. അഞ്ചാറെണ്ണത്തിനെ വെടിവെച്ച് വീഴ്ത്തുക; അവരുടെ ജഡം ചത്ത അറവുമാടുകളെ കൊണ്ടുപോകുന്നതുപോലെ വലിച്ചു കൊണ്ടുപോവുക, വെടിയേറ്റു വീണവരെ രക്ഷിക്കാന്‍ വന്നവരെപ്പോലും വെടിവെച്ച് വീഴ്ത്തുക-എന്നിട്ട് അതിനെക്കുറിച്ച് കമ മിണ്ടാതിരിക്കുക; അതിനെ ആത്മസംയമനം എന്നൊരു തിസീസ് കൊണ്ട് സൈദ്ധാന്തികവത്കരിക്കുക. ബീമാപള്ളിക്കാര്‍ ഇവരില്‍ പലരെയും പോലെ ബുദ്ധിജീവികളല്ലെങ്കിലും സാമാന്യ ബുദ്ധിയുള്ളവരാണ്. ഇവര്‍ പറയുന്നതെന്താണെന്ന് അവര്‍ക്ക് ശരിക്കും മനസ്സിലാകുന്നുണ്ട്. സത്യമായും തങ്ങളെ മനുഷ്യഗണത്തില്‍ ഉള്‍പ്പെടുത്താന്‍ വൈമനസ്യമുള്ള ഒരു വര്‍ഗത്തിന്റെ കൈയിലാണ് നമ്മുടെ സാംസ്കാരിക, മാധ്യമ, രാഷ്ട്രീയനേതൃത്വം എന്ന വേദനിപ്പിക്കുന്ന സത്യം ഇത്രയും തെളിമയില്‍ വെളിച്ചത്തുവന്ന അനുഭവം ഇതിനു മുമ്പുണ്ടായിട്ടില്ല. അതിനാല്‍ ബീമാപള്ളി സംഭവം വലിയൊരു സൂചകമാണ്. അതിലെ ഉള്ളറിവുകള്‍ അതിന്റെ ഇരകളായ സമൂഹം മനസ്സില്‍ സൂക്ഷിക്കുക തന്നെ ചെയ്യും.
ബീമാപള്ളി സംഭവത്തിന്റെ പേരില്‍ നാട്ടില്‍ മുഴുവന്‍ വിദ്വേഷം സൃഷ്ടിക്കണമെന്നല്ല പറയുന്നത്. കൂത്തുപറമ്പ് രക്തസാക്ഷികളെ വെച്ച് സി.പി.എമ്മും ഫ്ലോറിയെ വെച്ച് കോണ്‍ഗ്രസുകാരും കേരളമാകെ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ ആവര്‍ത്തിക്കണമെന്നുമല്ല. അങ്ങനെയുണ്ടാവാതിരിക്കാന്‍ ഏറ്റവും ശ്രമിച്ചത് മുസ്ലിം സംഘടനാനേതൃത്വം തന്നെയാണ്. വെടിയേറ്റ് മരിച്ചവരുടെ വീടുകളും പരിക്കേറ്റവര്‍ കിടക്കുന്ന ആശുപത്രിയും സന്ദര്‍ശിച്ച ശേഷം അവര്‍ പോയത് ലത്തീന്‍ കത്തോലിക്കരുടെ അരമനയിലേക്കാണ്. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്നമല്ല ഇതെന്നും അങ്ങനെയാവരുതെന്നും ശക്തമായ നിലപാടെടുത്തവരാണവര്‍. പക്ഷേ, ആത്മസംയമനത്തിന്റെ വീമ്പുവിളമ്പുന്ന മാധ്യമ വീരസ്വാമിമാര്‍ അതുപോലും വാര്‍ത്തയാക്കിയില്ല.
