Saturday, July 19, 2008

‍ആണവക്കരാര്‍ എന്താണീ രഹസ്യം ?

മുജീബുര്‍റഹ്‌മാന്‍ കിനാലൂര്

‍ആണവക്കരാറുമായി ബന്ധപ്പെട്ട വിവാദം പലവഴിക്കു ദിശതെറ്റിത്തുടങ്ങിയിരിക്കുന്നു. യു പി എ സര്‍ക്കാറിനെ പിന്തുണച്ചിരുന്ന ഇടതുകക്ഷികള്‍, പ്രധാനമന്ത്രി തങ്ങള്‍ക്കു നല്‍കിയ ഉറപ്പുകള്‍ നഗ്നമായി ലംഘിച്ചതിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചതോടെ കോണ്‍ഗ്രസ്‌ പാര്‍ലമെന്റില്‍ വിശ്വാസ വോട്ട്‌ തേടാന്‍ നിര്‍ബന്ധിതമായിരിക്കുന്നു. കേവല ഭൂരിപക്ഷമെങ്കിലും നേടി ഭരണം നിലനിര്‍ത്താനുള്ള ബദ്ധപ്പാടിലാണ്‌ കോണ്‍ഗ്രസും മുന്നണിയെ താങ്ങുന്ന പാര്‍ട്ടികളും. ഇത്തരമൊരു സാഹചര്യത്തില്‍ ആണവക്കരാറിനെ അതിന്റെ യഥാര്‍ഥ ഉള്ളടക്കത്തില്‍ നിന്ന്‌ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ്‌ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌.

രാഷ്‌ട്രീയ വൃത്തങ്ങളിലും മാധ്യമങ്ങളിലും ആണവക്കരാറിനെക്കുറിച്ചുള്ള ചര്‍ച്ചയുടെ കേന്ദ്രസ്ഥാനത്ത്‌ വന്നുകാണുന്നത്‌ ഇന്ത്യയിലെ ഊര്‍ജപ്രതിസന്ധിയാണ്‌. ആണവോര്‍ജം ഭാവിയില്‍ ഇന്ത്യയ്‌ക്ക്‌ നല്‌കുന്ന സാധ്യതകളും, ഭാവിയില്‍ ഇന്ധനക്ഷാമം നേരിട്ടാല്‍ ആണവ നിലയങ്ങള്‍ വഹിക്കുന്ന പങ്കുമൊക്കെ പലരും ഉന്നയിക്കുന്നു. അടുത്ത ദിവസം രാഹുല്‍ ഗാന്ധി, തന്റെ പിതാവ്‌ രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ കമ്പ്യൂട്ടര്‍ വിപ്ലവം കൊണ്ടുവന്നതിന്‌ സമാനമാണ്‌ ആണവോര്‍ജം ലഭ്യമാക്കുന്നതിനുപകരിക്കുന്ന ഈ കരാറെന്ന്‌ പ്രസ്‌താവിക്കുകയുണ്ടായി. വളര്‍ച്ചയുടെ പാതയില്‍ അതിശീഘ്രം മുന്നേറുന്ന ഇന്ത്യക്ക്‌ ആണവോര്‍ജത്തിന്റെ നേരെ കണ്ണടക്കാനാവില്ലെന്നും രാഹുല്‍ പ്രസ്‌താവിക്കുകയുണ്ടായി. ഏറെക്കുറെ കോണ്‍ഗ്രസ്‌ നേതാക്കളും ഈ വായ്‌ത്താരി ആവര്‍ത്തിക്കുന്നുണ്ട്‌. ഇന്ത്യയുടെ പരമ്പരാഗത ഊര്‍ജ സ്രോതസ്സുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ സമീപ ദശകങ്ങളിലൊന്നും ആണവോര്‍ജം അനിവാര്യ ഘടകമാകുന്നില്ലെന്ന മറുവാദമുയര്‍ത്തി അതിനെ പ്രതിരോധിക്കാന്‍ ഇടതുകക്ഷികളും ശ്രമിച്ചുവരികയാണ്‌. വാസ്‌തവത്തില്‍ ഇവിടെ സംഭവിക്കുന്നത്‌ ആണവക്കരാറിനെ വെറുമൊരു ഇന്ധനക്കരാറായി ബോധപൂര്‍വം ചുരുക്കുന്നുവെന്നതാണ്‌.

ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ 1 2 3 കരാറിന്റെ രാഷ്‌ട്രീയ പശ്ചാത്തലവും, കഴിഞ്ഞ സര്‍ക്കാര്‍ മുതല്‍ തന്നെ അമേരിക്ക ഇന്ത്യയുമായി നയതന്ത്ര തലത്തില്‍ നടത്തിവരുന്ന ഇടപെടലുകളും പരിശോധിക്കുന്ന ആരും ഇതിനെ ഒരു നിര്‍ദോഷ ഉടമ്പടിയായി കണക്കാക്കുകയില്ല. മറിച്ച്‌ ഇന്ത്യ സമീപ കാലത്തായി സ്വീകരിച്ചുവരുന്ന സാമ്രാജ്യത്വാനുകൂല വിദേശ നയത്തിന്റെ പ്രകടമായ പ്രമാണമാണ്‌ ഇതെന്ന്‌ വ്യക്തമാവുകയും ചെയ്യും. ഇന്ത്യയെ ഒരു `വന്‍ശക്തി'യാക്കി വളര്‍ത്തിയെടുക്കാന്‍ അമേരിക്കക്ക്‌ കലശലായ ആഗ്രഹം തുടങ്ങിയിട്ട്‌ വര്‍ഷങ്ങള്‍ ചിലതായി. ഇതിന്‌ അവര്‍ നിര്‍ദേശിക്കുന്ന മാര്‍ഗമൊന്നേയുള്ളൂ. അമേരിക്കയുടെ അടുത്ത പങ്കാളിയാവുക. ഈ വാഗ്‌ദാനത്തില്‍ മോഹാലസ്യപ്പെട്ടാണ്‌ മന്‍മോഹന്‍ പ്രധാന മന്ത്രിക്കസേരയിലിരുന്നതു മുതല്‍ വാഷിംഗ്‌ടണിലേക്ക്‌ കണ്ണുനട്ടിരിക്കുന്നത്‌.ആണവക്കരാറിന്റെ തുടക്കം 2005 ജൂണ്‍ 28ന്‌ അന്നത്തെ ഇന്ത്യന്‍ പ്രതിരോധമന്ത്രി പ്രണബ്‌ മുഖര്‍ജിയും യു എസ്‌ പ്രതിരോധ സെക്രട്ടറി റോണാള്‍ഡ്‌ റെംസ്‌ഫെല്‍ഡും ചേര്‍ന്ന്‌ ഒപ്പുവെച്ച പ്രതിരോധ സഹകരണ കരാറാണ്‌. ഈ കരാറിന്റെ മുഖപ്പില്‍ തന്നെ ഇരുരാജ്യങ്ങളും ഒരു പുതിയ യുഗത്തിലേക്ക്‌ പ്രവേശിക്കുകയാണെന്ന്‌ പറയുന്നുണ്ട്‌.

