Thursday, January 1, 2009

പാദസേവയുടെ മാധ്യമവര്‍ഷം

സവാദ്റഹ്മാന്‍

സ്തുതിപാടിയും ഏഷണികൂട്ടിയും യുദ്ധങ്ങള്‍ക്ക് പ്രേരിപ്പിച്ച് നാണം കെട്ട് ജീവിച്ച രാജകൊട്ടാരങ്ങളിലെ നിലയവിദ്വാന്‍മാരെ ഓര്‍മപ്പെടുത്തുന്ന വിടുവേലകളാണ് പോയവര്‍ഷത്തിന്റെ നാള്‍വഴിപുസ്തകത്തില്‍ ഇന്ത്യന്‍മാധ്യമങ്ങളുടെ സംഭാവന. ഒരേസമയം തമസ്കരണവും ഊതിപ്പെരുപ്പിക്കലും ഇവര്‍ പൊതുസ്വഭാവമാക്കി. അതിരുകടന്ന, ആത്മാര്‍ഥതയില്ലാത്ത ദേശീയതാബോധമായിരുന്നു അവരുടെ വ്യാപാരരഹസ്യം. കോര്‍പറേറ്റ് ^ഇന്റലിജന്‍സ് ഏജന്‍സികളിലെ നാരദന്‍മാരായിരുന്നു ടോപ്പ് റിപ്പോര്‍ട്ടര്‍മാരും സൂപ്പര്‍ എഡിറ്ററും.

രാജ്യതാല്‍പര്യങ്ങള്‍ പണയപ്പെടുത്തിയും അഴിമതിയുടെ ചളിക്കുണ്ടില്‍ മുങ്ങിയും മുഖംനഷ്ടപ്പെട്ട ഭരണകൂടത്തിന് മറപ്പുര പണിയാന്‍ നുണവാര്‍ത്തകളുടെ പെരുങ്കല്ലുകള്‍ ചുട്ടെടുക്കുന്നതിനിടെ വിലക്കയറ്റവും ഭക്ഷ്യക്ഷാമവും പട്ടിണിമരണങ്ങളും മുഖ്യവാര്‍ത്തയാക്കാന്‍ പ്രാദേശിക പത്രങ്ങള്‍ക്കുപോലും കൈവിറച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ദലിതുകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരായ ക്രൂരതകളും കണക്കറ്റ രീതിയില്‍ വര്‍ധിച്ചപ്പോഴും സൂപ്പര്‍ താരത്തിന്റെ കുടല്‍പുണ്ണും വിശ്വസുന്ദരികളുടെ ഉടലളവുമായിരുന്നു ഇക്കുറിയും ഒന്നാം പേജ് വാര്‍ത്തകള്‍.

ദക്ഷിണേഷ്യന്‍ മണ്ണില്‍ വിദ്വേഷത്തിന്റെ വിത്തെറിഞ്ഞ സാമ്രാജ്യത്വ വ്യാപനമോഹികളുടെ മകുടിയൂത്തിനൊത്ത് തലയാട്ടിക്കളിക്കാന്‍ മല്‍സരിച്ചു ഇവിടുത്തെ മാധ്യമക്കൂട്ടം. ഒപ്പം ഇന്ത്യന്‍ ഉപരിവര്‍ഗമനസ്സില്‍ ഊറി നിറഞ്ഞ വര്‍ഗീയ ചിന്തയുടെയും അസഹിഷ്ണുതയുടെയും കൊടുംവിഷം ചീറ്റിത്തെറിപ്പിച്ചു. അച്ചടി മാധ്യമരംഗത്ത് അല്‍പസ്വല്‍പം വിദേശനിക്ഷേപങ്ങളാവാം എന്ന നിയമം മഷിപുരണ്ടു വരുന്നതിനും മലയാളിയുടെ ആകാശക്കീറില്‍ പോലും മര്‍ഡോക്കിന്റെ നീരാളിക്കൈ വ്യാപിക്കുന്നതിനും മുമ്പുതന്നെ വൈദേശിക വിധേയത്വത്തിന്റെ ചൂരടിച്ചു തുടങ്ങിയിരുന്നു നമ്മുടെ ന്യൂസ് ഡെസ്കുകളില്‍.