വമ്പിച്ച പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന ഇത്രയും ഭീകരമായ ഒരു സംഭവം അതും അതിവൈകാരികര്‍ ധാരാളം വസിക്കുന്ന ഒരു കടലോര കോളനിയില്‍ നടന്നിട്ടും മുസ്ലിം സമുദായ നേതൃത്വവും സംഘടനകളും കാണിച്ച അത്യന്തം അവസരോചിതമായ ഇടപെടലുകളെ പേരിനെങ്കിലും ഒന്നു പ്രശംസിക്കാന്‍ ആത്മസംയമന വീരന്മാരും ബുദ്ധിജീവി ഗോസായിമാരും രാഷ്ട്രീയ, ഭരണ നേതൃത്വവും ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ എന്നത് ഒരു കനലായി തന്നെ നിലനില്‍ക്കും. നമ്മുടെ പൊതുസമൂഹത്തിന്റെയും അതിന്റെ സാംസ്കാരിക, മാധ്യമ, രാഷ്ട്രീയ നേതൃത്വത്തിന്റെയും യഥാര്‍ഥ മുഖമെന്തെന്ന് നമുക്ക് പച്ചക്ക് തിരിച്ചറിയാന്‍, ആ തിരിച്ചറിവുകള്‍ കെടാതെ കാത്തുപോരാന്‍ ബീമാപള്ളി സംഭവം ശരിക്കും ഉപകരിച്ചു എന്നുറപ്പിക്കാം.
Sunday, May 24, 2009
വെടിയൊച്ചയേക്കാള്‍ മുഴക്കമുള്ള മൌനം
പോസ്റ്റ് ചെയ്തത്
Countercurrents
at
8:16 PM
Subscribe to:
Post Comments (Atom)

10 പിന്മൊഴികള്‍:
THIS IS THE RIGHT THING WHAT THE POLICE HAD TAKEN.
SINCE, OUR POLICE HAD SWUNG IN TO ACTION WITHIN NO TIME, A LARGER NUMBER OF LIVE HAVE BEEN SAVED. HATS OFF TO THE KERALA POLICE WHO HAS SHOWN THE GUTS TO ORDER FOR A FIRE.
EXPECTING THESE KIND OF ACTIONS IN EVERYWHERE WHEN THERE IS A VIOLATION OF LAW.
NO NEED OF CRYING FOR THE POLICE ACT. THEY HAVE SHOWN THEIR DEDICATION TO INDIA.
...PLEASE TRY TO STOP THE UNDERWORLD ACTIVICTIES IN BEEMA PALLY AREA..!
MAKE OUR LAW TO ACT THERE..!
COMMENT ON THIS BASIC ISSUE ALSO..DEAR FRIEND.
BEEMA PALLY AREA IS ISOLATED BY SOME SELFISH PEOPLE WHO USE RELIGION FOR THEIR BUISINESS BY BETRYING INNOCENT PEOPLE LIVING THERE.
ബീമാപള്ളിയിലെ മനുഷ്യരെ പോലീസ് എന്തിനാണ് വെടിവെച്ചു കൊന്നത്.
അവര്‍ ആരെയാണ് കടന്നാക്രമിച്ചത്. ബീമാപള്ളിക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ കേരളത്തിലെ, ഇന്ത്യയിലെ ഏത് ആശുപത്രികളിലാണ് ഇന്നുള്ളത്.
എവിടെ മുത്തങ്ങയിലെ സഹോദരര്‍ക്ക് വേണ്ടി കണ്ണുനീര്‍ പൊഴിച്ചവര്‍. കാണുന്നില്ലല്ലോ കൂത്തുപറമ്പിലെ സഖാക്കള്‍ക്കായി കേരളത്തിനെ നിച്ചലമാക്കിയവരെ.
പ്രബുദ്ധരായ കേരള സമുഹം പോലും സംഭവങ്ങളെ നോക്കിക്കാണുന്നത് ജാതിയും മതവും കോടിയുടെ നിറവും നോക്കിയാണ്.....
വാര്‍ത്ത ചാനലുകളുടെ ന്യുസ് റൂമുകളുടെ മൌനവും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കപടതയും സാഹിത്യ ബുദ്ധിജീവി സമുഹങ്ങളുടെ ഇരട്ടത്താപ്പുമാണ് പോലീസ് ബൂട്ടുകളുടെ ശബ്ദത്തേക്കാള്‍ ഇന്ന് ബീമാപള്ളി മക്കളുടെ ഉറക്കം കെടുത്തുന്നത്..!
വികാരം... കത്തിച്ചു പുരപ്പുറത്തു ഇടല്ലേ... തീ പിടിക്കും...
