Sunday, May 24, 2009

ബീമാപ്പള്ളിവെടിവെപ്പ് ചട്ടലംഘനം

ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍


ആറുപേരുടെ മരണത്തിനിടയാക്കിയ ബീമാപള്ളി ചെറിയതുറ വെടിവെപ്പും അതിനിടയായ സാഹചര്യങ്ങളും സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയുടെ സേവനം തന്നെ ലഭ്യമാക്കണം. ഇതുസംബന്ധിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സംസ്ഥാനസര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ജഡ്ജിയുടെ സേവനം ലഭിക്കും.

മനുഷ്യാവകാശം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ ഇത് ലംഘിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാന്‍ പാടില്ല. കേരളത്തിന് അപമാനകരമാണിത്. എത്ര വലിയ അനിഷ്ട സംഭവങ്ങളുണ്ടായാലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ പോലിസ് ആക്ഷന്‍ അനുവദിക്കപ്പെടാന്‍ പാടില്ല.

ചെറിയതുറയില്‍ മജിസ്ട്രേറ്റിന്റെ അനുമതിയോ സാന്നിധ്യമോ ഇല്ലാതെ പോലിസ് വെടിവെപ്പ് നടത്തിയത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ്. ഞാന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. രണ്ട് ആര്‍.എസ്.പി പ്രവര്‍ത്തകരെ പോലിസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് പോലിസിന് ഒരുകാലത്തും വെടിവെക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് ചില ഔദ്യോഗികപരിപാടികളില്‍ പങ്കെടുക്കുന്നതിനിടെ ഞാന്‍ ഇറക്കിയ ഉത്തരവിന് ഇവിടെ പ്രസക്തിയുണ്ട്. തൊഴിലാളി സംഘടനകളുടെ മാര്‍ച്ചുമായി ബന്ധപ്പെട്ടായിരുന്നു അന്ന് വെടിവെപ്പുണ്ടായത്. നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ വെടിവെപ്പ് വേണ്ടിവന്നാല്‍ അരക്ക് താഴെ മാത്രമേ വെടിവെക്കാവൂവെന്നും ഉത്തരവിറക്കിയിരുന്നു. നിര്‍ഭാഗ്യകരമെന്നുപറയട്ടെ,

ചെറിയതുറയില്‍ മരിച്ചവരില്‍ പലരുടെയും കഴുത്തിന് വരെ വെടിയേറ്റിട്ടുള്ളതായാണ് പ്രാഥമിക അന്വേഷണത്തില്‍ അറിയാനായത്. ഇത്തരം സംഭവങ്ങള്‍ പോലിസിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയായി മാത്രമേ കാണാനാവൂ. വെടിവെക്കുന്നത് സംബന്ധിച്ച് അന്ന് താനിറക്കിയ ഉത്തരവ് ഇനിയെങ്കിലും പ്രാബല്യത്തില്‍ വരുത്തണം. പോലിസിന്റെ വെടിയേറ്റ് ഒരാളും മരിക്കാന്‍ പാടില്ല. മനുഷ്യാവകാശം സംരക്ഷിക്കേണ്ടവരാണ് പോലിസുകാര്‍. അവര്‍ മനുഷ്യാവകാശങ്ങളെ ലംഘിക്കരുത്.

ചെറിയതുറ സംഭവം അതിദാരുണമായിപ്പോയി. ഇതേക്കുറിച്ച് വ്യക്തവും വിശദവുമായ അന്വേഷണം വേണം. ജുഡീഷ്യല്‍ അന്വേഷണം തന്നെയാണ് അനിവാര്യമായത്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് നല്ലതാണ്. ധനസഹായം ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും മരിച്ചവരുടെ കുടുംബത്തിന് എത്രയും വേഗം നല്‍കണം. ഒപ്പം ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കണം. പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ള മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം. തീരുമാനം വൈകരുത്.

2 പിന്മൊഴികള്‍:

M.A Bakar said...

.
Please read this too : ബീമാപള്ളി കൂട്ടക്കൊല : വേലി വിള തിന്നുമ്പോള്‍..

ലെഫ്‌റ്റ്‌ ഡ്രൈവ്‌ said...

എത്രയോ ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ സര്‍ക്കാരിന്റെ ചുവന്നഉടുപ്പിട്ട ഫയലുകളില്‍ ഉറങ്ങുന്നുണ്ട്‌. അവയ്‌ക്കിടയിലേക്ക്‌ ഇതുകൂടി വേണോ..? ക്രിസ്‌ത്യന്‍- മുസ്‌ലിം സംഘടനാ നേതൃത്വങ്ങള്‍ പാലിച്ച സംയമനം കൊണ്ടുമാത്രമാണ്‌ ഇതൊരു വര്‍ഗീയ സംഘര്‍ഷമായി പടരാതിരുന്നത്‌. മാധ്യമങ്ങള്‍ അതിനെ അവഗണിച്ചു എന്നത്‌ വളരെ മോശമാണ്‌.

വി.ആര്‍.കെയുടെ ആവശ്യം നല്ലതുതന്നെ, പക്ഷേ മുന്‍പ്‌ പറഞ്ഞ ഗതിവരാനായി ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ടതുണ്ടോ