ഭരണകൂട ബുള്ളറ്റിനുകളെന്ന് തോന്നിപ്പിക്കും വിധമായിരുന്നു വര്‍ഷാദ്യത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ പെയ്ത്ത്. ചുവപ്പന്‍ഭീകരര്‍ ഇന്ത്യയെ വിഴുങ്ങുന്നു എന്ന ഭീതി പരത്തലായിരുന്നു അക്കാലത്ത് ഇവരുടെ അസൈന്‍മെന്റ്. നക്സലിസം ഉന്‍മൂലനം ചെയ്യാന്‍ രാജ്യതലസ്ഥാനത്ത് വിളിച്ചു ചേര്‍ക്കപ്പെട്ട ഉന്നതതല യോഗങ്ങള്‍ ഇതിനു നാന്ദിയായി. ഛത്തീസ്ഗഢിലും ഒറീസയിലും ഝാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും കേരളത്തില്‍ പോലും നക്സലൈറ്റ് കമ്യൂണിസ്റ്റുകള്‍ കലാപത്തിനൊരുങ്ങുന്നതായി ഇവര്‍ കോറസായി വിളിച്ചുകൂവി. വിപ്ലവവീര്യം ന്യൂട്രലൈസ് ചെയ്യപ്പെട്ട നാട്ടുനടപ്പ് കമ്യൂണിസ്റ്റ് സര്‍ക്കാറുകള്‍ ഉള്‍പ്പെടെയുള്ള നാടുവാഴികളുടെ പ്രേരണയും പിന്തുണയും കൂമ്പാരമായപ്പോള്‍ മാധ്യമങ്ങളുടെ നക്സല്‍വേട്ട ഗംഭീരമായി. മാവോ സൂക്തങ്ങളുടെ ഉഗ്രതയോ കമ്യൂണിസ്റ്റ് രാഷ്ട്രമെന്ന സ്വപ്നമോ അല്ല, വികസന പ്രവര്‍ത്തനങ്ങളിലെ വികലതമൂലം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പടര്‍ന്നുപിടിച്ച പട്ടിണിയും അസംതൃപ്തിയുമാണ് നക്സലൈറ്റ് പ്രസ്ഥാനങ്ങളിലേക്ക് ആളെക്കൂട്ടുന്നതെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് മാത്രം ആരും കണ്ടില്ല. നക്സലൈറ്റ് മുദ്രകുത്തി ഗ്രാമീണ സ്ത്രീകളെ മുതല്‍ പൌരാവകാശ പത്രപ്രവര്‍ത്തകരെ വരെ കൈയാമംവെച്ച് തുറുങ്കിലടച്ചിട്ടും വമ്പന്‍കുത്തകകളുടെ പ്രത്യേക സാമ്പത്തികമേഖലകള്‍ക്ക് വേണ്ടി കുടിയിറക്കപ്പെടുന്ന ഗ്രാമീണ ഇന്ത്യയുടെ ചെറുത്തുനില്‍പിനെ ഇല്ലാതാക്കാനുള്ള ഭരണവര്‍ഗതന്ത്രമല്ലേ ഈ നക്സല്‍ ഭീതിയെന്ന് സന്ദേഹവുമുയര്‍ന്നില്ല. മറിച്ച് സലിംഗ്രൂപ്പും ടാറ്റയും വേദാന്തയും പോസ്കോയും ദുബൈ പോര്‍ട്ടും മറ്റും ചേര്‍ന്ന് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുന്നതിന്റെ കഥകളുമായി വികസനോന്‍മുഖ പത്രപ്രവര്‍ത്തനം പൊടിപാറി. നന്ദിഗ്രാമിലും ഛത്തീസ്ഗഢിലും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടന്ന കൊലപാതകങ്ങള്‍ ശുഭവാര്‍ത്തകളായി അച്ചുനിരന്നു. ജനങ്ങളെ ജനങ്ങളാല്‍ കൊല്ലിക്കുന്ന സല്‍വാ ജുദൂമിന്റെ ശില്‍പികള്‍ ജനനായകരും ശാന്തിദൂതരുമായി പുകള്‍പെറ്റു.

