
ശുഭ്രാംങ്ശു ചൌധരി
മാവോയിസ്റ്റുകളും ഭരണകൂടവും തമ്മില്‍ ചോരയില്‍ മുങ്ങിയ പോര് നടക്കുന്ന ബിജാപൂര്‍ ജില്ലയിലെ ബൈറാംഗഡില്‍ ഒരു സല്‍വാ ജുഡൂം റാലി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു ഞാന്‍. സല്‍വാ ജുഡൂമെന്നാല്‍ സര്‍ക്കാര്‍ ഭാഷ്യത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ ഉയരുന്ന ജനകീയ പ്രതികരണമാണ്. എന്നാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത് സര്‍ക്കാര്‍ പടച്ചുവിട്ട ക്രൂരസായുധ സംഘമെന്നാണ്. വാഹനങ്ങളൊന്നും പോകാത്ത കൊടുംകാടുകളിലെ ചെറുഗോത്രവഴികളിലൂടെയായിരുന്നു റാലിയുടെ റൂട്ട്. എന്റെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ സല്‍വാ ജുഡൂം നേതാവ് മഹേന്ദ്ര കര്‍മ ഇടപെട്ട് ഒരു മോട്ടോര്‍ സൈക്കിള്‍ ഏര്‍പ്പാടാക്കിത്തന്നു. ഗോത്രവര്‍ഗങ്ങള്‍ വസിക്കുന്നിടങ്ങളിലൂടെ റാലിക്ക് വഴികാട്ടിയായി ബൈക്ക് നീങ്ങി. ബൈക്ക് ഓടിച്ചയാള്‍ അവിടുത്തെ ഒരു പ്രാദേശിക പത്രപ്രവര്‍ത്തകനാണെന്ന് സംസാരത്തില്‍ നിന്നറിഞ്ഞു.ചത്തീസ്ഗഡിലെ പത്രപ്രവര്‍ത്തനത്തെപ്പറ്റി ഒട്ടേറെ അറിവു പകര്‍ന്നു ആ യാത്ര.ചത്തീസ്ഗഡിലെ ഒരു പ്രമുഖ പ്രാദേശിക പത്രത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നയാളായിരുന്നു കക്ഷി.
നിങ്ങള്‍ക്ക് എന്ത് ശമ്പളമുണ്ട് എന്ന ചോദ്യത്തിന് ശമ്പളമില്ലെന്നായിരുന്നു മറുപടി. "പിന്നെ എങ്ങിനെ ജീവിക്കുമിഷ്ടാ?" വാര്‍ത്തകള്‍ എഴുതാതെ എന്നായിരുന്നു ഉത്തരം. എനിക്ക് കാര്യം മനസിലായില്ലെന്ന് കണ്ട് അദ്ദേഹം സംഗതി വിശദീകരിച്ചു തന്നു. "റിപ്പോര്‍ട്ട് എഴുതാതിരിക്കല്‍ ആണ് ഞങ്ങളുടെ പത്രപ്രവര്‍ത്തനം. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതിന് രൂപാ അയ്യായിരമാണ് മാസമെനിക്ക് കിട്ടുന്നത്!. പത്രക്കാരല്ലേ, തട്ടിപ്പുകാരാര്, അഴിമതി നടക്കുന്നതെവിടെ, നടത്തുന്നതാര് എല്ലാം നമ്മള്‍ക്കറിയാം. പക്ഷെ, എഴുതില്ല. ആ എഴുതാതിരിപ്പിനാണ് ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നത്. ജില്ലാ ആസ്ഥാനത്ത് കുറെ പേര്‍ക്ക് അവരുടെ പത്രങ്ങളില്‍ നിന്ന് നിസാര ശമ്പളം ലഭിക്കുന്നുണ്ട്. പക്ഷെ വാര്‍ത്തകള്‍ മുക്കുന്ന വകയില്‍ അതിന്റെ എത്രയോ ഇരട്ടിയാണ് അവര്‍ക്ക് ലഭിക്കുന്ന പ്രതിഫലം. നല്ല പൈസയുണ്ടാക്കാന്‍ വകയുള്ള പണിയാണ് പത്രപ്രവര്‍ത്തനം. സല്‍വാ ജുഡൂമിന്റെ നല്ല കാര്യങ്ങള്‍ അറിയുന്നതു പോലെ അതിന്റെ മോശം വശങ്ങളും നന്നായറിയാം ഞങ്ങള്‍ക്ക്. പക്ഷെ 'ചില പ്രത്യേക കാരണങ്ങളാല്‍' മോശം വശങ്ങളെപ്പറ്റി ഞങ്ങളെഴുതാറില്ല".^ ചത്തീസ്ഗഡിലെ പ്രതിപക്ഷ നേതാവുകൂടിയായ സല്‍വാജുഡൂം തലവന്‍ മഹേന്ദ്ര കര്‍മയെ നോക്കി അയാള്‍ പറഞ്ഞു.
