Friday, August 29, 2008

പ്രത്യേക സാമ്പത്തികമേഖല:ചൈനയുടെ അനുഭവം അവഗണിക്കാനാകുമോ?

എം. സുചിത്ര

പ്രത്യേക സാമ്പത്തികമേഖലകള്‍ സ്ഥാപിച്ചില്ലെങ്കില്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന മട്ടിലുള്ള കോലാഹലങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സാമ്പത്തികപുരോഗതിയിലേക്കുള്ള ഏകവഴി സോണുകള്‍ മാത്രമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് ആണയിടുന്നു. അയല്‍സംസ്ഥാനങ്ങള്‍ സോണും കൊണ്ടുപോകുമ്പോള്‍ തൂണും ചാരി നില്‍ക്കുന്നത് ശരിയല്ലെന്നും ഇനിയും വൈകിയാല്‍ നമ്മുടെ ഹരിതസുന്ദര കേരളം മരുഭൂമിയായി മാറുമെന്നും വ്യവസായ മന്ത്രി എളമരം കരീം വിലപിക്കുന്നു. സോണുകള്‍ സ്ഥാപിക്കുന്നതില്‍നിന്ന് ഇടതുസര്‍ക്കാറുകള്‍ക്ക് മാറിനില്‍ക്കാന്‍ കഴിയില്ലെന്ന് സി.പി.എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട്. എടുത്തുചാട്ടം വേണ്ട, ആലോചിച്ചിട്ടു മതിയെന്ന് സി.പി.ഐ. മുന്നണിയില്‍ ഭിന്നത. കുട്ടിസഖാക്കള്‍ ആശയക്കുഴപ്പത്തില്‍. ഏതായാലും സോണുകളുടെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ഇടതുമുന്നണി യോഗം ചേരുകയാണ്.

ഐ.ടി വ്യവസായത്തിനെന്ന പേരില്‍ 18 സ്വകാര്യസ്ഥാപനങ്ങളാണ് ഇപ്പോള്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. ഇവയില്‍ പത്തെണ്ണത്തിന് അംഗീകാരം നല്‍കാവുന്നതാണെന്ന് ചീഫ്സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥസമിതി ശിപാര്‍ശ ചെയ്തിരുന്നു. സമിതിയുടെ ശിപാര്‍ശയനുസരിച്ച് സര്‍ക്കാര്‍ ഈ അപേക്ഷകള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കണമെന്നാണ് സി.പി.എം സംസ്ഥാനസമിതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇവയില്‍ മിക്കതും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരും ഫ്ളാറ്റ് നിര്‍മാതാക്കളുമാണ്.

പ്രത്യേക സാമ്പത്തികമേഖലകളെ പ്രോല്‍സാഹിപ്പിക്കുന്നതിനുമുമ്പ് ഇടതു നേതാക്കളെങ്കിലും ചൈനയുടെ അനുഭവം വിലയിരുത്തേണ്ടതുണ്ട്. ചൈനയിലെ സോണുകളുടെ 'അഭൂതപൂര്‍വമായ വിജയ'മാണ് ഇങ്ങനെയൊരു നയം ഇവിടെയും സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് പ്രചോദനമായത്. 2005ല്‍ നിക്ഷേപകര്‍ക്ക് സഹായകമാകുംവിധം പ്രത്യേക സാമ്പത്തിക മേഖലാനിയമം കൊണ്ടുവരാന്‍ പ്രചോദനമായതും ചൈനതന്നെയാണ്. രാജ്യത്തിന്റെ കയറ്റുമതി വര്‍ധിപ്പിച്ച് കൂടുതല്‍ വിദേശനാണ്യം നേടുക, വികസനത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന തെക്കന്‍ കടലോരപ്രദേശങ്ങളെ പുരോഗതിയിലേക്കു നയിക്കുക എന്നീ ലക്ഷ്യങ്ങളോടെ 1980ലാണ് ചൈന ആദ്യത്തെ സോണ്‍ സ്ഥാപിക്കുന്നത്. ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഷെന്‍ഴെന്‍ സോണ്‍. 3,27,000 ഹെക്ടര്‍ ഭൂമിയാണ് ചൈനീസ് സര്‍ക്കാര്‍ ഇതിനു വേണ്ടി ലഭ്യമാക്കിയത്. വേര്‍തിരിക്കപ്പെട്ട ചില മേഖലകളില്‍ മുതലാളിത്തം പരീക്ഷിക്കുകയും അതിന്റെ പ്രത്യാഘാതങ്ങള്‍ മറ്റിടങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ പരവമാവധി ശ്രദ്ധിക്കുകയും ചെയ്യുക എന്ന രീതിയാണ് തുടക്കത്തില്‍ കൈക്കൊണ്ടത്.