ഇരു രാജ്യങ്ങളും പരസ്‌പരം ബന്ധങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട്‌ രണ്ടു രാജ്യങ്ങളുടെയും ദേശീയ താല്‌പര്യങ്ങള്‍ക്കുവേണ്ടി പ്രതിരോധ രംഗത്ത്‌ തന്ത്രപ്രധാനമായ സഹകരണം കെട്ടിപ്പടുക്കുകയാണ്‌ പ്രതിരോധ സഹകരണക്കരാറിന്റെ അന്തസ്സത്തയായി, കരാര്‍ സ്വയം പരിചയപ്പെടുത്തിയിട്ടുള്ളത്‌. ഇപ്പറഞ്ഞതിന്റെ നേരെ തര്‍ജമ, അമേരിക്കയുടെ സാമ്രാജ്യത്വ നിര്‍മാണ പദ്ധതിക്ക്‌ ഇന്ത്യയുടെ പിന്തുണ ഉറപ്പുവരുത്തുകയെന്നതാണെന്ന്‌ തിരിച്ചറിയാന്‍ അതീവ ബുദ്ധിസാമര്‍ഥ്യമൊന്നും വേണ്ടല്ലോ. പ്രതിരോധ സഹകരണ കരാറിലൂടെ പതുക്കെ ഇന്ത്യയുടെ വിദേശ നയങ്ങളിലേക്ക്‌ നുഴഞ്ഞു കയറുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം. കരാറില്‍ ഇന്ത്യന്‍ വിദേശനയത്തിന്റെ ആധാര പ്രമാണങ്ങള്‍ക്ക്‌ നിരക്കാത്ത പല ലക്ഷ്യങ്ങളും എഴുതിച്ചേര്‍ത്തിട്ടുണ്ട്‌. ``ബഹുരാഷ്‌ട്ര സൈനിക പ്രവര്‍ത്തനങ്ങളിലുള്ള സഹകരണ''ത്തെക്കുറിച്ച്‌ പ്രതിരോധ സഹകരണക്കരാറില്‍ വ്യവസ്ഥകളുണ്ട്‌. അമേരിക്കയുടെ നിഘണ്ടുവനുസരിച്ച്‌ ബഹുരാഷ്‌ട്ര സഹകരണ പ്രവര്‍ത്തനമെന്നു പറഞ്ഞാല്‍ അര്‍ഥം, ഐക്യരാഷ്‌ട്ര സഭയുടെ അംഗീകാരമില്ലാതെ തന്നെ തങ്ങളുടെ താത്‌പര്യ സംരക്ഷണത്തിന്‌ മറ്റു രാജ്യങ്ങളില്‍ സൈന്യത്തെ അയക്കുകയെന്നാണ്‌.

അഫ്‌ഗാനിസ്‌താനിലും ഇറാക്കിലും ചെയ്‌തത്‌ ``ബഹുരാഷ്‌ട്ര സൈനിക പ്രവര്‍ത്തന''മായിരുന്നു. ഇത്തരം നീക്കങ്ങളില്‍ ഇന്ത്യ പങ്കെടുക്കാമെന്ന വാഗ്‌ദാനം കരാറില്‍ ഒളിച്ചുവെക്കപ്പെട്ടിട്ടുണ്ട്‌.2005 ജൂലായില്‍ അമേരിക്ക സന്ദര്‍ശിച്ച പ്രധാമന്ത്രി, യാതൊരു മുന്നറിയിപ്പും കൂടാതെയാണ്‌ രാജ്യത്തിന്റെ പരമാധികാരത്തെതന്നെ ബാധിക്കുന്ന ആണവക്കരാറിനെക്കുറിച്ച്‌ ബുഷുമായി ചര്‍ച്ച ചെയ്‌തത്‌. അതുവരെ ഇന്ത്യയുടെ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി സഭകളിലോ, യു പി എയിലോ മന്ത്രിസഭയില്‍ പോലുമോ ഇക്കാര്യം ചര്‍ച്ച ചെയ്യാതെയാണ്‌ ജൂലായ്‌ 18ന്‌ ബുഷുമായി ചേര്‍ന്ന്‌ മന്‍മോഹന്‍ സംയുക്ത പ്രസ്‌താവന നടത്തിയത്‌. ആണവോര്‍ജ കൈമാറ്റ രംഗത്ത്‌ നഹകരിച്ചുള്ള മുന്നേറ്റം നടത്തുമെന്നും പ്രതിരോധ മേഖലയില്‍ തന്ത്രപ്രധാനമായ പങ്കാളിത്തം ഇരുരാജ്യങ്ങളും നയമായി സ്വീകരിക്കുമെന്നും സംയുക്ത പ്രസ്‌താവനയില്‍ ലോകത്തെ അറിയിക്കുകയുണ്ടായി. ഈ സംയുക്ത പ്രസ്‌താവന പ്രതിരോധ സഹകരണ കരാറിന്റെ താത്‌പര്യ മേഖല ഒന്നുകൂടി വിശദമാക്കുന്നു. ഇന്ത്യ അതിന്റെ ചേരിചേരാ നയത്തില്‍ നിന്നും സ്വതന്ത്ര വിദേശനയത്തില്‍ നിന്നും വ്യതിചലിച്ച്‌ അമേരിക്കന്‍ വിധേയത്വത്തിലെത്തിയിരിക്കുന്നുവെന്ന ഗുരുതരമായ മുന്നറിയിപ്പായിരുന്നു അത്‌. ഈ വസ്‌തുത സംശയലേശമന്യേ തെളിയിക്കുന്നതാണ്‌ പിന്നീട്‌ ഇന്ത്യ രാജ്യാന്തര പ്രശ്‌നങ്ങളില്‍ സ്വീകരിച്ച സുപ്രധാനമായ നയനിലപാടുകള്‍.