സല്‍വാജുഡൂമിന്റെ കൊടുമകളെക്കുറിച്ച് ദേശീയ പത്രങ്ങള്‍ ഒരുപാടേറെ എഴുതുമ്പോഴും ചത്തീസ്ഗഡിലെ പത്രങ്ങളുടെ ഭാഷയില്‍ സല്‍വാ ജുഡൂം എന്നാല്‍ ജനങ്ങളുടെ ശാന്തി സേനയാണ്!.
റാലിക്ക് ശേഷം ധ്രുലി ഗ്രാമത്തിലേക്കായിരുന്നു യാത്ര. അവിടെ വമ്പന്‍ ഫാക്ടറി തുടങ്ങാന്‍ പദ്ധതിയുള്ള എസ്സാര്‍ കമ്പനിയും ഗ്രാമീണരും തമ്മിലെ ചര്‍ച്ചകളെക്കുറിച്ചറിയാനായിരുന്നു എന്റെ പോക്ക്. അവിടെ വെച്ച് ഒരു സംഘം ഗ്രാമീണരെത്തി തറപ്പിച്ച് പറഞ്ഞു. നിങ്ങള്‍ എസ്സാര്‍ കമ്പനിക്ക് വേണ്ടി ദല്ലാള്‍ പണി ചെയ്യാന്‍ വന്നയാളാണ്. കാമറ കണ്ട് ലേശമൊന്ന് ശങ്കിച്ച ശേഷം അവര്‍ തുടര്‍ന്നു. "എല്ലാ പത്രക്കാരും വ്യവസായികളുടെ കൂട്ടിക്കൊടുപ്പുകാരാണ്. സര്‍ക്കാറിനോട് പോയി പറഞ്ഞേക്ക് ജീവനെടുത്തശേഷമേ ഞങ്ങളെ കുടിയിറക്കാനാവൂ എന്ന് നിങ്ങളോട് സംസാരിക്കാന്‍ താല്‍പര്യമില്ല, വേഗം സ്ഥലം കാലിയാക്കുക".
പത്രക്കാരെ ജനങ്ങള്‍ വെറുക്കുന്നതിന്റെ വ്യാപ്തിയറിഞ്ഞ് സ്തംഭിച്ചു പോയി ഞാന്‍. ദണ്ഡേവാഡയിലെത്തി ഇക്കാര്യങ്ങള്‍ പങ്കുവെച്ചപ്പോള്‍ മൌനം ഭൂഷണമാക്കിയ പത്രവിദ്വാന്‍മാര്‍ക്ക് എസ്സാര്‍ നല്‍കുന്ന സംഖ്യകളെയും സൌകര്യങ്ങളെയും കുറിച്ച് വിശദമായി പറഞ്ഞു തന്നു ചിലര്‍.