ഷെന്‍ഴെന്‍ സോണിലൂടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ ആയതോടെ സര്‍ക്കാര്‍ സോണുകള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കി. 55 സോണുകള്‍ സര്‍ക്കാര്‍ തന്നെ സ്ഥാപിച്ചു. ഇതിനുപുറമേ നിലവിലുണ്ടായിരുന്ന ഭൂവിനിയോഗനിയമം ഭേദഗതി ചെയ്ത് സ്വന്തമായ ഭൂനിയമങ്ങള്‍ ഉണ്ടാക്കാന്‍ തദ്ദേശ സര്‍ക്കാറുകള്‍ക്കും പ്രവിശ്യാ സര്‍ക്കാറുകള്‍ക്കും അധികാരം നല്‍കി. എണ്‍പതുകളുടെ മധ്യം വരെ ചൈനയില്‍ ഭൂമി പൂര്‍ണമായും സര്‍ക്കാറിന്റേതായിരുന്നു. നഗരങ്ങളിലെ ഭൂമി സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലും ഗ്രാമങ്ങളിലെ ഭൂമി വില്ലേജ് കമ്യൂണുകളുടെ ഉടമസ്ഥതയിലുമായിരുന്നു. നഗരഭൂമിയുടെ വിനിയോഗാവകാശം മാത്രമേ നിയമപ്രകാരം കൈമാറാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ.

സോണ്‍ജ്വരം മൂര്‍ച്ഛിച്ചതോടെ തദ്ദേശ സര്‍ക്കാരുകള്‍ ഒന്നിനു പിറകേ ഒന്നൊന്നായി ഇത്തരം മേഖലകള്‍ക്ക് അംഗീകാരം നല്‍കിത്തുടങ്ങി. കൃത്യമായി രേഖപ്പെടുത്താന്‍പോലും കഴിയാത്തവിധം സോണുകളുടെ എണ്ണം പെരുകി 1993 ആയപ്പോഴേക്കും 8000^ലധികം സോണുകള്‍ നിലവില്‍ വന്നുവെന്നാണ് ഏകദേശ കണക്ക്.
സോണുകള്‍ക്കു വേണ്ടി ഭൂമി ലഭ്യമാക്കാന്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് ഗ്രാമപ്രദേശങ്ങളിലെ ഭൂമിക്ക് നഗരഭൂമിയുടെ പദവി നല്‍കുകയും വിനിയോഗാവകാശം സ്വകാര്യകമ്പനികള്‍ക്ക് കൈമാറുകയും ചെയ്തു. 1985നും 95നും ഇടയില്‍ 15,00,000 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഈവിധത്തില്‍ കൈമാറി. ഭൂമിക്കു ക്ഷാമം വന്നതോടെ സര്‍ക്കാര്‍ കര്‍ഷകരെ ഒഴിപ്പിച്ച് വന്‍തോതില്‍ കൃഷിഭൂമി സോണുകള്‍ക്കു നല്‍കിത്തുടങ്ങി. ദേശീയവും തദ്ദേശീയവുമായ പല നിയമങ്ങളും ലംഘിച്ചാണ് പല സോണുകളും പ്രവര്‍ത്തിച്ചത്.

