Thursday, April 30, 2009

ഹിന്ദുക്കള്‍ എന്തിന് ബി.ജെ.പിക്ക് വോട്ട് ചെയ്യണം ?

എല്‍.കെ. അദ്വാനിക്ക് ആര്‍.ബി. ശ്രീകുമാര്‍ (ഐ.പി.എസ് ) എഴുതുന്ന തുറന്ന കത്ത്

ബഹുമാന്യ അദ്വാനി,

ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോക്സഭാ മണ്ഡലത്തിലെ ഒരു വോട്ടറാണു ഈ കത്തെഴുതുന്നത്. ജന്‍മം കൊണ്ട് ഹിന്ദുവായ ഞാന്‍ എന്നാലാവുന്ന എളിയ രീതികളില്‍ സനാതന ധര്‍മത്തിന്റെ ചിട്ടവട്ടങ്ങള്‍ ജീവിതത്തില്‍ പാലിക്കുന്നയാളുമാണ്.
ബ്രഹ്മസൂത്രം, ഉപനിഷത്തുകള്‍, ഭഗവത്ഗീത എന്നീ പ്രസ്ഥാനത്രയങ്ങളിലാണ് ഹിന്ദുമതത്തിന്റെ അന്തസത്ത കുടികൊള്ളുന്നത്.
സസ്യ-മൃഗാദികളടക്കമുള്ള സകല ജീവജാലങ്ങളുടെയും മോക്ഷ മാര്‍ഗങ്ങളെ അംഗീകരിക്കുകയും ദൈവികതയിലേക്കുള്ള പാതകളെ ആദരിക്കുകയും ചെയ്യുന്നതാണ് ഹിന്ദുമതത്തിന്റെ ഏറ്റവും ശ്രദ്ധേയവും ഉന്നതവുമായ സവിശേഷത. ഇതര വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരെ ഭല്‍സിക്കുവാനോ അവിശ്വാസികളോട് മോശമായി പെരുമാറാനോ പോലും ഹിന്ദു വിശ്വാസം അനുവദിക്കുന്നില്ല. ഇതിനെതിരില്‍ ഏതെങ്കിലും വ്യക്തിയോ സംഘമോ സംഘടനയോ പ്രവര്‍ത്തിക്കുന്നത് സനാതന ധര്‍മം പിന്‍പറ്റുന്ന ഹിന്ദുവിനെ സംബന്ധിച്ചെടുത്തോളം അപലപനീയരും അസ്വീകാര്യവുമാണ്. ഈ മാനദണ്ഡം വെച്ച് നോക്കുമ്പോള്‍ വിശ്വാസ സംഹിതകള്‍ പാലിക്കുന്ന ഹിന്ദുക്കളുടെ വോട്ടുകള്‍ക്ക് തികച്ചും അയോഗ്യരാണ് സംഘപരിവാര സംഘടനകളുടെ പിന്തുണയുള്ള ബി.ജെ.പി
ഹിന്ദുമത ചരിത്രത്തില്‍ ഈശ്വര നിന്ദാപരവും ഹീനവുമായ രണ്ടേ രണ്ടു കുറ്റകൃത്യങ്ങളേ സംഭവിച്ചിട്ടുള്ളൂ- ആത്മാഭിമാനമുള്ള ഏതൊരു ഹിന്ദുവും അപമാനഭാരത്താല്‍ തലകുനിച്ചുപോയ രണ്ട് ദുരന്തങ്ങള്‍.
1992 ഡിസംബറില്‍ അയോധ്യയിലെ ബാബറി മസ്ജിദ് എന്ന ആരാധനാലയം തച്ചുതകര്‍ത്തതാണ് അതില്‍ ആദ്യത്തേത്. രണ്ടായിരത്തിലേറെ നിരപരാധികളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ഗുജറാത്തിലെ ന്യൂനപക്ഷ വിരുദ്ധ വംശഹത്യയാണ് രണ്ടാമത്തെ നാണക്കേട്. ഈ രണ്ട് പൈശാചിക കുറ്റകൃത്യങ്ങളും നടത്തിയത് ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയോട് കൂറുപുലര്‍ത്തുന്ന അക്രമിക്കൂട്ടങ്ങളാണ്.
ആരാധനാ രീതികളെപ്പറ്റി ഭഗവത്ഗീത വിശദീകരിക്കുന്നുണ്ട്
അധ്യായം നാലിലെ 11ാം ശ്ലോകത്തില്‍ ഭഗവാന്‍ കൃഷ്ണന്‍ അരുളുന്നു:
ആളുകള്‍ ഏതൊരു മാര്‍ഗത്തിലൂടെ എന്നെ ഭജിക്കുന്നുവോ അതേ മാര്‍ഗത്തില്‍ തന്നെ അവരെ ഞാന്‍ അനുഗ്രഹിക്കുന്നു.മനുഷ്യരെല്ലാം എന്റെ മാര്‍ഗത്തെ തന്നെയാണ് അനുവര്‍ത്തിക്കുന്നത്.
അധ്യായം ആറിലെ 30ാം ശ്ലോകം നോക്കൂ:
എന്നെ സകലയിടത്തും കാണുന്നവനും എന്നില്‍ സകലതും കാണുന്നവനും ആരോ അവന്‍ എന്നെ അറിയാതിരിക്കില്ല, അവനെ ഞാനും അറിയാതിരിക്കില്ല
ഏഴാം അധ്യായത്തിലെ 21ാം ശ്ലോകം കൂടി വായിക്കുക:
ഏതൊരു ഭക്തന്‍ വിശ്വാസപൂര്‍വം ഏതു രൂപേണയെങ്കിലും പൂജിക്കുവാന്‍ ആഗ്രഹിക്കുന്നുവോ അവരുടെ വിശ്വാസം ഞാന്‍ ദൃഡമാക്കി നല്‍കുന്നു