കുടിയൊഴിപ്പിക്കല്‍ അനുവദിക്കിലെന്ന് അര്‍ഥശങ്കയില്ലാതെ പറഞ്ഞ ധ്രുളിയിലെ ജനങ്ങളുടെ നിലപാടറിഞ്ഞ് ദല്‍ഹിയിലേക്ക് മടങ്ങിയ ഞാന്‍ ഒരു പത്രവാര്‍ത്ത കണ്ട് നടുങ്ങിപ്പോയി. ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് സര്‍വീസ് വഴി വന്ന വാര്‍ത്ത പ്രകാരം ധ്രുളിയിലെ ജനങ്ങള്‍ എസ്സാര്‍ കമ്പനിക്ക് ഭൂമി വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നു. പുനരധിവാസ പാക്കേജില്‍ ജനങ്ങള്‍ സന്തുഷ്ടരാണെന്നും ഭൂമി വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് ജനങ്ങള്‍ സര്‍ക്കാറിനു കത്തെഴുതിയതായും ലേഖകന്‍ തുടരുന്നു. ടൈംസ് ഒഫ് ഇന്ത്യ, ഹിന്ദു, ബിസിനസ് ലൈന്‍, എക്കണോമിക് ടൈംസ് തുടങ്ങിയ മുന്‍നിരപത്രങ്ങളിലെല്ലാം വമ്പന്‍ പ്രാധാന്യത്തോടെ ഈ വാര്‍ത്ത അടിച്ചു വരികയും ച്െയതു. ഭൂമി വിട്ടുകൊടുക്കാമെന്നറിയിച്ചവരുടെ എണ്ണം പോലും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇത്രയേറെ പത്രങ്ങളില്‍ പ്രാധാന്യപൂര്‍വം വന്ന സ്ഥിതിക്ക് വാര്‍ത്ത ശരിയാവാനേ തരമുള്ളൂ. എന്നിരുന്നാലും റിപ്പോര്‍ട്ടില്‍ പേരെടുത്തു പറഞ്ഞിരുന്ന ഉദ്യോഗസ്ഥയെ വിളിച്ച് വിവരങ്ങളാരായാതിരിക്കാനായില്ല. റിപ്പോര്‍ട്ടിനെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ ശരിക്കും ഞെട്ടിപ്പോയി. എന്ത് കത്ത് ? ഏത് വാര്‍ത്തയെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നത് എന്നായിരുന്നു അവരുടെ മറുചോദ്യം. ആരും ഭൂമി വിട്ടൊഴിയാന്‍ തയ്യാറായിട്ടില്ല. അങ്ങിനെ ഒരു കത്ത് തനിക്ക് ലഭിച്ചിട്ടുമില്ല എന്നവര്‍ വിശദീകരിച്ചു. ഭൂമി ഏറ്റെടുക്കലിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥപോലുമറിയാതെയാണ് അതു സംബന്ധിച്ച വാര്‍ത്തകള്‍ വന്നതെന്ന് വ്യക്തമായി. അവരുടെ അഭ്യര്‍ഥന പ്രകാരം വാര്‍ത്തകളുടെ കോപ്പി ഞാന്‍ ഫാക്സ് ചെയ്തു കൊടുത്തു. ജനങ്ങളുടെ സമ്മതപത്രം കിട്ടിയെന്ന എസ്സാര്‍ കമ്പനി മേധാവിയുടെ ഉദ്ധരണികളടങ്ങിയ വാര്‍ത്തയെക്കുറിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയപ്പോള്‍ റിപ്പോര്‍ട്ടര്‍ക്ക് വരുത്തിയ പിഴവാണതെന്നാണ് കമ്പനി നല്‍കിയ വിശദീകരണം. അതിനു പിന്നാലെ ആ ഉദ്യോഗസ്ഥയെ ദണ്ഡേവാഡയിലേക്ക് സ്ഥലം മാറ്റി. തെറ്റു വരുത്തിയ റിപ്പോര്‍ട്ടറെക്കുറിച്ചോ തെറ്റടിച്ചു വന്ന പത്രങ്ങളെക്കുറിച്ചോ പിന്നീട് ഒരാളും വേവലാതിപ്പെട്ടില്ല.
റായ്പൂരില്‍ നിന്നു വരുന്ന വാര്‍ത്തകളെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഈ സംഭവം എന്നെ പ്രേരിപ്പിച്ചു.