നോയിഡയില്‍ ആരുഷി തല്‍വാര്‍ എന്ന ബാലിക വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ അരുംകൊല ചെയ്യപ്പെട്ട സംഭവത്തെ മാധ്യമങ്ങള്‍^വിശിഷ്യാ ദൃശ്യമാധ്യമങ്ങള്‍^ അങ്ങേയറ്റം ഹീനമായ രീതിയിലാണ് സമീപിച്ചത്. പെണ്‍കുട്ടിയെ അവളുടെ പിതാവാണ് കൊന്നതെന്ന് എഡിറ്റ് റൂമിലെ ജഡ്ജിമാര്‍ വിധിയെഴുതി. പൊന്നുമകള്‍ കൊല്ലപ്പെട്ട നടുക്കത്തില്‍ സംസാരിക്കാന്‍ മടിച്ച അവളുടെ അമ്മ പലതും മറച്ചുവെക്കുന്നുവെന്ന് ചാനല്‍കേസരികള്‍ വിളിച്ചുകൂവി. തിടുക്കപ്പെട്ട് ആരുഷിയുടെ പിതാവ് ഡോ. തല്‍വാറിനെ അറസ്റ്റ് ചെയ്യാന്‍ ദല്‍ഹി പോലിസിനെ നിര്‍ബന്ധിച്ചത് മാധ്യമങ്ങളുടെ ഈ ഇടപെടലാണ്. ശാസ്ത്രീയ പരിശോധനകള്‍ക്കൊടുവില്‍ ഡോ.തല്‍വാര്‍ കുറ്റവിമുക്തനായപ്പോള്‍ ന്യൂസ്റൂം ന്യായാധിപരെയൊന്നും ആ വഴിക്ക് കണ്ടതുമില്ല.

ബ്ലോഗുകളും ന്യൂസ് ഗ്രൂപ്പുകളുമുള്‍പ്പെട്ട സമാന്തര മാധ്യമപ്രവര്‍ത്തനം ശക്തമായിരുന്നതുകൊണ്ട് മാത്രമാണ് കലാപമെരിഞ്ഞ ഒറീസയുടെ നെടുവീര്‍പ്പ് പുറംലോകം നേരാംവണ്ണമറിഞ്ഞത്. മലയാളത്തിലെ മുഖ്യപത്രങ്ങളെല്ലാം തലസ്ഥാനത്തെ പ്രമുഖ ലേഖകരെ ഒറീസയിലേക്കയച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയെങ്കില്‍ മാസമൊന്ന് പിന്നിട്ട് ശീമത്തമ്പുരാന്‍മാരുടെ ചീത്തകേട്ട ശേഷമാണ് ദേശീയപത്രങ്ങളില്‍ ഈ നരമേധം മുഖ്യവാര്‍ത്തയായത്. ഒരു മനുഷ്യായുസ്സിന്റെ ദുരിതങ്ങളൊക്കെയും ഒറ്റ രാപ്പകലില്‍ അനുഭവിക്കേണ്ടി വന്ന ഗുജറാത്ത് വംശഹത്യയുടെ ജീവിക്കുന്ന രക്തസാക്ഷി ബില്‍ക്കീസ് ബാനുവിന് അനുകൂല കോടതിവിധിക്ക് പിന്നാലെ നേരിടേണ്ടി വന്നത് മാധ്യമപ്രവര്‍ത്തകരുടെ ഇക്കിളിചോദ്യങ്ങളാണ്. ഒറീസയില്‍ വര്‍ഗീയവാദികള്‍ മാനഭംഗത്തിനിരയാക്കിയ കന്യാസ്ത്രീയെ മോശക്കാരിയായി ചിത്രീകരിച്ച് വാര്‍ത്തകളെഴുതാനും ചിലര്‍ പേനയെടുത്തു. ഖൈര്‍ലാഞ്ചിയില്‍ ദലിത് കുടുംബത്തെ അരുംകൊല ചെയ്ത മേല്‍ജാതിക്കാരെ വെറുതെവിട്ട കോടതി വിധിയെയും മാധ്യമങ്ങള്‍ കൈയടിച്ച് പാസാക്കി.