16-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട അയോധ്യയിലെ മസ്ജിദ് തെമ്മാടിക്കൂട്ടം ഇടിച്ചു നിരത്തിയത് ഭഗവാന്‍ കൃഷ്ണന്റെ ഇത്തരം സദുപദേശങ്ങള്‍ക്കും ഹിന്ദു പാരമ്പര്യങ്ങങ്ങള്‍ക്കും കടകവിരുദ്ധമായാണ്. പണിത 1529 മുതല്‍ തകര്‍ക്കപ്പെട്ട 1992 വരെ തങ്ങളുടെ വിരലുകള്‍ കൊണ്ടുപോലും മസ്ജിദിന് പോറലേല്‍പ്പിക്കാഞ്ഞ, ധന്യമായ ജീവിതം നയിച്ച് ഇതിലേ കടന്നുപോയ ഗോസ്വാമി തുളസീദാസ് മുതല്‍ മഹാത്മാ ഗാന്ധി വരെയുള്ള മഹത്തുക്കളായ ഹിന്ദുക്കളുടെ ജീവിതാദര്‍ശങ്ങള്‍ക്ക് വിരുദ്ധമായിരുന്നു മസ്ജിദിന്റെ ധ്വംസനം.
മഹത്വമേറിയ സ്വന്തം ജീവിതം കൊണ്ട് സനാതന ധര്‍മത്തിന് തിളക്കം പകര്‍ന്ന മഹാത്മാ ഗാന്ധിയെപ്പോലുള്ള മാതൃകാപുരുഷന്‍മാരുള്ളപ്പോള്‍ പള്ളി തകര്‍ത്ത അതിക്രമകാരികളെയും അവരുടെ നേതാക്കളെയും ഏതര്‍ഥത്തിലാണ് ഹിന്ദുമതത്തിന്റെ ചുണക്കുട്ടികളായി നമുക്ക് കാണാനാവുക?. ജയ് ശിവശങ്കര്‍ എന്നായിരുന്നു പള്ളി പൊളിയന്‍മാരുടെ മുദ്രാവാക്യം. സകലരെയും ശാന്തി കൊണ്ടനുഗ്രഹിച്ച ശിവ ഭഗവാനെ അവഹേളിക്കുന്നതിന് തുല്യമായിരുന്നു അത്.
അദ്വാനി ജി, ബാബറി മസ്ജിദ് തകര്‍ത്തതിന് നിങ്ങള്‍ക്ക് എന്തെങ്കിലും പ്രാമാണിക ന്യായങ്ങള്‍ നിരത്താനുണ്ടോ ആവോ? ഉവ്വെങ്കില്‍ ദയവായി എല്ലാ ഹിന്ദുക്കളെയും അറിയിക്കുക. അപ്രകാരം ചെയ്താല്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യുന്നതില്‍ അവര്‍ക്ക് സങ്കോചം ഉണ്ടാവില്ലായിരുന്നു. അഥവാ, ബാബറി പള്ളി തകര്‍ത്തത് അഹിന്ദു പ്രവര്‍ത്തിയാണ് എന്ന് ബി.ജെ.പി കരുതുന്നുവെങ്കില്‍ ധര്‍മശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ ക്രിമിനലുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ആരാധനാലയം തകര്‍ത്ത ക്ഷേത്രധ്വംസകര്‍ക്കെതിരെ സംഘടനാപരമായോ നിയമപരമായോ എന്തേ ഇതു വരെ നടപടിയെടുത്തില്ലാ ? അത്തരമൊരു നീക്കം ഇല്ലാത്തടുത്തോളം കാലം ഹിന്ദു പ്രമാണങ്ങളെയും വിശ്വാസങ്ങളെയും പിന്‍പറ്റുന്ന പാര്‍ട്ടിയാണ് ബി.ജെ.പി എന്ന് വിശ്വസിക്കാന്‍ ഹിന്ദുവോട്ടര്‍മാര്‍ക്ക് പ്രയാസമുണ്ട്.
അതേ പോലെത്തന്നെ ഗുജറാത്തില്‍ രണ്ടായിരത്തിലേറെ നിരപരാധികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ന്യൂനപക്ഷ വിരുദ്ധ കലാപത്തിന്റെ കാര്യം. രാജ്യത്തെ ഒരു വിഭാഗം പ്രജകളെ കൊണ്ട് രാജ്യത്തെ മറ്റൊരു വിഭാഗം പ്രജകളെ കൊന്നൊടുക്കുന്ന ഏര്‍പ്പാട് ചരിത്ര കാലത്തെയോ ചരിത്രാതീത കാലത്തെയോ ഹിന്ദുരാജാക്കന്‍മാരുടെ ഭരണകാലങ്ങളില്‍ ഉണ്ടായിട്ടില്ല. കുടില