കൃഷിപ്പണി നിര്‍ത്തിവെക്കണമെന്ന തിട്ടൂരം ലംഘിച്ചതിന് മൂന്ന് കര്‍ഷകരെ നക്സലൈറ്റുകള്‍ കൊന്നൊടുക്കി എന്നായിരുന്നു ഒരു പ്രഭാതത്തില്‍ ഇന്ത്യന്‍ എക്സ്പ്രസിന്റെ മുന്‍പേജ് വാര്‍ത്ത. ഇത്തരമൊരു കൃഷിനിരോധത്തെക്കുറിച്ച് ഞാന്‍ കേട്ടിരുന്നേയില്ല. കര്‍ഷകരെ കൊന്നത് നക്സലുകള്‍ തന്നെയെങ്കിലും വാര്‍ത്തയില്‍ പറയും പ്രകാരം കൊലക്ക് കൃഷിയുമായി യാതൊരു ബന്ധവുമില്ലെന്ന് ചില ഫോണ്‍വിളികളില്‍ നിന്ന് വ്യക്തമായി. കാര്‍ഷിക വേലകളെല്ലാം ഗംഭീരമായി നടക്കുന്നുണ്ട് ചിന്റാഗുഫാ എന്ന ആ ഗ്രാമത്തില്‍.
പോലീസിന്റെ ആളുകളാണെന്നാരോപിച്ചാണ് നക്സലുകള്‍ കര്‍ഷകരെ കൊന്നതെന്നാണ് ഇവിടുത്തെ മുന്‍ഗ്രാമത്തലവന്‍ എന്നോട് പറഞ്ഞത്. ഒരു വാര്‍ത്തയുടെ നിജസ്ഥിതിയറിയാന്‍ ദല്‍ഹിയില്‍ നിന്ന് ഞാന്‍ വിളിച്ചന്വേഷിച്ചെങ്കില്‍ റായ്പൂരിലെ പത്രക്കാര്‍ക്ക് എന്തേ ഇങ്ങിനെ ചെയ്തു കൂടാ? പിറ്റേന്നുണ്ട് ടൈംസ് ഒഫ് ഇന്ത്യയും ആവര്‍ത്തിച്ചു ഈ കൊലപാതക വാര്‍ത്ത. കാരണമായി പറയുന്നത് കൃഷി നിരോധം തന്നെ.
ഈ വാര്‍ത്ത പടച്ചുവിട്ട ഇന്റലിജന്‍സ് ഓഫീസറാരാണെന്ന് ചില പത്രസുഹൃത്തുക്കള്‍ എനിക്ക് പറഞ്ഞു തന്നു. സാറിന്റെ വിശ്വസ്തര്‍ക്ക് മാത്രമാണ് വാര്‍ത്ത കൈമാറിയതെത്രേ.
ഇതിനിടെ ചത്തീസ്ഗഡിലെ കര്‍ഷക ആത്മഹത്യയെക്കുറിച്ചെഴുതാന്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയിരുന്നു ഞാന്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ കണക്ക് പ്രകാരം ഓരോ വര്‍ഷവും രാജ്യത്ത് ഏറ്റവുമധികം കര്‍ഷക ആത്മഹത്യ നടക്കുന്ന സംസ്ഥാനമാണിത്. ആത്മഹത്യാ കണക്ക് ഭീതിദമാം വണ്ണം പെരുകിയിട്ടും സംസ്ഥാനം നിലവില്‍ വന്ന് എട്ടുവര്‍ഷം പിന്നിട്ടിട്ടും ഇന്നാട്ടിലെ ഒരു പത്രക്കാരന്‍ പോലും ഇതേക്കുറിച്ചെഴുതാന്‍ ഒരുമ്പെട്ടിരുന്നില്ല. ഇതേക്കുറിച്ച് എന്റെ കോളത്തില്‍ എഴുതി ഞാന്‍. ഏതാനും നാള്‍ക്കകം പത്രത്തിന്റെ ഒന്നാം പേജില്‍ വന്നു ഒരു വാര്‍ത്ത ^'എല്ലാവരും ഒരുഗ്രന്‍ തട്ടിപ്പ് ഇഷ്ടപ്പെടുന്നു;ചത്തീസ്ഗഡിലെ കര്‍ഷക ആത്മഹത്യ എന്ന അസത്യം' എന്ന തലക്കെട്ടില്‍.നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോയുടെ കണക്കുകള്‍ പച്ചക്കള്ളമാണെന്നാരോപിച്ച് വന്ന ആ വാര്‍ത്തക്കെതിരെ ബ്യൂറോ പ്രതികരിച്ചതു പോലുമില്ല. എന്തായാലും പ്രാദേശിക പത്രത്തിലെ എന്റെ കോളം അവര്‍ നിര്‍ത്തിച്ചു. ഞാനെഴുതുന്നതെല്ലാം അസംബന്ധങ്ങളും വ്യാജവുമാണെന്നായിരുന്നു സ്ഥാപനം അതിനു കാരണമായി പറഞ്ഞത്.