ഇന്ത്യ^അമേരിക്ക ആണവ കരാറിനെച്ചൊല്ലിയുള്ള ചര്‍ച്ചകളും വാഗ്വാദങ്ങളുമാണ് ഒരു പക്ഷേ, രാജ്യചരിത്രത്തെ പോയ വര്‍ഷം ഗതിമാറ്റി വിട്ടത്. കരാറിന്റെ മഹത്ത്വങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയും ടോം വടക്കനും മുതല്‍ കോണ്‍ഗ്രസ് ഓഫീസിലെ അരിവെപ്പുകാരന്‍ വരെയുള്ളവര്‍ ന്യൂസ് റൂമുകളിലിരുന്ന് ക്ലാസെടുത്തിട്ടും ശരാശരി ഇന്ത്യക്കാരന്റെ മനസ്സിലെ സംശയങ്ങള്‍ ഏറി വന്നു. സര്‍ക്കാര്‍ താല്‍പര്യം ദേശ സുരക്ഷയേക്കാളുപരി മറ്റുചില കാര്യങ്ങളിലാണെന്ന തോന്നല്‍ ജനങ്ങളിലെത്തിക്കാന്‍ പ്രാദേശിക പത്രങ്ങള്‍ക്കായി. യു.പി.എ സര്‍ക്കാറിന്റെ വിധി നിര്‍ണയിക്കാന്‍ കെല്‍പുണ്ടെന്ന് വിശ്വസിക്കപ്പെട്ട സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടായിരുന്നു അന്നാളുകളില്‍ മീഡിയ ഊതി വീര്‍പ്പിച്ച വര്‍ണബലൂണ്‍. കാരാട്ടിന്റെ നോക്കും വാക്കും വാര്‍ത്തയായി. ഭരണകൂടത്തിന്റെ ആട്ടിത്തെളിയെ ധിക്കരിച്ച് കണ്ണിലെ കറുത്ത പട്ടകള്‍ നീക്കി മാധ്യമക്കുതിരകള്‍ നേരിന്റെ വഴിയേ പായുമെന്ന് തോന്നിപ്പിച്ച കാലമായിരുന്നു അത്. ഒടുവില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ നടുത്തളത്തില്‍ പവര്‍ബ്രോക്കര്‍മാരുടെ ഊക്കിലും നോട്ടുകെട്ടുകളുടെ വഴുവഴുപ്പിലും തട്ടിവീണുടഞ്ഞ രാജ്യതാല്‍പര്യങ്ങള്‍ക്കൊപ്പം ആ തോന്നലുകളും ഓര്‍മയായി.