ഹൃദയരായ നഹുഷനോ, താരകാസുരനോ, രാവണനോ, കംസനോ, ദുര്യോദനനോ പോലും ചെയ്തിട്ടില്ല ഇത്തരമൊരു ക്രൂരത. പ്രജകള്‍ക്കിടയില്‍ സമാധാനവും സൌഹാര്‍ദവും പരത്തുന്നയാളാണ് രാജാവ് എന്നാണ് ബ്രഹ്മാണ്ഡ പുരാണം പറയുന്നത്. അതി ദാരുണമായ ഗോധ്രാ തീവെപ്പ് നടന്ന 2002 ഫെബ്രുവരിയില്‍ ന്യൂനപക്ഷ വിഭാഗക്കാര്‍ക്കിടയില്‍ അധോലോക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെങ്കില്‍ അവരെ അമര്‍ച്ച ചെയ്യാന്‍ എന്തേ പോലീസിനെ നിയോഗിച്ചില്ല?.
2002 ലെ വംശഹത്യയെ ബി.ജെ.പി തള്ളിപ്പറയുന്നുവെങ്കില്‍ ഈ നീച കര്‍മങ്ങള്‍ ചെയ്ത അതിക്രമകാരികള്‍ക്കും അതിന്റെ ആസൂത്രകര്‍ക്കുമെതിരെ സംഘടനാപരമായും നീതി ന്യായ വ്യവസ്ഥ പ്രകാരവും നടപടിയെടുക്കാത്തതെന്താണ്? അതിനു പകരം കലാപ കേസ് പ്രതികളാരെങ്കിലും ജാമ്യത്തിലിറങ്ങിയാല്‍ വീരസേനാനികളെന്ന മട്ടിലെ സ്വീകരണങ്ങള്‍ സംഘടിപ്പിക്കലല്ലേ നിങ്ങളുടെ രീതി. നീതി ന്യായ വ്യവസ്ഥയെ തുടര്‍ച്ചയായി തകിടംമറിച്ചതാണല്ലോ ഗുജറാത്ത് സര്‍ക്കാര്‍ അധികാരികളെ നവയുഗ നീറോമാര്‍ എന്ന് വിളിക്കാന്‍ പരമോന്നത നീതി പീഠത്തെ പ്രേരിപ്പിച്ചത്.
നിരാലംബ ജനസമൂഹങ്ങള്‍ക്കെതിരെ തുടരുന്ന അതിക്രമങ്ങളെ ശരിവെക്കുന്ന ശ്ലോകങ്ങളോ സൂക്തങ്ങളോ ഉണ്ടെങ്കില്‍ ആ വിവരം ഗാന്ധി നഗറിലെ വോട്ടര്‍മാരെയും ദയവായി ബോധ്യപ്പെടുത്തുക.
കമണ്ഡക നീതി സാരം എന്ന അതി പ്രശസ്തമായ ഹിന്ദു രാഷ്ട്രമീമാംസാ ഗ്രന്ഥത്തിന്റെ അഞ്ചാം അധ്യായം ഭരണാധികാരികളുടെയും അവരുടെ ഇഷ്ടക്കാരുടെയും സ്വാര്‍ഥതയില്‍ നിന്ന് ജനതയെ സംരക്ഷിക്കണമെന്ന് പ്രത്യേകം ഉണര്‍ത്തുന്നുണ്ട്. ഇത്തരം ദ്രോഹങ്ങളില്‍ നിന്ന് പ്രജകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഭരണാധിപന്റെ ചുമതലയാണ്. സൃഷ്ടികളെല്ലാം സൃഷ്ടാവിന്റെ മൂര്‍ത്തീഭാവങ്ങളാണ് എന്ന് മനസാ വാചാ കര്‍മണാ ബോധ്യപ്പെട്ട് ഭരണം നടത്തുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നാണ് മഹാഭാരതത്തിലെ ശാന്തിപര്‍വത്തില്‍ പറയുന്നത്. ആയതുകൊണ്ടാണ് ധര്‍മന്യായങ്ങളില്‍ വിശ്വസിക്കുന്ന ഹിന്ദുക്കള്‍ നിങ്ങളോട് ചോദിക്കുന്നത്^ 2002ല്‍ ഗുജറാത്തിലെ തെരുവുകളില്‍ വേട്ടയാടപ്പെട്ട ന്യൂനപക്ഷ ജനതയെന്താ ഹീന ജന്‍മങ്ങളായിരുന്നോ?
എന്റെ മേല്‍ചൊന്ന സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കണമെന്നഭ്യര്‍ഥിക്കുന്നു.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ താങ്കള്‍ക്കുള്ള
അനുഭവ പാരമ്പര്യങ്ങളോടുള്ള സകല ബഹുമാനവും സഹിതം
ആര്‍.ബി. ശ്രീകുമാര്‍

