Sunday, June 8, 2008

പ്രശാന്ത് റാഹി എന്റെ അച്ഛന്‍

ആദിവാസികളുടെയും മറ്റു മര്‍ദിത സമൂഹങ്ങളുടെയും വേദന പുറം ലോകത്തെത്തിക്കാന്‍ ഉഴിഞ്ഞു വെച്ച ജീവിതമാണ് പ്രശാന്ത് റാഹി എന്ന പത്രപ്രവര്‍ത്തകന്റെത്. പക്ഷെ, വേദനിക്കുന്നവരോട് ഐക്യപ്പെടുന്നതു പോലും കുറ്റമെന്ന് വിധിക്കുന്ന നമ്മുടെ ഭരണകൂടം ഡോ. ബിനായക് സെന്നിനെ ചെയ്തതുപോലെ മാവോയിസ്റ്റ് ഭീകരന്‍ എന്ന് മുദ്രകുത്തി അദ്ദേഹത്തെയും കാരിരുമ്പഴിക്കുള്ളിലാക്കി. പ്രശാന്ത് റാഹിയുടെ അന്യായ അറസ്റ്റിനെക്കുറിച്ച് ചലചിത്രപ്രവര്‍ത്തകയായ മകള്‍ ശിഖാറാഹി എഴുതിയ കത്ത് കൌണ്ടര്‍ കറന്റ്സ് പ്രസിദ്ധീകരിച്ചിരുന്നു അതിന്റെ പരിഭാഷ ചുവടെ

പ്രശാന്ത് റാഹി എന്റെ അച്ഛന്‍

അഭ്യന്തര സുരക്ഷ സംബന്ധിച്ച മുഖ്യമന്ത്രി തല യോഗം നടക്കും വരെ ഉത്തരാഖണ്ഡിലെ നക്സലൈറ്റ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പത്രങ്ങളില്‍ വാര്‍ത്ത കണ്ടതായി ഞാനോര്‍ക്കുന്നില്ല. കഴിഞ്ഞ ഡിസംബര്‍ 20ന് നടന്ന ആ യോഗത്തില്‍ പ്രസംഗിക്കവെ ഇടതു പക്ഷ തീവ്രവാദം രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളിയാണെന്നും ആ വൈറസിനെ ഇല്ലായ്മ ചെയ്യാതെ നമുക്ക് സമാധാനമില്ലെന്നും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പ്രഖ്യാപിക്കുകയുണ്ടായി. സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് നക്സലുകളുടെ സ്വാധീനം ഇല്ലാതാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് അതിനാവശ്യമായ പിന്തുണ കേന്ദ്രം നല്‍കുമെന്നും ഡോ. സിംഗ് ഉറപ്പു നല്‍കി. ചെമ്പട ഭീഷണി ഉയര്‍ത്തുന്ന സംസ്ഥാനങ്ങളില്‍ ഉത്തരാഖണ്ഡും ഉള്‍പ്പെടുന്നു എന്ന് ഈ സമ്മേളനം എന്നെ ബോധ്യപ്പെടുത്തി. മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന ആയുധധാരികളുടെ സാന്നിധ്യം കുമാഉന്‍ മേഖലയിലുള്ളതായി മുഖ്യമന്ത്രി ബി.സി ഖണ്ഡൂരി പ്രസ്താവിക്കുകയും ചെയ്തു. അതിര്‍ത്തിയിലാകയാല്‍ നേപ്പാളില്‍ നിന്ന് നുഴഞ്ഞുകയറുന്ന മാവോയിസ്റ്റുകളില്‍ നിന്നാണ് സംസ്ഥാനം ഏറെ ഭീഷണി നേരിടുന്നത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഈ ഭീകരന്‍മാരില്‍ നിന്ന് രക്ഷ നേടുന്നതിന് 208 കോടി അനുവദിക്കണമെന്ന് ഖണ്ഡൂരി കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.

ഖണ്ഡൂരി പറഞ്ഞതുമായി സാദൃശ്യമുള്ള ഒരു റിപ്പോര്‍ട്ട് പിറ്റേ നാളിലെ (21 ഡിസംബര്‍ 2007) അമര്‍ ഉജാല പത്രത്തില്‍ വന്നു. മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന ഒരു ഡസനോളം ആയുധധാരികളെ കുമാഉന്‍ മേഖലയിലെ ഹന്‍സ്പൂര്‍ ഖാട്ട, സേനാപാനി, ചോര്‍ഘാലിയ വനപ്രദേശങ്ങളില്‍ കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. അതിനു പിന്നാലെ സി.പി.ഐ (മാവോയിസ്റ്റ്) സോണല്‍ കമാന്റര്‍ പ്രശാന്ത് റാഹിയെ ഹന്‍സ്പൂര്‍ ഖാട്ട വനമേഖലയില്‍ നിന്ന് പിടികൂടിയതായി നൈനിറ്റാളിലെ പ്രാദേശിക പത്രങ്ങളില്‍ വാര്‍ത്തവന്നു. അഭ്യന്തര സുരക്ഷക്ക് ഫണ്ട് അനുവദിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച വാര്‍ത്തകളും വന്നു. പത്ര റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിസംബര്‍ 22ന് അഞ്ച് പേര്‍ക്കൊപ്പം ഒരു പുഴയോരത്തിരിക്കവെയാണ് പ്രശാന്ത് റാഹി അറസ്റ്റ് ചെയ്യപ്പെടുന്നത്. കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടെത്രേ. എന്തു തന്നെയായാലും ഇതു പോലൊരു നേട്ടത്തിന് സംസ്ഥാന ഭരണകൂടത്തെയും പോലീസിനെയും സമ്മതിക്കണം.