പേരു വെളിപ്പെടുത്താനിഷ്ടമില്ലാത്ത ഒരു പത്രക്കാരന്‍ പറഞ്ഞു: കര്‍ഷക ആത്മഹത്യകളെപ്പറ്റി എഴുതണമെന്ന് ഞങ്ങള്‍ക്കുണ്ട്. നമ്മുടെ കണ്‍വെട്ടത്ത് നടക്കുന്ന കാര്യമാണല്ലോ അത്. പക്ഷെ എഴുതി വരുമ്പോള്‍ റിപ്പോര്‍ട്ട് സര്‍ക്കാറിനെതിരാവും. സര്‍ക്കാറിനെതിരായാല്‍ അവര്‍ നമ്മുടെ പത്രത്തിനെതിരാവും. പരസ്യം തരുന്നത് നിര്‍ത്തും. അതു കൊണ്ട് നമുക്ക് എഴുതാന്‍ കഴിയില്ല.
കമലേഷ് പൈങ്ക്രയുടെ കഥ
ചത്തീസ്ഗഡിലെ പത്രക്കാരുടെ അവസ്ഥ വിശദമാക്കാന്‍ ഏറ്റവും നല്ല ഉദാഹരണമാവും
കമലേഷ് പൈങ്ക്രയുടെ ജീവിതം. സല്‍വാ ജുഡൂമിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആദ്യമായി തുറന്നെഴുതിയ പത്രക്കാരനാണ് പൈങ്ക്ര. റിപ്പോര്‍ട്ട് വന്നതോടെ മാപ്പു പറയണമെന്നും തെറ്റായി എഴുതിപ്പോയതാണെന്ന് സമ്മതിക്കണമെന്നും നാട്ടിലെ എസ്.പി ആവശ്യമുന്നയിച്ചു. പറ്റില്ലെന്ന് പറഞ്ഞ പാവം പൈങ്ക്രയുടെ പണിപോയി. അദ്ദേഹത്തിന്റെ ചേട്ടനെ ജയിലിലടച്ചു. നക്സലുകള്‍ക്ക് അഭയം നല്‍കി എന്നാരോപിച്ചായിരുന്നു അത്. ധാന്യവില്‍പനക്കുള്ള ലൈസന്‍സ് അകാരണമായി റദ്ദാക്കുക കൂടി ചെയ്തതോടെ അദ്ദേഹത്തിന്റെ വരുമാന മാര്‍ഗങ്ങളെല്ലാം മുട്ടി. "ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍" ജീവന്‍ നഷ്ടപ്പെടാനിടയുണ്ടെന്ന് ഒരു പോലീസ് സുഹൃത്ത് മുന്നറിയിപ്പു നല്‍കിയതോടെ കുടുംബത്തെയും കൂട്ടി ബിജാപൂരില്‍ നിന്ന് ദണ്ഡേവാഡയിലേക്ക് നാടുവിടേണ്ടി വന്നു പൈങ്ക്രക്ക്. ഈ അതിക്രമങ്ങളെക്കുറിച്ചൊന്നും ഒരു പത്രവും എഴുതിയില്ല.
പൈങ്ക്രയെ ദണ്ഡേവാഡയിലെ ലേഖകനാക്കണമെന്ന് ചില പത്രാധിപ സുഹൃത്തുക്കളോട് അഭ്യര്‍ഥിച്ചപ്പോള്‍ അവര്‍ അതിനു തയ്യാറായി. എന്നാല്‍ നിയമന ഉത്തരവ് അതീവ രസകരമായിരുന്നു. ഉത്തരവിന്‍ പ്രകാരം പൈങ്ക്രയുടെ മാസ ശമ്പളം 3000 രൂപയാണ്. പക്ഷെ, ആ ശമ്പളം കയ്യില്‍ കിട്ടാന്‍ ഇരുപതിനായിരം രൂപക്കുള്ള പരസ്യം കൂടി പിടിക്കണമെന്ന് മാത്രം. പരസ്യം കുറയുന്നതനുസരിച്ച് ശമ്പളത്തിലും കുറവുവരുമെന്നര്‍ഥം.