വിലകൊടുത്തു വാങ്ങിയ വിശ്വാസത്തിന്റെ നൈതികതയെ ചോദ്യം ചെയ്യാന്‍ മാധ്യമലോകം വായ തുറന്നതിനു തൊട്ടുപിന്നാലെ ഐ.ടി തലസ്ഥാനമായ ബാംഗ്ലൂര്‍ മുതല്‍ രാജ്യ തലസ്ഥാനമായ ദല്‍ഹിയില്‍ വരെ സ്ഫോടന പരമ്പരകള്‍ അരങ്ങേറി. അതോടെ ദേശം-ദേശീയത-ദേശസുരക്ഷ എന്ന സമവാക്യത്തിലേക്ക് മാധ്യമങ്ങള്‍ ക്രിയ മാറ്റി. ദല്‍ഹിയിലെ, മുംബൈയിലെ,ഗുജറാത്തിലെ പോലിസിന്റെ നെറികേടുകള്‍ നിയമവാഴ്ചക്ക് എത്രയേറെ ഭീഷണിയുയര്‍ത്തുന്നതാണെന്ന് ഏറ്റവും നന്നായറിയുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. ജ്വല്ലറികളിലെ മോഷണകേസുകളില്‍ പോലും പോലിസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത മാധ്യമങ്ങള്‍ക്ക് ബോംബ്സ്ഫോടനങ്ങളിലും ഭീകരവേട്ടയിലും പരസ്പരബന്ധമില്ലാത്ത പോലിസ് നിലപാടുകളായിരുന്നു പരമസത്യം. ദല്‍ഹി, അഹ്മദാബാദ് സ്ഫോടനങ്ങളുടെ സൂത്രധാരന്‍മാരെ പടക്കുന്നതില്‍ പോലിസും പത്രങ്ങളും മല്‍സരിച്ചു. പൊട്ടിയത് ബോംബെങ്കില്‍ വെച്ചത് 'ജിഹാദികള്‍' തന്നെ എന്ന് ഏറ്റുവിളിച്ചു. മുസ്ലിംകള്‍ കൂട്ടമായി പാര്‍ക്കുന്ന ഗ്രാമങ്ങളെല്ലാം തീവ്രവാദത്തിന്റെ ഫാക്ടറികളായി ലോകര്‍ക്ക് മുന്നില്‍ പ്രചരിപ്പിക്കപ്പെട്ടു. ചരിത്രമുറങ്ങുന്ന അഅ്സംഗഢ് മുതല്‍ ആലുവ വരെ ഭീകരതയുടെ ഭൂപടത്തിലെ ലാന്‍ഡ്മാര്‍ക്കുകളായി. ഇന്ത്യ ബോംബില്‍ തലവെച്ചുറങ്ങുന്നു എന്ന് മുഖപ്രസംഗമെഴുതിയ പത്രങ്ങള്‍ കാണ്‍പൂരിലും കണ്ണൂരിലും നിര്‍മാണത്തിനിടെ ബോംബു പൊട്ടി സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മരിച്ച വാര്‍ത്ത സൌകര്യപൂര്‍വം നിര്‍വീര്യമാക്കി. മാലേഗാവിലെ അങ്ങാടിയില്‍ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏതെങ്കിലും അറബിപ്പേരുള്ള സംഘടനക്കുമേല്‍ വെച്ചുകെട്ടാന്‍ പോലിസ്^മാധ്യമ കൂട്ടുകെട്ട് ആഞ്ഞ് ശ്രമിക്കുന്നതിനിടെയാണ് ഹിന്ദുത്വ ഭീകരതയുടെ മുഖംമൂടി അഴിഞ്ഞുവീണത്. സ്വാതന്ത്യ്രത്തിന് മുമ്പും പിമ്പും നടന്ന വര്‍ഗീയ കലാപങ്ങള്‍, ഗാന്ധിവധം, ബാബരി മസ്ജിദ് ധ്വംസനം തുടങ്ങിയ ചോരമണം മാറാത്ത തെളിവുകള്‍ നിലനില്‍ക്കുമ്പോഴും ഹിന്ദുത്വഭീകരത എന്നൊരേര്‍പ്പാട് ഇന്നാട്ടിലില്ലെന്ന് നടിച്ച മാധ്യമങ്ങള്‍ ഒടുവിലിത് തുറന്ന് സമ്മതിക്കാന്‍ നിര്‍ബന്ധിതരായി. ഭീകരത സംബന്ധിച്ച വാര്‍ത്തകള്‍ ചൂടോടെ വിളമ്പാന്‍ മല്‍സരിക്കുന്ന മുന്‍നിര മാധ്യമങ്ങള്‍ കാണാതിരുന്ന കാവിഭീകരതയെക്കുറിച്ച വിശേഷങ്ങള്‍ യഥാസമയം പുറത്തുവിട്ടത് മുംബൈയില്‍ നിന്നിറങ്ങുന്ന സമാന്തര പ്രസിദ്ധീകരണമായ 'കമ്യൂണലിസം കോംബാറ്റ്' ആയിരുന്നു. 'സഫ്രണ്‍ ടെറര്‍' എന്ന തലക്കെട്ടില്‍ നവയുഗ കാവി ഫാഷിസ്റ്റുകളുടെ പ്രവര്‍ത്തന രീതി വിശദീകരിച്ച് ഡോക്യുമെന്ററി അവതരിപ്പിച്ച സി.എന്‍.എന്‍ ^ഐ.ബി. എന്‍ ചാനലും വേറിട്ടു നടന്നു. ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലെ മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പുറത്തുവിട്ട അലോസരപ്പെടുത്തുന്ന അറിവുകള്‍ പ്രേക്ഷകരിലെത്തിക്കുന്നതില്‍ ഇംഗ്ലീഷ് വാര്‍ത്താചാനലുകള്‍ പിശുക്ക് കാണിച്ചില്ല. എന്നാല്‍, മുസ്ലിം ഭീകരതയെക്കുറിച്ചെഴുതിയ ഉലക്കവലിപ്പമുള്ള പേന മാലേഗാവിലെത്തിയപ്പോഴേക്കും മലയാളപത്രങ്ങളില്‍ നിന്നടക്കം കാണാതെ പോയി.