ഇറാനെതിരെയുള്ള അമേരിക്കയുടെ പടപ്പുറപ്പാടിന്‌ ഇന്ത്യ അരുനിന്നുകൊടുക്കുന്നതാണ്‌ പിന്നീട്‌ നാം കാണുന്നത്‌. ദീര്‍ഘകാലമായി ഇന്ത്യയുടെ ഉറ്റസുഹൃത്തും വാതക പൈപ്പ്‌ലൈന്‍ പദ്ധതി ഉള്‍പ്പെടെ ധാരാളം രാജ്യാന്തര കരാറുകളില്‍ ഇന്ത്യയുടെ പങ്കാളിയുമായ ഇറാന്‍ പെട്ടെന്ന്‌ നമുക്ക്‌ ശത്രുവായിത്തീര്‍ന്നതിനു പിന്നില്‍ മറ്റെന്തൊരു കാരണമാണ്‌ ചൂണ്ടിക്കാണിക്കാനുള്ളത്‌? 2005 സപ്‌തംബറിലും 2006 മാര്‍ച്ചിലും രാജ്യന്തര ആണവോര്‍ജ സമിതിയില്‍ ഇന്ത്യ ഇറാനെതിരെ വോട്ട്‌ ചെയ്‌തതില്‍ നിന്ന്‌ നിസംശയം വായിച്ചെടുക്കാവുന്ന വസ്‌തുത, പ്രതിരോധ സഹകരണ കരാറിലൂടെ ഇന്ത്യ വിദേശനയത്തിലും അമേരിക്കയുടെ വാലായിക്കഴിഞ്ഞിരിക്കുന്നെന്ന്‌ തന്നെയാണ്‌.2005ല്‍ അമേരിക്ക തനിച്ചും 2007ല്‍ സഖ്യകക്ഷികളായ ജപ്പാനും ആസ്‌ത്രേലിയയും ഒന്നിച്ചും ഇന്ത്യയില്‍ സംയുക്ത നാവികാഭ്യാസം നടത്തിയത്‌ പ്രതിരോധ സഹകരണത്തിന്റെ ദിശ കൃത്യമായി അനാവരണം ചെയ്‌തു. ബഹുരാഷ്‌ട്ര നാവിക അഭ്യാസത്തിന്റെ ലക്ഷ്യം `ഏഷ്യന്‍നാറ്റോ' രൂപീകരിക്കുകയാണെന്ന്‌ ഭരണംകൂടം തന്നെ സമ്മതിച്ചതാണല്ലോ.ഈ രാഷ്‌ട്രീയ പശ്ചാത്തലത്തില്‍ നിന്ന്‌ വേര്‍പ്പെടുത്തി ആണവക്കരാര്‍ ചര്‍ച്ച ചെയ്യുന്നത്‌ അന്ധന്‍ ആനയെ വര്‍ണിച്ചതുപോലെയായിരിക്കും. 2006 ഡിസംബറിലാണ്‌, അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ആണവ ബന്ധങ്ങളെക്കുറിച്ചുള്ള ആധികാരിക പ്രമാണമായ ഹൈഡ്‌ ആക്‌ട്‌ അമേരിക്ക അംഗീകരിച്ചത്‌.