സങ്കുചിതമായ സാമ്പത്തികസൂചികകള്‍ വെച്ചുനോക്കുമ്പോള്‍ ചൈനയിലെ പല സോണുകളും വിജയം തന്നെയായിരുന്നു. പ്രത്യേകിച്ചും ഷെന്‍ഴെന്‍ സോണ്‍. ലോകത്തിലെ മറ്റൊരു നഗരത്തിനും നേടാനാകാത്ത സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഈ സോണിനു കഴിഞ്ഞുവെന്നത് സത്യം തന്നെയാണ്. 20^30 ശതമാനമാണ് സോണിന്റെ സാമ്പത്തിക വളര്‍ച്ചനിരക്ക്. ഇന്ത്യയില്‍ നിന്നുള്ള മൊത്തം കയറ്റുമതിയുടെ കാല്‍ഭാഗത്തില്‍ കൂടുതലാണ് ഈ സോണില്‍ നിന്നുമാത്രം കയറ്റുമതി ചെയ്യുന്നത്.

എന്നാല്‍ സാമ്പത്തികമായ ഈ നേട്ടങ്ങള്‍ക്ക് സാമൂഹികമായി കനത്തവില നല്‍കേണ്ടിവന്നു. പ്രവിശ്യകള്‍ക്കിടയില്‍ സാമ്പത്തിക അസമത്വം വര്‍ധിച്ചു. കര്‍ഷകര്‍ കൂട്ടത്തോടെ കുടിയേറ്റ തൊഴിലാളികളായി മാറി. ഷെന്‍ഴെന്‍ സോണില്‍ താമസിക്കുന്ന 120 ലക്ഷം ജനങ്ങളില്‍ 70,0000 ലക്ഷം പേരും കുടിയേറ്റ തൊഴിലാളികളാണ്. അധ്വാനത്തിന്റെ വില പരമാവധി കുറച്ച് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സോണുകള്‍ മല്‍സരിച്ചു. തൊഴിലാളികള്‍ പരമാവധി ചൂഷണം ചെയ്യപ്പെട്ടു. സ്വതന്ത്ര തൊഴിലാളി യൂനിയനുകള്‍ ഇല്ലാതിരുന്നിട്ടുപോലും 2006ല്‍ മാത്രം ഇവിടെ പതിനായിരത്തോളം മിന്നല്‍ പണിമുടക്കുകള്‍ നടന്നിട്ടുണ്ട്. സോണുകള്‍ പെരുകിയതോടെ ബാലവേല വര്‍ധിച്ചു. ഷെന്‍ഴെന്‍ സോണില്‍ മാത്രം 5,00,000 കുട്ടികളാണ് ജോലി ചെയ്യുന്നത്. തൊഴിലാളികള്‍ക്കിടയിലുളള ആത്മഹത്യാനിരക്കും വളരെ കൂടുതലാണ്. സാംസ്കാരിക വിപ്ലവകാലത്തു നേടിയ സാമൂഹികനേട്ടങ്ങളില്‍ നിന്ന് ചൈന ബഹുദൂരം പിറകോട്ടു പോകുകയാണ് ഉണ്ടായത്.