ബട്ല ഹൌസ് ഏറ്റുമുട്ടലോടെ പോലിസ്^മീഡിയ ബാന്ധവം വീണ്ടും മറനീക്കി. രാജ്യത്തെ നടുക്കിയ സ്ഫോടനങ്ങളുടെ സൂത്രധാരരെന്ന് സംശയിക്കുന്നവരെ പിടികൂടാനുള്ള അതിരഹസ്യ ഓപറേഷന്‍ നടക്കാന്‍ പോകുന്ന വിവരം ആദ്യമറിഞ്ഞത് സ്റ്റേഷനിലെ പറ്റുകാരായ പത്രക്കാരായിരുന്നു. ദുരൂഹമായ ഒരുപാട് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന മോഹന്‍ചന്ദ് ശര്‍മയും സംഭവത്തിനിടെ തോക്കിനിരയായതോടെ പട്ടാപ്പകല്‍ രണ്ട് ചെറുപ്പക്കാരെ വെടിവെച്ചുകൊന്ന നടപടി കീഴ്ക്കാംതൂക്ക് മറിച്ച് ഭീകരതക്കെതിരായ യുദ്ധമാക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് മടിയുണ്ടായില്ല. മരിച്ച വിദ്യാര്‍ഥികളിലൊരാള്‍ പഠിച്ചിരുന്ന ജാമിഅ മില്ലിയ്യ സര്‍വകലാശാലക്കെതിരെയും മാധ്യമങ്ങള്‍ ദേശദ്രോഹത്തിന്റെ കുറ്റംചാര്‍ത്തി. അതിവൈകാരിക റിപ്പോര്‍ട്ടിംഗും വിദ്വേഷ പ്രചാരണവും അതിരുകടന്നപ്പോള്‍ മാധ്യമങ്ങള്‍ക്ക് താക്കീതു നല്‍കാന്‍ ദല്‍ഹിയിലെ പത്രപ്രവര്‍ത്തക യൂനിയന്‍ നിര്‍ബന്ധിതരായി. അതിനിടെ ഏറ്റുമുട്ടലിന്റെ തുടര്‍ക്കഥകളുമായിറങ്ങിയ 'ഇന്ത്യാടുഡേ' വളര്‍ത്തു തത്തയെപ്പോലെ ഇന്റലിജന്‍സ് ഏജന്‍സി പാടിയ ഭീകരതയുടെ പടപ്പാട്ടുകള്‍ ഏറ്റുപാടി. എന്നാല്‍, പോലിസ് ഭാഷ്യത്തില്‍ സംശയമുന്നയിച്ച് വാര്‍ത്തയെഴുതിയ ആദ്യപത്രങ്ങളിലൊന്ന് 'ഇന്ത്യാ ടുഡേ' തറവാട്ടിലെ പുതുമുറക്കാരനായ 'മെയില്‍ ടുഡേ'യായിരുന്നു. 'മെയില്‍ ടുഡേ'യുടെ അസോസിയേറ്റ് എഡിറ്റര്‍ പദവിയിലുള്ള മലയാളിയായ രാജേഷ് രാമചന്ദ്രന്‍ ടി.വി ചര്‍ച്ചകളിലൂടെയും തന്റെ സംശയങ്ങള്‍ മറയേതുമില്ലാതെ തുറന്നുപറഞ്ഞു.

പാക് അധീനകശ്മീരിലേക്ക് കടക്കാന്‍ ശ്രമിക്കെ മലയാളിചെറുപ്പക്കാര്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചെന്ന പോലിസ് ഭാഷ്യം അതേപടി പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ ഈ സംഭവത്തെ ചൂഴ്ന്നുനില്‍ക്കുന്ന ദുരൂഹതയുടെ കുരുക്കഴിക്കാന്‍ ഇനിയും തയാറാവുന്നില.്ല നക്സല്‍ വര്‍ഗീസിനെ പിടികൂടി കണ്ണുകെട്ടി വെടിവെച്ചു കൊന്നശേഷം ഏറ്റുമുട്ടലില്‍ മരിച്ചുവെന്ന് പാടി നടന്ന പോലിസ് ചരിത്രമുള്ള നാടാണിത്. എന്നിട്ടും സന്തോഷ് ട്രോഫി ഫുട്ബാളും നിയമസഭാതെരഞ്ഞെടുപ്പും റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രതിനിധികളെ കശ്മീരിലേക്കയച്ച പത്രങ്ങളൊന്നും കേരളത്തിന്റെ കെട്ടുറപ്പിനുതന്നെ ഭീഷണിയായേക്കാവുന്ന ഭീകരബന്ധത്തിന്റെ നേരറിയാന്‍ മെനക്കെടുന്നില്ലെന്നത് ആശങ്കയുളവാക്കുന്നു.

മുംബൈ നഗരത്തിലെ ഭീകരാക്രമണം രാജ്യവിരുദ്ധ ശക്തികള്‍ക്കെന്നപോലെ മാധ്യമങ്ങള്‍ക്കും ആഘോഷപ്പെരുന്നാളായിരുന്നു. സംഭവിച്ചത് ഇന്ത്യയുടെ 9/11 എന്ന് പറയുമ്പോള്‍ വാര്‍ത്താ അവതാരകരുടെ ചുണ്ടില്‍ ഒരു നിഗൂഢ ആനന്ദം ശ്രദ്ധിച്ചിരുന്നില്ലേ? താജിനുള്ളില്‍ കുടുങ്ങിപ്പോയ പാര്‍ലമെന്ററി സമിതിയംഗങ്ങളടക്കമുള്ള വി.ഐ.പികളുടെ ജീവനെക്കുറിച്ച് സങ്കടപ്പെട്ടവര്‍ക്ക് സ്വജീവന്‍ പണയപ്പെടുത്തി അതിഥികളെ രക്ഷിക്കാന്‍ ശ്രമിച്ച ഹോട്ടലിലെ പരിചാരകരുടെ ജീവനില്‍ ആശങ്കയുണ്ടായിരുന്നില്ല. യുദ്ധമാണ് മറുപടിയെന്ന് പൊതുജനങ്ങളെക്കൊണ്ട് പറയിക്കുന്നതിലും അവര്‍ വിജയം കണ്ടു.