അവിശ്വസനീയം,എന്തുപെട്ടെന്നാണ് എല്ലാം മറനീക്കി വന്നത്. ഉത്തരാഖണ്ഡില്‍ മാവോയിസ്റ്റുകളെ കണ്ടെത്തി രണ്ടു നാള്‍ക്കുള്ളിലാണ് അവരുടെ സോണല്‍ കമാന്റര്‍ അകത്തായത്.! അതും അഭ്യന്തര സുരക്ഷാ സമ്മേളനം നടന്നതിന് തൊട്ടുചേര്‍ന്ന ദിവസം!! പക്ഷെ, ഡിസംബര്‍ 25ന് ഉദ്ദം സിംഗ് നഗര്‍ ജില്ലയിലെ നാനക് മട്ട പോലീസ് സ്റ്റേഷനില്‍ വെച്ച് കണ്ടപ്പോള്‍ അഛ്ചന്‍ പറഞ്ഞ യാഥാര്‍ഥ്യം പത്രങ്ങളില്‍ വന്നതില്‍ നിന്ന് തികച്ചും വിഭിന്നമായിരുന്നു.

മഹാരാഷ്ട്രക്കാരനായ അഛന്‍ ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയില്‍ നിന്ന് എം.ടെക് എടുത്ത ശേഷം പത്രപ്രവര്‍ത്തനത്തിലേക്ക് തിരിയുകയായിരുന്നു. ദ് സ്റ്റേറ്റ്മാന്‍ പത്രത്തിന്റെ ദല്‍ഹി ലേഖകകനായിരുന്ന അദ്ദേഹം വര്‍ഷങ്ങളായി ഉത്തരാഖണ്ഡില്‍ അറിയപ്പെടുന്ന സാംസ്കാരിക മാധ്യമ പ്രവര്‍ത്തകനാണ്. അദ്ദേഹത്തെ സന്ദര്‍ശിക്കുമ്പോള്‍ കരയരുത് എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു. വിഷമിക്കരുത്, എല്ലാം നേരെയാവും എന്നു പറഞ്ഞ് ഞാനഛ്ചനെ കെട്ടിപ്പിടിച്ചു. കണ്‍കളില്‍ ക്ഷീണം കാണാമായിരുന്നെങ്കിലും അഛ്ചന്‍ എന്നെ നോക്കി നീട്ടി ചിരിച്ചു. പിന്നീട് അറസ്റ്റിനെക്കുറിച്ച് അദ്ദേഹം വിശദമായി പറഞ്ഞു.

"ഡിസംബര്‍ 17ന് രാവിലെ ഒമ്പതു മണിയോടെ ഡെറാഡൂണിലെ കൂട്ടുകാരന്റെ വീട്ടിലേക്ക് പോകുമ്പോള്‍ പൊടുന്നനെ നാലഞ്ചു പേരടങ്ങുന്ന സംഘമെത്തി എന്നെ അക്രമിക്കുകയായിരുന്നു അവരാരും യൂണിഫോമിലായിരുന്നില്ല. അവരെന്നെ ഒരു കാറിലേക്ക് കയറ്റി കണ്ണുകെട്ടി. പോകും വഴിയിലെല്ലാം മര്‍ദ്ദിച്ചു കൊണ്ടിരുന്നു.ഏതാണ്ട് ഒന്നര മണിക്കൂറിനു ശേഷം അവരെന്നെ ഒരു കാട്ടില്‍ തള്ളിയിട്ടു. പിന്നെയും മര്‍ദനം തുടര്‍ന്നു. പിറ്റേന്ന് വൈകീട്ട് അവരെന്നെ പി.എ.സി യുടെ കോണ്‍ഫറന്‍സ് നടന്നിരുന്ന ഹരിദ്വാറിലേക്ക് കൊണ്ടുപോയി. അവിടെവെച്ചും പീഡനം തുടര്‍ന്നു. ഗുഹ്യഭാഗങ്ങളടക്കം ശരീരം മുഴുവന്‍ അവര്‍ ക്രൂരമായി മര്‍ദിച്ചു. ഗുദത്തില്‍ മണ്ണെണ്ണ പമ്പു ചെയ്തു കയറ്റുമെന്നും ഹിമക്കട്ടയില്‍ കെട്ടിയിടുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണി മുഴക്കി"എന്തിനേറെ മുംബൈയില്‍ നിന്ന് എന്നെ കൊണ്ടുവന്ന് അവരുടെ മുന്നില്‍ വെച്ച് അഛ്ചനെക്കൊണ്ട് ബലാല്‍സംഗം ചെയ്യിക്കും എന്നുപോലും ഭീഷണി മുഴക്കി പോലീസുകാര്‍. ഇരുപതാം തിയതി അച്ഛനെ നാനക് മട്ട പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. മര്‍ദനങ്ങളും ചോദ്യംചെയ്യലും മൂലം അദ്ദേഹം തികച്ചും അവശനായിരുന്നു. അദ്ദേഹത്തിന്റെ നില അല്‍പമൊന്ന് ഭേദമായപ്പോള്‍ 22ന് കള്ളക്കഥകള്‍ ചമച്ച് അറസ്റ്റ് രേഖപ്പെടുത്തി. പീഡിപ്പിച്ച ഉദ്യോഗസ്ഥര്‍ അവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ലെന്നും അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം പിന്നെ അവരെ കണ്ടതില്ലെന്നും അഛ്ചന്‍ പറഞ്ഞു.

ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. അറസ്റ്റിന്റെ 24 മണിക്കുറിനകം പ്രശാന്ത് റാഹിയെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജറാക്കിയിരുന്നില്ല. അറസ്റ്റിനു ശേഷം അഭിഭാഷകനുമായോ ബന്ധുകളുമായോ ബന്ധപ്പെടാനും അവസരം നല്‍കിയില്ല. അഞ്ചു നാള്‍ അന്യായ തടങ്കലില്‍ വെച്ച് ശാരീരികവും മാനസികവുമായി പീഡിപ്പിച്ച ശേഷം കള്ളക്കഥകള്‍ പടച്ചുണ്ടാക്കി 120 ബി, 121, 121എ, 124എ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തുകയാണുണ്ടായത്. ഏതൊരു പൌരനും അവരുടെ രാഷ്ട്രീയ ആദര്‍ശമെന്താണെങ്കിലും ചുമത്തപ്പെട്ട കുറ്റം എന്തു തന്നെയായാലും ലഭിച്ചിരിക്കേണ്ട പരിരക്ഷകളെല്ലാം ഈ കേസില്‍ നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുന്നു. പ്രശാന്ത് റാഹിയെപ്പോലെ വിദ്യാസമ്പന്നനും മികച്ച ബന്ധങ്ങളുമുള്ള ഒരാളുടെ ഗതി ഇതാണെങ്കില്‍ ഈ നാട്ടിലെ സാധാരണക്കാര്‍ക്ക് പോലീസില്‍ നിന്ന് ലഭിക്കുന്നത് ഏതു തരം പ്രതികരണമായിരിക്കും എന്ന് ആലോചിക്കാന്‍ പോലും ഞാന്‍ ഭയക്കുന്നു.

(അമീര്‍ഖാന്‍ ചിത്രമായ താരേ സമീന്‍ പറിന്റെ പിന്നണിക്കാരില്‍ പ്രമുഖയാണ് ശിഖ)

പരിഭാഷ അയച്ചു തന്നത് സുഹറ കെ. മുഹമ്മദ്

2 പിന്മൊഴികള്‍:

Countercurrents said...

ആദിവാസികളുടെയും മറ്റു മര്‍ദിത സമൂഹങ്ങളുടെയും വേദന പുറം ലോകത്തെത്തിക്കാന്‍ ഉഴിഞ്ഞു വെച്ച ജീവിതമാണ് പ്രശാന്ത് റാഹി എന്ന പത്രപ്രവര്‍ത്തകന്റെത്. പക്ഷെ, വേദനിക്കുന്നവരോട് ഐക്യപ്പെടുന്നതു പോലും കുറ്റമെന്ന് വിധിക്കുന്ന നമ്മുടെ ഭരണകൂടം ഡോ. ബിനായക് സെന്നിനെ ചെയ്തതുപോലെ മാവോയിസ്റ്റ് ഭീകരന്‍ എന്ന് മുദ്രകുത്തി അദ്ദേഹത്തെയും കാരിരുമ്പഴിക്കുള്ളിലാക്കി. പ്രശാന്ത് റാഹിയുടെ അന്യായ അറസ്റ്റിനെക്കുറിച്ച് ചലചിത്രപ്രവര്‍ത്തകയായ മകള്‍ ശിഖാറാഹി എഴുതിയ കത്ത് കൌണ്ടര്‍ കറന്റ്സ് പ്രസിദ്ധീകരിച്ചിരുന്നു അതിന്റെ പരിഭാഷ

ഫസല്‍ said...

ഏതു പത്രത്തിലായിരുന്നു ഞാന്‍ ഇത് ഇന്നലെ വായിച്ചെതെന്നോര്‍മ്മയില്ല, മാധ്യമം ഡൈലിയിലാണെന്ന് തോന്നുന്നു. വായിച്ചതാണെങ്കിലും ഞാന്‍ ഒന്നു കൂടി വായിച്ചു...ആശംസകള്‍..