തൊണ്ണൂറുകളുടെ അവസാനമായപ്പോഴേക്കും സെന്‍ട്രല്‍ ഗവണ്‍മെന്റ് ആകെ അങ്കലാപ്പിലായി. ഭൂവിനിയോഗത്തില്‍ മാറ്റം വരുത്തുന്നതിന് 1997ല്‍ ചൈന മൊറട്ടോറിയം ഏര്‍പ്പെടുത്തി. കൂടാതെ 1998ല്‍ കൃഷിഭൂമി സംരക്ഷിക്കുന്നതിനുള്ള നിയമവും കൊണ്ടുവന്നു. ആയിരക്കണക്കിന് സോണുകളുടെ അംഗീകാരം റദ്ദാക്കി. ഔദ്യോഗികമായി ഇപ്പോള്‍ 56 ദേശീയ^സാമ്പത്തിക^സാങ്കേതിക വികസന സോണുകള്‍ മാത്രമാണ് ചൈനയിലുള്ളത്. കൂടാതെ കയറ്റുമതി സംസ്കരണ മേഖലകളും. സോണുകള്‍ക്കു നല്‍കിവന്ന നികുതി ഇളവുകളും ചൈന പിന്നീട് പുനഃപരിശോധിച്ചു. എത്രതന്നെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ഭൂമി നഷ്ടപ്പെട്ട കര്‍ഷകരുടെ പ്രക്ഷോഭങ്ങള്‍ ചൈനയില്‍ വര്‍ധിച്ചു വരികയാണ്.
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ എന്തുകൊണ്ടാണ് സി.പി.എമ്മിന്റെ ഔദ്യേഗികപക്ഷം കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ നയം നടപ്പിലാക്കാന്‍ ഇത്രയധികം ആവേശം കാണിക്കുന്നത്? എല്ലാ നികുതികളില്‍നിന്നും ഒഴിവാക്കപ്പെടുന്ന സോണുകള്‍ സ്ഥാപിക്കപ്പെടുന്നതുവഴി 2010 ആകുമ്പോഴേക്കും 1,70,000 കോടി രൂപയുടെ റവന്യൂ നഷ്ടം ഇന്ത്യക്കുണ്ടാകുമെന്നാണ് ധനമന്ത്രാലയം കണക്കാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ധനമന്ത്രി പി. ചിദംബരം തന്റെ ആശങ്ക പരസ്യമായി പ്രകടിപ്പിക്കുകയും കേന്ദ്ര വാണിജ്യമന്ത്രി കമല്‍നാഥിന്റെ അവകാശവാദങ്ങളെ എതിര്‍ക്കുകയും ചെയ്തിരുന്നു. പക്ഷേ, കേരളത്തില്‍ ധനമന്ത്രിയും വ്യവസായ മന്ത്രിയും ഒറ്റസ്വരത്തില്‍ സോണിനുവേണ്ടി വാദിക്കുകയാണ്.

സോണുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നാല്‍ ചൈനയില്‍ സംഭവിച്ചതൊക്കെത്തന്നെയാണ് ഇവിടെയും സംഭവിക്കുക. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു കൊടുത്താലും റിയല്‍ എസ്റ്റേറ്റുകാര്‍ ജനങ്ങളില്‍നിന്ന് നേരിട്ടു വാങ്ങിയാലും പ്രത്യാഘാതങ്ങള്‍ ഒന്നുതന്നെ. സോണുകളുടെ സമീപപ്രദേശങ്ങളില്‍ ഭൂമിയുടെ ഊഹക്കച്ചവടം വര്‍ധിക്കും. ഭൂമിയുടെ വിലയും കെട്ടിടങ്ങളുടെയും വീടുകളുടെയും വാടകയും വര്‍ധിക്കും, സാധാരണക്കാര്‍ക്കു സ്ഥലംവിട്ടു പോകേണ്ട ഗതികേട് ഉണ്ടാവുകയും ചെയ്യും. സോണുകള്‍ക്കുവേണ്ടി കൃഷിഭൂമി ഏറ്റെടുക്കില്ല എന്നു ധനമന്ത്രി 'ദേശാഭിമാനി' വാരികയില്‍ എഴുതിയതിനു തൊട്ടുപിറകേ സെസ് പദവിക്കുവേണ്ടി അപേക്ഷിച്ച യൂണിടെക് കമ്പനി എറണാകുളം ജില്ലാകേന്ദ്രമായ കാക്കനാടിനു സമീപം ചിറ്റനാട് പാടശേഖരം വാങ്ങിയ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നു.

ആവശ്യത്തിനു ഭൂമിയില്ലെന്നിരിക്കെ ഗോവയെപ്പോലെ കേരളത്തിനും പ്രത്യേക സാമ്പത്തിക മേഖലകള്‍ വേണ്ടെന്നു വെക്കാവുന്നതേയുള്ളൂ. കഴിഞ്ഞവര്‍ഷം നടന്ന ശക്തമായ ജനകീയസമരങ്ങളെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ഗോവയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സര്‍ക്കാറും ഒറ്റക്കെട്ടായിനിന്ന് സോണുകള്‍ക്കെതിരെ നിലപാടെടുക്കുകയാണ് ചെയ്തത്. ഭക്ഷ്യക്കമ്മി സംസ്ഥാനമായ കേരളത്തിനും ആ വഴിയല്ലേ അഭികാമ്യം?
(ക്വസ്റ്റ് ഫീച്ചേഴ്സ് ആന്റ് ഫൂട്ടേജ്)

2 പിന്മൊഴികള്‍:

Countercurrents said...