ഭീകരാക്രമണം അരങ്ങേറിയ താജ് ഹോട്ടലിനകത്ത് പെട്ടുപോയ പെങ്ങളുടെ വിവരമറിയാന്‍ വന്ന് കണ്ണീരോടെ കാത്ത് നില്‍ക്കുന്ന ചെറുപ്പക്കാരനോട് (കുത്തിവെക്കാനെത്തിയ കുട്ടിയോട് നഴ്സമ്മ ചോദിക്കുന്ന ലാഘവത്തോടെ) 'ടെന്‍ഷനുണ്ടോ?' എന്ന് ചോദിക്കുന്ന ബര്‍ക്കാ ദത്തിന്റെ അമിതാവേശ പത്രപ്രവര്‍ത്തനം പലപ്പോഴും ഓക്കാനമുണ്ടാക്കി. എന്നാല്‍, ഭീകരാക്രമണത്തിനിടെ മരിച്ച മഹാരാഷ്ട്ര എ.ടി.എസ് തലവന്‍ ഹേമന്ത് കര്‍ക്കരെയുടെ ചിത കൊളുത്താന്‍ നില്‍ക്കുന്ന കൌമാരക്കാരനായ മകന്‍ ആകാശിനോട് എന്ത് തോന്നുന്നു എന്ന് ചോദിച്ച ടി.വി റിപ്പോര്‍ട്ടര്‍ പോഴത്തരത്തിലും മനഃസാക്ഷിയില്ലായ്മയിലും ബര്‍ക്കയെ കടത്തിവെട്ടി.

കെട്ടും മട്ടും കൂടുതല്‍ മിഴിവുറ്റതാക്കിയെങ്കിലും 'തെഹല്‍ക്ക'യുടെ പല്ലിന്‍ ശൌര്യം പണ്ടേ പോലെ ഫലിച്ചില്ല പോയയാണ്ടില്‍. എന്നാല്‍, വര്‍ഷങ്ങളായി ഇന്റലിജന്‍സ് ഏജന്‍സികളും മാധ്യമങ്ങളും ചേര്‍ന്ന് പറഞ്ഞ് പേടിപ്പിച്ചിരുന്ന സിമി എന്ന 'പ്രേതമുറി' ശൂന്യമാണെന്ന് തുറന്നു കാണിച്ച തെഹല്‍ക എഡിറ്റര്‍ അറ്റ് ലാര്‍ജ് അജിത് സാഹി സാഹസിക പത്രപ്രവര്‍ത്തനത്തില്‍ തിളങ്ങുന്ന താരമായി. 'അമര്‍ ആസാം' പത്രത്തിലെ ജഗജിത് സൈകിയ, 'ഇംഫാല്‍ ഫ്രീ പ്രസി'ലെ സബ് എഡിറ്റര്‍ ട്രെയിനി കൊന്‍സം റിഷികാന്ത, 'ഹെഡ്ലൈന്‍സ് ടുഡേ'യിലെ സൌമ്യ വിശ്വനാഥന്‍ എന്നിവരാണ് പോയ വര്‍ഷം ജോലിക്കിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ പത്രപ്രവര്‍ത്തകര്‍. അമര്‍നാഥ് പ്രക്ഷോഭകാലത്ത് ജനം സത്യമറിയുന്നതിനെ ഭരണകൂടം ശരിക്കും ഭയപ്പെട്ടു. കശ്മീര്‍ താഴ്വരയിലിറങ്ങുന്ന നാല്‍പതിലേറെ ഇംഗ്ലീഷ്, ഉര്‍ദു പത്രങ്ങളിലൊന്നുപോലും പത്തുദിവസത്തോളം ന്യൂസ് സ്റ്റാന്റുകളിലെത്തിയില്ല. റിപ്പോര്‍ട്ടിംഗിനിടെ പതിനഞ്ചിലേറെ പത്രപ്രവര്‍ത്തകര്‍ക്കാണ് കശ്മീരില്‍ മാത്രം ഗുരുതര പരിക്കേറ്റത്.