സാംസ്കാരിക, മാധ്യമ, രാഷ്ട്രീയ നേതൃത്വത്തിന്റെയും യഥാര്‍ഥ മുഖമെന്തെന്ന് നമുക്ക് പച്ചക്ക് തിരിച്ചറിയാന്‍, ആ തിരിച്ചറിവുകള്‍ കെടാതെ കാത്തുപോരാന്‍ ബീമാപള്ളി സംഭവം ശരിക്കും ഉപകരിച്ചു, ഉപകരിക്കും എന്നുറപ്പിക്കാം.
Kerala Police, shame on you.
If the culprits are from Muslim community, century old (the so called secular) newspapers and the news channels will go for a scrutiny of the incidents, like how they are "handling" Ma'adani and his wife. Otherwise, who cares.
Nutshell: Congress(I) bagged the first place send to more criminal politicians to Parliament. Second place goes to BJP. Jai Bharath Matha.
സത്യമറിയാനുള്ള സ്വാതന്ത്ര്യം ജനങ്ങൾക്കുണ്ട്. ആരാണു കുഴപ്പക്കാർ എന്ന് കണ്ടെത്തണം.
മാധ്യമങ്ങളുടെ മൌനം കാപട്യത്തിന്റെതാണ്.
ജനങ്ങളെ തമ്മിലടിപ്പിക്കാൻ ആരു ശ്രമിച്ചാലു അതിനെ നുള്ളിയെറിയുകയും വേണം.
നീതി പുലരട്ടെ.
അവിതേയ് വെടി കൊണ്ട് വീണത് മുസ്ലിം ആണ് അതു കൊണ്ട് ഒരു നായിനെടൈമോനും ഈ വിഷയം ഉയര്‍ത്ില്ല അതാണു ഫാസിസം
..കൌണ്ടര്‍കറണ്ട്സ് പോലുള്ള ഒരിടത്തിത്തരം ലേഖനം വന്നതില്‍ വിഷമമുണ്ട്. അതിന് ഇതിനു തൊട്ടു മുകളിലുള്ള പോലൊരു കമന്റ് വന്നതും. സുഹൃത്തേ, മാറാട്ടും മറ്റും മരിച്ചത് ആരായിരുന്നു? പാവപ്പെട്ട കടലോരവാസികളും നാട്ടാരും. അതു മുസ്ലീമോ ഹിന്ദുവോ എന്തു കുന്തോ ആകട്ടെ. ബീമാപ്പള്ളി പരിസരത്ത് കൊല്ലപ്പെട്ടത് സാമൂഹ്യവിരുദ്ധരല്ലാ ന്ന് താങ്കളെങ്ങനെ ഇത്ര ഉറപ്പിച്ചു പറയുന്നു? കുറെ സാമൂഹ്യവിരുദ്ധര്‍ പബ്ലിക് ഓര്‍ഡര്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കില്‍ അതിനെ നേരിട്ട പോലീസുകാര്‍ക്കു ശിക്ഷ. അല്‍കൊയ്ത- എന്നൊക്കെപ്പറഞ്ഞ് പുച്ഛിക്കാന്‍ വരട്ടെ. ഇത്തരം സംഘടനകള്‍, പോട്ടെ ഇതിന്റനിയന്മാനെങ്കിലും വേരുറപ്പിച്ച് തുടങ്ങുക വിദ്യാഭ്യാസനിലവാരം കുറഞ്ഞ പാവപ്പെട്ടവരുടെ ഇടയിലാണ്. ഒരു കാര്യം ഓര്‍ക്കണം. ഈ നാട്ടില് ഹിന്ദുവെന്നോ മുസ്ലീമെന്നോ ഭേദമില്ലാത്ത ഒരു ലെയറുണ്ട്. കാശുള്ളവന്റെ ഒരു ലെയര്‍. അതിനു ഇതൊന്നും ബാധകമേ അല്ല. നമ്മള്‍ സാധാരണക്കാര്‍ ഹിന്ദു-മുസ്ലിം-കൃസ്ത്യന്‍ പിന്നതിന്റെ ചെറുചെറു വിഭാഗങ്ങള്‍--ഇങ്ങനെ വിഭജിച്ച് നിര്‍ത്തപ്പെടണമെന്നത് രാഷ്ട്രീയക്കാരുടെ മാത്രം ആവശ്യമാണ്. അതു മനസ്സിലാവാതെ, വെട്ടൊന്നു,മുറി രണ്ട്- എന്ന തരത്തിലുള്ള ഇത്തരം നിലപാടുകളെടുത്താല്‍, ... മാറാട്ടെന്തു നടന്നു എന്ന് കൃത്യമായി അറിവുള്ള ആ നാട്ടുകാരിയാണ് ഞാന്‍. ഇവിടെ മതത്തിന്റെ പേരില്‍ കുറേ പാവപ്പെട്ട മനുഷ്യര്‍ ഹിന്ദുവെന്നും മുസ്ലീമെന്നും വേര്‍തിരിക്കപ്പെട്ടു കൊല്ലപ്പെട്ടപ്പോള്‍ ഇവിടെ ഒരുപാട് മനുഷ്യസ്നേഹികള്‍ അതിനെതിരെ രംഗത്തുവന്നിരുന്നു. അതു നിങ്ങളീപ്പറയണ ‘so called' സാംസ്കാരികനായകന്മാരൊന്നും ആയിരുന്നില്ല സുഹൃത്തേ.. സാധാരണ നാട്ടുകാരായിരുന്നു. ഇവിടുത്ത മാധ്യമങ്ങള്‍ - ചിലവയൊഴിച്ചാല്‍ വളരെ സംയമനം പാലിച്ചു എന്നതു തന്നെയാണു ശരി. അവിടെ സമാധാനം പുലരാന്‍ സഹായിച്ച മുസ്ലിം നേതൃത്വത്തെ അല്ല സുഹൃത്തേ.. ഇത്തരം ഒരു ഇഷ്യൂ ഉണ്ടായിട്ടും അവിടെ പിന്നൊരു കലാപം ഉണ്ടാകാതെ നോക്കിയ സാധാരണക്കാരായ മുസ്ലിം സമുദായക്കാരോടാണെനിക്കു ബഹുമാനം. മതവികാരം ആളിക്കത്തിക്കുന്ന തരത്തില്‍ ഇത്തരം ലേഖനങ്ങളെഴുതിക്കൂട്ടുകയും ഇവിടെ ഞാന്‍-എന്റെ മതം, എന്ന തരത്തില്‍ ചിന്തിക്കുകയും ചെയ്യുന്നതിനപ്പുറം ഒന്നു ചിന്തിക്കുക.
"എന്തുകൊണ്ടാണ് കേരളീയരായ ആറ് മനുഷ്യര്‍ വെടിയേറ്റ് മരിച്ചു വീണിട്ടും, അതിന്റെ എത്രയോ ഇരട്ടി പേര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ പറ്റാത്തവിധം ജീവച്ഛവങ്ങളായിട്ടും അത് ഒരു വിഷയമേ ആവാതെ പോവുന്നത്? കാരണം വ്യക്തം; അവര്‍ കേരളീയരാണെന്നത് നാലാമതോ അഞ്ചാമതോ ആയി വരുന്ന കാര്യം മാത്രമാണ്. അവര്‍ കടപ്പുറത്തുകാരാണ്, പരമദരിദ്രരാണ്, ഒരു സംഘടനയുമായും ബന്ധമില്ലാത്തവരാണ്. അവരുടെ ജീവന്‍ പരിഗണിക്കപ്പെടേണ്ട ഒന്നാണെന്ന് കേരളത്തിന്റെ പൊതുബോധം മനസ്സിലാക്കുന്നില്ല. ഭരണകൂടത്തിന്റെ തോക്കിന് എളുപ്പത്തില്‍ എത്തിപ്പിടിക്കാന്‍ പറ്റുന്ന ലക്ഷ്യങ്ങളാണവര്‍. അവര്‍ ഇത്രയും കാലം ജീവിച്ചതു തന്നെ ഞങ്ങളുടെയൊക്കെ ഔദാര്യത്തില്‍ എന്നായിരിക്കും രാഷ്ട്രീയ, മാധ്യമ, സാംസ്കാരിക രംഗത്തുള്ള കുബേരന്മാര്‍ വിചാരിച്ചു കൊണ്ടിരിക്കുന്നത്."
ammu, ningalum anganeththannyaaNO karuthunnath?
Post a Comment