ആവശ്യത്തിനു ഭൂമിയില്ലെന്നിരിക്കെ ഗോവയെപ്പോലെ കേരളത്തിനും പ്രത്യേക സാമ്പത്തിക മേഖലകള്‍ വേണ്ടെന്നു വെക്കാവുന്നതേയുള്ളൂ. കഴിഞ്ഞവര്‍ഷം നടന്ന ശക്തമായ ജനകീയസമരങ്ങളെ തുടര്‍ന്ന് ഇക്കാര്യത്തില്‍ ഗോവയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സര്‍ക്കാറും ഒറ്റക്കെട്ടായിനിന്ന് സോണുകള്‍ക്കെതിരെ നിലപാടെടുക്കുകയാണ് ചെയ്തത്. ഭക്ഷ്യക്കമ്മി സംസ്ഥാനമായ കേരളത്തിനും ആ വഴിയല്ലേ അഭികാമ്യം?

കിരണ്‍ തോമസ് തോമ്പില്‍ said...

കേരളത്തില്‍ സെസ്സ്‌ സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലാണ്‌ എന്നാണ്‌ എന്റ വിലയിരുത്തല്‍. സെസ്സിനെപ്പറ്റി മന്ത്രി കരീം പറയുന്നത്‌ ചുവടെ ചേര്‍ക്കുന്നു. ഈ വിഷയത്തില്‍ ഒരു പോസ്റ്റും ഞാന്‍ ഇട്ടിട്ടുണ്ട്‌. അവിടെ സജീവമായി ഇടപെടാന്‍ ഹാര്‍ദ്ദവമായി ക്ഷണിക്കുന്നു.


കരീം പറയുന്നത്‌ ഇങ്ങനെ


കൃഷിയിടം ഒഴിപ്പിച്ച്‌ ധാരാളംപേരെ പറിച്ചുമാറ്റിക്കൊണ്ടുള്ള വന്‍ സാമ്പത്തികമേഖല കേരളത്തില്‍ വരാന്‍പോകുന്നില്ല. ഐ.ടി. കമ്പനികള്‍ക്ക്‌ സെസിന്‌ അപേക്ഷിക്കണമെങ്കില്‍ 25 ഏക്കര്‍ മതി. അത്‌ കണ്ടെത്താന്‍ ഒരാളെയും ഒഴിപ്പിച്ചില്ല. പാടം നികത്തിയില്ല. കേന്ദ്രനിയമപ്രകാരം സെസ്‌ ലഭിച്ച ഭൂമി 50 ശതമാനം വ്യവസായത്തിനും ബാക്കി അനുബന്ധ കാര്യങ്ങള്‍ക്കും നീക്കിവെക്കണം. കേരളത്തില്‍ 70 ശതമാനം ഭൂമിയും വ്യവസായ ആവശ്യത്തിന്‌ നീക്കിവെക്കണമെന്നാണ്‌ വ്യവസ്ഥചെയ്‌തിട്ടുള്ളത്‌. എക്‌സൈസ്‌, കസ്റ്റംസ്‌ തുടങ്ങിയ നികുതികളെല്ലാം ഒഴിവാക്കിക്കൊണ്ടാണ്‌ കേന്ദ്രം സെസ്‌ അനുവദിക്കുന്നത്‌. എന്നാല്‍ നിലവിലുള്ള പ്രാദേശിക നിയമങ്ങളൊന്നും ഇളവുചെയ്യേണ്ടെന്നാണ്‌ നമ്മുടെ തീരുമാനം. തൊഴിലാളി യൂണിയന്‍നിയമം ഭേദഗതിചെയ്‌തിട്ടില്ല. തൊഴില്‍ പ്രശ്‌നപരിഹാരനിയമങ്ങളും ഒഴിവാക്കിയിട്ടില്ല. പിന്നെ എന്തിനാണ്‌ ആശങ്ക -എളമരം കരീം ചോദിച്ചു