മാഫിയാ ബന്ധത്തിന് കുപ്രസിദ്ധനായ ഒ.പി. മാഥൂറിനെ അലഹബാദ് പോലിസ് കമീഷണറായി നിയമിക്കുന്നതിനെതിരെ പരമ്പര പ്രസിദ്ധീകരിച്ച 'ടൈംസ് ഓഫ് ഇന്ത്യ'യുടെ പ്രവര്‍ത്തകര്‍ കോടതി കയറേണ്ടി വന്നു. മറാത്താ ദേശീയ വാദത്തിനെതിരെ ഉജ്വല മുഖപ്രസംഗമെഴുതിയതിന് 'ലോക്സത്ത' എഡിറ്റര്‍ കുമാര്‍ കേല്‍ക്കറിന്റെ വീട് ആക്രമിക്കപ്പെട്ടു. ഇനിയുമേറെ നീളാത്തൊരു ചെറുപട്ടിക ഒഴിച്ചുനിര്‍ത്തിയാല്‍ മാധ്യമപ്രവര്‍ത്തകരല്ലാത്ത അരുന്ധതി റോയിയും സദാനന്ദ് മേനോനും പ്രൊഫ. മുകുള്‍ കേശവനും പേര് പറയാതെ നേര് പറഞ്ഞ അസംഖ്യം ബ്ലോഗര്‍മാരും നടത്തിയ മാധ്യമ ഇടപെടലുകളാണ് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഇരുട്ടില്‍ പ്രതിരോധത്തിന്റെ നക്ഷത്രത്തുട്ടുകളായി അവശേഷിക്കുന്നത്.

റിപ്പോര്‍ട്ടിംഗില്‍ സദാചാരമോ സാമാന്യമര്യാദകളോ പാലിക്കാത്ത ഇന്ത്യന്‍ പത്രലോകം അമേരിക്കന്‍ പ്രസിഡന്റിനു നേരെ ചെരിപ്പേറ് നടത്തിയ ഇറാഖി പത്രപ്രവര്‍ത്തകന്റെ അധികപ്രസംഗത്തെക്കുറിച്ച് അതിഗഹന ചര്‍ച്ചകള്‍ നടത്തി. അരാഷ്ട്രീയത പ്രചരിപ്പിച്ച് ജനമനസ്സുകളില്‍ യുദ്ധജ്വരം പടര്‍ത്തി അയല്‍വാസിയെ ശത്രുവായി കാണാന്‍ പ്രേരിപ്പിക്കുന്നതില്‍ ഉളുപ്പു തോന്നാത്ത ഇന്ത്യന്‍ മാധ്യമങ്ങള്‍ മുന്‍തളിറിന്റെ പ്രകടനം കടന്നകൈയായെന്ന് വിധിയെഴുതി. പത്രക്കാരന്‍ എന്ന മേല്‍വിലാസം അയാള്‍ ദുരുപയോഗം ചെയ്തതായും വാദങ്ങളുണ്ടായി. മദ്യശാലയില്‍ മുതല്‍ ബസ്സ്റ്റാന്റ് മൂത്രപ്പുരകളില്‍ വരെ പ്രസ് കാര്‍ഡ് കാണിച്ച് കാര്യം സാധിക്കുന്ന പത്രക്കാരാണിത് പറഞ്ഞതെന്നോര്‍ക്കണം. ബുഷിനോളം നീചരല്ലെങ്കിലും ചെരുപ്പിനടികൊള്ളാന്‍ യോഗ്യരായി ഒരുപാട് പേര്‍ നമുക്കിടയിലുമുണ്ടായിരുന്നു. രാജ്യത്തെ ജനങ്ങളെ ഭാഷയുടെ പേരില്‍ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ച ഛോട്ടാ താക്കറെ മുതല്‍ ചെങ്ങറയിലെയും മൂലമ്പള്ളിയിലെയും വിലാപത്തെ കലാപമായും കൊള്ളയടിയായും പരിഹസിച്ച കാലഹരണപ്പെട്ട പുണ്യാളന്‍ വരെ! പക്ഷേ, എന്തുചെയ്യാന്‍? ഈ നേരമൊക്കെയും അധികാരകേന്ദ്രങ്ങള്‍ക്ക് കീഴില്‍ അനുസരണയോടെയിരുന്ന് പാദസേവ നടത്തുന്ന തിരക്കിലായിരുന്നു ഇന്ത്യന്‍ മാധ്യമക്കൂട്ടം.

1 പിന്മൊഴികള്‍:

ശ്രീഹരി::Sreehari said...

ഇത്തിരി വണ്‍‌ സൈഡഡ് ആണ്. എങ്കിലും ലേഖനം അഭിനന്ദന അര്‍ഹിക്കുന്നു.