എന്തായാലും ആ ജോലി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു അദ്ദേഹം "ഇരുപത്തയ്യായിരത്തില്‍ താഴെ ജനസംഖ്യയുള്ളിടത്തുനിന്ന് ഇരുപതിനായിരത്തിന്റെ പരസ്യം പിടിക്കണമെന്നാണ് അവര്‍ പറയുന്നത്. അത്ര രൂപയുടെ പരസ്യം ലഭിക്കണമെങ്കില്‍ ഞാന്‍ ആരെ സമീപിക്കേണ്ടി വരുമെന്ന് ഊഹിക്കാമല്ലോ, പിന്നെ എനിക്കെങ്ങിനെ സത്യസന്ധമായ പത്രപ്രവര്‍ത്തനം നടത്താനാവും"- പൈങ്ക്ര ചോദിക്കുന്നു.
കഴിഞ്ഞ മാസം പൈങ്ക്രയുടെ ബിജാപൂരിലെ വസതി സി.ആര്‍.പി.എഫ് ബുള്‍ഡോസറുകൊണ്ട് ഇടിച്ചു നിരത്തി. പട്ടാളക്കാര്‍ക്ക് വോളിബാള്‍ മൈതാനം പണിയാന്‍ വേണ്ടിയാണത് ചെയ്തത്. ഇതേക്കുറിച്ച് പത്രങ്ങളിലൊന്നും വന്നില്ല, പൈങ്ക്രയുടെ വീട്ടുകാരോടാരും പറഞ്ഞില്ല, നഷ്ടപരിഹാരമായി ചില്ലിക്കാശുപോലും കൊടുത്തതുമില്ല.
കുറച്ചു കാലം മുന്‍പ് റായ്പൂരിലെ എല്ലാ പത്ര ഓഫീസുകളിലേക്കും നക്സലുകള്‍ ഒരു ഓഡിയോ സി.ഡി അയച്ചു കൊടുത്തിരുന്നു.
ബിജാപൂരിലെ എസ്.പി (പൈങ്ക്രയെ ഭീഷണിപ്പെടുത്തി ഒതുക്കാന്‍ ശ്രമിച്ചയാള്‍ )യും കീഴുദ്യോഗസ്ഥനും തമ്മിലെ വാക്കിടോക്കി വഴി നടന്ന സംഭാഷണവുമുണ്ടായിരുന്നു ആ സിഡിയില്‍. സംഭാഷണത്തിനിടെ എസ്.പി: ആ പ്രദേശത്തൊരു കണ്ണുവേണം, ഏതെങ്കിലും പത്രക്കാരനെ കണ്ടാല്‍ അങ്ങ് കാച്ചിക്കളഞ്ഞേക്ക്.
സി.ഡിയിലെ റെക്കോര്‍ഡിംഗ് വ്യാജമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ സിഡിയില്‍ കേട്ട ശബ്ദം എസ്പിയുടെ തന്നെയെന്ന് പോലീസുദ്യോഗസ്ഥര്‍ രഹസ്യമായി സമ്മതിക്കുന്നു. നക്സലുകള്‍ ട്യൂണ്‍ ചെയ്ത് പിടിച്ചെടുത്തതായിരുന്നു ആ വാക്കിടോക്കി സംഭാഷണം. ഇതേക്കുറിച്ചും ഒരു പത്രത്തിലും വാര്‍ത്ത വന്നില്ല
ആ എസ്്പി അദ്ദേഹമിപ്പോള്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനെ സേവിക്കുന്നു!.
മൊഴിമാറ്റം: സവാദ് റഹ്മാന്‍
Thursday, April 23, 2009
പത്രക്കാരന്‍ എന്ന നിലയില്‍ ചത്തീസ്ഗഡിലെ ജീവിതം
പോസ്റ്റ് ചെയ്തത്
Countercurrents
at
6:48 AM
Subscribe to:
Post Comments (Atom)

2 പിന്മൊഴികള്‍:
its very disturbing facts
...ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണോ!
ഇതിനെതിരെ.?
Post a Comment