അതിന്റെ ചുവട്‌ പിടിച്ചാണ്‌ 2007 ജൂലായ്‌ 25ന്‌ 1 2 3 കരാറിന്‌ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കിയത്‌. ഈ കരാറില്‍ ഏറ്റവും നിര്‍ണായകമായ ഘടകം ഇന്ത്യന്‍ വിദേശനയം അമേരിക്കക്ക്‌ തീറെഴുതുന്നുവെന്നതാണ്‌. ആണവ സ്വാശ്രയത്വവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആ കേന്ദ്ര ബിന്ദുവിലാണ്‌ ചുറ്റിത്തിരിയുന്നത്‌. ഇന്ത്യയെ ഉടലോടെ സ്വര്‍ഗത്തിലേക്ക്‌ എടുത്തുകൊണ്ടുപോകുന്ന വ്യവസ്ഥകളാണ്‌ ആണവക്കരാറിലെന്ന്‌ തോന്നും ചിലരുടെ ന്യായീകരണങ്ങള്‍ കേട്ടാല്‍. ഈ ന്യായീകരണം, ``വന്‍ശക്തികളുടെ കൂടെ നിങ്ങളെയും കൂട്ടാം'' എന്ന യാങ്കി ചെന്നായയുടെ വാഗ്‌ദാനത്തില്‍ മനംമയങ്ങിയുള്ളതാണെന്നതില്‍ സംശയമില്ല. ലോകത്ത്‌ വിനാശം വിതക്കുന്ന കൊടൂരതയുടെ ആധിപത്യചേരിയില്‍ കയറിപ്പറ്റാനുള്ള ആവേശം നമുക്ക്‌ വേണോ എന്നാണ്‌ ആലോചിക്കേണ്ടത്‌.

ഇനി ഇപ്പറയുന്നമാതിരി, ഇന്ത്യയ്‌ക്ക്‌ വമ്പിച്ച നേട്ടങ്ങള്‍ ഉണ്ടാക്കിത്തരുന്നതാണ്‌ ആണവക്കരാറെങ്കില്‍ അത്‌ പാത്തും പതുങ്ങിയും ഒപ്പിടേണ്ട കാര്യമെന്താണ്‌? കരാറിനെക്കുറിച്ച്‌ ചര്‍ച്ച തുടങ്ങിയത്‌ മുതല്‍ മന്‍മോഹന്റെ പെരുമാറ്റത്തില്‍ ഒരു കിണ്ണംകട്ടവന്റെ ഭാവമുണ്ട്‌. കരാറിലെ വ്യവസ്ഥകള്‍ പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാന്‍ ഭയം, ജനങ്ങള്‍ക്ക്‌ മുമ്പില്‍ പറയാന്‍ പേടി. രാജ്യപുരോഗതിയുടെ പാതയില്‍ മഹത്തായ ഒരു കാല്‍വെപ്പായിത്തീരുന്ന തങ്കപ്പട്ട ഒരു കരാറിനെക്കുറിച്ച്‌ നാട്ടുകാരെ പറഞ്ഞ്‌ മനസ്സിലാക്കാന്‍ കേംബ്രിഡ്‌ജില്‍ പഠിച്ചുപാസ്സായ പ്രധാനമന്ത്രിക്ക്‌ സാധിക്കാതെ പോവുന്നതില്‍ ഒരു അനൗചിത്യവുമില്ലേ?


മുജീബു‌‌‌‌ര്‍റഹ് മാന്‍ കിനാലൂര്‍ വര്‍ത്തമാനം ദിനപത്രത്തിന്റെ അസോസിയേറ്റ്‌ എഡിറ്ററാണ്‌. http://www.mujeebkinalur.blogspot.com/

5 പിന്മൊഴികള്‍:

Countercurrents said...

ഇന്ത്യയ്‌ക്ക്‌ വമ്പിച്ച നേട്ടങ്ങള്‍ ഉണ്ടാക്കിത്തരുന്നതാണ്‌ ആണവക്കരാറെങ്കില്‍ അത്‌ പാത്തും പതുങ്ങിയും ഒപ്പിടേണ്ട കാര്യമെന്താണ്‌? കരാറിനെക്കുറിച്ച്‌ ചര്‍ച്ച തുടങ്ങിയത്‌ മുതല്‍ മന്‍മോഹന്റെ പെരുമാറ്റത്തില്‍ ഒരു കിണ്ണംകട്ടവന്റെ ഭാവമുണ്ട്‌. കരാറിലെ വ്യവസ്ഥകള്‍ പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാന്‍ ഭയം, ജനങ്ങള്‍ക്ക്‌ മുമ്പില്‍ പറയാന്‍ പേടി. രാജ്യപുരോഗതിയുടെ പാതയില്‍ മഹത്തായ ഒരു കാല്‍വെപ്പായിത്തീരുന്ന തങ്കപ്പട്ട ഒരു കരാറിനെക്കുറിച്ച്‌ നാട്ടുകാരെ പറഞ്ഞ്‌ മനസ്സിലാക്കാന്‍ കേംബ്രിഡ്‌ജില്‍ പഠിച്ചുപാസ്സായ പ്രധാനമന്ത്രിക്ക്‌ സാധിക്കാതെ പോവുന്നതില്‍ ഒരു അനൗചിത്യവുമില്ലേ?