4 പിന്മൊഴികള്‍:

cALviN::കാല്‍‌വിന്‍ said...

നേരത്തെ വായിച്ചിരുന്നു... ഒന്നു കൂടീ വായിച്ചു...
ചിന്തനീയം......

യൂസുഫ്പ said...

ഇത് മാധ്യമം ദിനപത്രത്തില്‍ വായിച്ചിരുന്നു.


കണ്ടറിയാത്തവര്‍ കൊണ്ടറീയട്ടെ.

Sapna Anu B.George said...

എന്തിനാ വെറുതെ നമ്മുടെ മനസ്സും ശരീരവും മിനക്കെടുത്തുന്നത്.
ദൈവത്തിനെ പേരില്‍ മനുഷ്യനെ കത്തിക്കുന്നവര്‍ക്ക്,‘തുറന്ന കത്ത്’??? അതും,അതേ തീയില്‍ കത്തിക്കരിയും,
!!!പിന്നെയല്ലെ മറുപടി കിട്ടുന്നത്!

THAKIYUDHEEN said...

frst time am reading this..very nice..it having gr8 value especially in these days..since our elecion results giving more proud and hope about our country&people ..i thnk this lettr is a bravery of goodness..let lite a small candle it can dissolve evn some darknss..narrow mentality or stream of thots nver survive more...day will come to kikkout evils, we have to b just part of it with our thot&action....its our responsibility on ourtime...bcos there is no replaay in our life...generation to come they nver blame us...4our silence towards evil..