മൂര്‍ത്തി said...

നന്ദി ഈ ലേഖനത്തിന്. എങ്കിലും ഒരു ചെറിയ വിയോജനം രേഖപ്പെടുത്തട്ടെ.

“ഇന്ത്യയുടെ പരമ്പരാഗത ഊര്‍ജ സ്രോതസ്സുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ സമീപ ദശകങ്ങളിലൊന്നും ആണവോര്‍ജം അനിവാര്യ ഘടകമാകുന്നില്ലെന്ന മറുവാദമുയര്‍ത്തി അതിനെ പ്രതിരോധിക്കാന്‍ ഇടതുകക്ഷികളും ശ്രമിച്ചുവരികയാണ്‌. വാസ്‌തവത്തില്‍ ഇവിടെ സംഭവിക്കുന്നത്‌ ആണവക്കരാറിനെ വെറുമൊരു ഇന്ധനക്കരാറായി ബോധപൂര്‍വം ചുരുക്കുന്നുവെന്നതാണ്‌.“

ഇടത് പക്ഷവും ഇതിനെ ഇന്ധനക്കരാറായി ചുരുക്കുന്നു എന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. രാജ്യത്തിന്റെ പരമാധികാരത്തെയും, സ്വതന്ത്രവിദേശനയത്തെയും, ആണവ പദ്ധതികളെയുമൊക്കെ പ്രതികൂലമായി ബാധിക്കുന്ന ഒരു തന്ത്രപരമായ സഖ്യത്തിനാണ് ഈ കരാറുകളിലൂടെയും മറ്റു അനുബന്ധപരിപാടികളിലൂടെയും സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നത് ഇടത് പക്ഷം തീര്‍ത്തും പേര്‍ത്തും വ്യക്തമാക്കിയിട്ടുള്ളതാണ്. ഇടത്പക്ഷത്തിന്റെ ഇടപെടലാണ് ഇതിനെക്കുറിച്ചുള്ള ഇത്രയും അധികം സംവാദങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുള്ളത്. ഊര്‍ജ്ജത്തെക്കുറിച്ച് ഇടതുപക്ഷം പറഞ്ഞിട്ടുള്ളതൊക്കെ, അതിനെക്കുറിച്ച് സര്‍ക്കാരും സര്‍ക്കാര്‍ അനുകൂല വിദഗ്ദരും മാധ്യമങ്ങളും ഉയര്‍ത്തിയിട്ടുള്ള തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങള്‍ക്ക് കൃത്യമായ മറുപടി എന്ന നിലക്കാണ്. ഊര്‍ജ്ജമല്ല പ്രധാനം എന്ന് വ്യക്തമായും അവര്‍ക്കറിവുള്ള കാര്യവുമാണ്.

ഈ ലേഖനത്തില്‍ പറയാത്ത ചില കാര്യങ്ങളെക്കൂടി ഈ തന്ത്രപരമായ സഖ്യം ബാധിക്കും എന്നത് ഇടത് പക്ഷം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൃഷി, ബാങ്കിങ്ങ് അങ്ങിനെ പല മേഖലകളെയും.

Ramachandran said...

നല്ല പോസ്റ്റ്..അഭിവാദ്യങ്ങള്‍

ഇതൊന്നു വായിച്ചാല്‍ ഇടതു പക്ഷം വെറും ഊര്‍ജജ ഇടപാടായി അല്ല ഈ കരാറിനെക്കാണുന്നത് എന്നത് പകല്‍ പോലെ വ്യക്തമല്ലേ?
http://www.pragoti.org/ml/taxonomy/term/9

വസ്തുതകള്‍ വസ്തുതകളായി കാണുന്നതല്ലേ അതിന്റെ ഒരു ശരി

നരിക്കുന്നൻ said...

ആണവ കരാറിനെ കുറിച്ച് നല്ലൊരു വിവരണം തന്നതിന് നന്ദി.

നചികേതസ്സ് said...

)-